കര്‍ണാടകയില്‍ 52 ഹോട്ടലുകൾ ഇഡ്ഢലി തയ്യാറാക്കാൻ പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.പോളിത്തീൻ ഉപയോഗം കാൻസറിന് കാരണമാവുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. നേരത്തെ ഇഡ്ഢലി ആവിയിൽ വേവിക്കാൻ പരുത്തി വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ ചില ഹോട്ടലുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും റാവു പറഞ്ഞു. പരിശോധന നടത്തിയ 251 ഹോട്ടലുകളില്‍ 52 ഇടത്തും ഇത്തരത്തില്‍ പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘകർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണം തയ്യാറാക്കുന്നതിനായുള്ള പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി തടയുമെന്നും റാവു ഉറപ്പുനല്‍കി. ആരെങ്കിലും ഈ ശീലം തുടരുന്നുണ്ടെങ്കില്‍, പൊതുജനങ്ങൾ അത് അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഹോട്ടലുകളിലും റസ്‌റ്റോറൻ്റുകളിലും ഇഡ്ഢലി തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട് രണ്ട് ദിവത്തിനകം നിരോധനം സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.