മനുഷ്യശരീരത്തിന് അത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍ എന്നാല്‍ ഇതിനെ പറ്റിയുള്ള വിവരങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണ്. പരമ്പരാഗത വിശ്വാസങ്ങളും ആധുനിക ഭക്ഷണക്രമങ്ങളും പ്രോട്ടീൻ സ്രോതസ്സുകളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍.
സസ്യാഹാരികൾക്ക് ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് ഒരു പൊതു വിശ്വാസം. എന്നാല്‍ ഈ വിശ്വാസം പൂര്‍ണമായും തെറ്റാണ്. കാരണം സസ്യാഹാര ഭക്ഷണങ്ങളിൽ സ്വാഭാവികമായും പയർ, കടല, പനീർ, നട്‌സ് തുടങ്ങിയ വൈവിധ്യമാർന്ന പ്രോട്ടീൻ സമ്പുഷ്ടമായ സസ്യാഹാരങ്ങൾ ഉൾപ്പെടുന്നുണ്ട്. മാത്രമല്ല, സോയ ചങ്ക്‌സ് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ 52 ശതമാനത്തിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല വ്യത്യസ്ത സസ്യാഹാരങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെയും പൂർണ്ണമായ പ്രോട്ടീനുകൾ ലഭിക്കും. ഉദാഹരണത്തിന്, അരിയും പയറും ചേർത്ത് കഴിക്കുകയോ ചപ്പാത്തിയും പരിപ്പും ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് അവശ്യമായ അമിനോ ആസിഡുകൾ നൽകുന്നു. അതായത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ സസ്യാഹാരികളിലും ആവശ്യമുള്ള പ്രോട്ടീന്‍ ലഭിക്കും.
പ്രോട്ടീന്‍ മസില്‍ ബില്‍ഡിങ്ങിന് മാത്രമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങിനെയല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്തുക, ആരോഗ്യമുള്ള ചർമ്മം, മുടി, നഖങ്ങൾ എന്നിവയുടെയെല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ സഹായകമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ അത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍. മുട്ട, മാംസം, മത്സ്യം എന്നിവ മാത്രല്ല പ്രോട്ടീനിന്റെ ഉറവിടങ്ങള്‍.
എന്നാല്‍ കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നത് കൂടുതല്‍ മസില്‍ ബില്‍ഡിങ്ങിന് സഹായിക്കില്ല. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരവും പതിവ് വ്യായാമവും അതിന് അത്യാവശ്യമാണ്.