chicken-food-ai

TOPICS COVERED

പലരുടേയും ഇഷ്ട ഭക്ഷണമാണ് ചിക്കന്‍. ‘റെഡ് മീറ്റു’മായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യകരമായ പ്രോട്ടീന്‍റെ ഉറവിടമായാണ് ചിക്കനെ കരുതുന്നത്. മാത്രമല്ല രുചിയും താങ്ങാനാകുന്ന വിലയും കോഴിയിറച്ചിയെ തീന്‍മേശയിലെ സ്ഥിരം വിഭവമാക്കുന്നു. ഇതില്‍ കുട്ടികളിൽ തലച്ചോറിന്‍റെ വികാസത്തെയും നാഡീവ്യവസ്ഥയെയും സഹായിക്കുന്ന വിറ്റാമിൻ ബി 12 ഉം കോളിനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി പുറത്തുവന്ന ഒരു പഠനമാണിപ്പോള്‍ കോഴിയിറച്ചി കഴിക്കുന്നവരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. ന്യൂട്രിയന്‍റ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചില ആരോഗ്യ ആശങ്കകളാണ് പങ്കുവയ്ക്കുന്നത്.

കോഴിയിറച്ചിയുടെ സ്ഥിരമായുള്ള ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന തരത്തിലുള്ള പഠനങ്ങള്‍ പൊതുവേ കുറവാണ്. അതേസമയം, കോഴിയിറച്ചിയുടെ ഗുണങ്ങളെ എടുത്തു കാട്ടിയുള്ള പഠനങ്ങള്‍ ഉണ്ട് താനും. ഇതിനിടെയാണ് പൊതുവേ ‘വൈറ്റ് മീറ്റ്’ എന്നറിയപ്പെടുന്ന ഇറച്ചികളുടെ സ്ഥിരമായ ഉപയോഗവും അകാല മരണ സാധ്യതയും കാന്‍സറും ബന്ധിപ്പിച്ച് പഠനങ്ങള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുത്ത 4,000 ഓളം പേരുടെ 19 വര്‍ഷത്തെ ആരോഗ്യ സ്ഥിതിയുടെ വിശകലനമാണ് പഠനത്തിലൂടെ നടത്തിയത്. മാംസം കഴിക്കുന്നരീതി, അളവ് എന്നിവയെല്ലാം പഠനവിഷയമായി. മാംസ ഉപഭോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നതായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം.

പഠനത്തില്‍ ആഴ്ചയിൽ ഏറ്റവും കൂടുതൽ മാംസം കഴിക്കുന്നവരില്‍ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറുമായി ബന്ധപ്പെട്ട സങ്കീർണതകൾ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്ന വ്യക്തികളിൽ. അതേസമയം 100 ഗ്രാമിൽ താഴെ കോഴിയിറച്ചി കഴിക്കുന്നവരില്‍ ഇത്തരം സങ്കീര്‍ണതകള്‍ കുറവാണെന്നും പഠനം പറയുന്നു. ആഴ്ചയിൽ 100 ഗ്രാമിൽ താഴെ കോഴിയിറച്ചി കഴിക്കുന്നവരെ അപേക്ഷിച്ച് 300 ഗ്രാമിൽ കൂടുതൽ കോഴി കഴിക്കുന്ന വ്യക്തികളിൽ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസര്‍ അടക്കമുള്ള സങ്കീര്‍ണതകള്‍ കാരണം മരണ സാധ്യത 27% കൂടുതലാണെന്നും പഠനമുണ്ട്. ‘റെഡ് മീറ്റ്’ കഴിക്കുന്നവരിലെ അത്രത്തോളം സങ്കീര്‍ണതകള്‍ ഇത്തരത്തിലുള്ളവരി‍ല്‍ കാണപ്പെടാം.

പഠനത്തിലെ കണ്ടെത്തലുകൾ ആശങ്കാജനകമാണെങ്കിലും പഠനത്തിന് പരിമിതിളുമുണ്ട്. പഠനത്തില്‍ സംസ്കരിച്ച കോഴിയിറച്ചി ഉപഭോഗത്തെക്കുറിച്ചോ തയ്യാറാക്കൽ രീതികളെക്കുറിച്ചോ വിവരങ്ങളില്ല. ഗ്രിൽഡ് ചിക്കൻ തിരഞ്ഞെടുക്കുന്നവരുടെയും ഫാസ്റ്റ് ഫുഡ് ചിക്കൻ കഴിക്കുന്നവരുടെയും ആരോഗ്യ ഫലങ്ങളെക്കുറിച്ചും പഠനം പ്രതിപാദിക്കുന്നില്ല. ഇവരിലെ ശാരീരിക അധ്വാനം എത്രത്തോളമാണെന്നും പഠനം പറഞ്ഞിട്ടില്ല. അതേസമയം പതിവായി കോഴിയിറച്ചി കഴിക്കുന്നയാളാണെങ്കില്‍ ശ്രദ്ധ നല്‍കുന്നത് നന്നായിരിക്കുമെന്ന് പഠനം എടുത്തുകാട്ടുനന്നുണ്ട്. അതിനാല്‍ തന്നെ കോഴിയിറച്ചി പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ല. എത്രമാത്രം കഴിക്കുന്നുവെന്ന് മനസ്സിലാക്കുക, സന്തുലിതമായി ഭക്ഷണം കഴിക്കുക. 

ENGLISH SUMMARY:

A new study has linked high chicken consumption to increased risks of gastrointestinal cancer and premature death. Find out the study's findings and health tips on chicken intake.