മയോണൈസിന് നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട്. മയോണൈസ് ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസിനാണ് ഒരു വര്‍ഷത്തേക്ക് വിലക്ക്. മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കുമെന്ന കണ്ടെത്തലിന് പിന്നാലെ പൊതുജന ആരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനം.
സാന്ഡ്വിച്ചുകള്, മോമോസ്, ഷവര്‍മ, അല്‍ഫാം ചിക്കന്‍ തുടങ്ങി നിരവധി ഭക്ഷണങ്ങള്‍ക്കൊപ്പം മയോണൈസ് നല്‍കി വന്നിരുന്നു. മുട്ടയും എണ്ണയും വിനാഗിരിയിലോ നാരങ്ങയിലോ ചേര്‍ത്താണ് മയോണൈസ് തയ്യാറാക്കുന്നത്. ഇതിൽ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
കേരളത്തിലും തെലങ്കാനയിലും പച്ചമുട്ട ഉപയോഗിച്ച് തയാറാക്കുന്ന മയോണൈസിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2023ല്‍ പുറത്തിറക്കിയ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം അനുസരിച്ച് കേരളത്തില്‍ വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കണം.