Screengrab from: youtube.com/@WhatIveLearned
മുട്ട പ്രോട്ടീന്‍റെയും വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ദിവസം 30 മുട്ടവച്ച് അകത്താക്കിയാലോ? സ്റ്റീറോയ്ഡുകളുടെ ഗുണം ചെയ്യുമെന്നാണ് ടോക്കിയോയില്‍ നിന്നുള്ള ഫിറ്റ്നസ് ഫ്രീക്കായ ജോസഫ് എവര്‍ട്ട് പറയുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ദിവസം 30 കോഴിമുട്ടകള്‍ വച്ച് താന്‍ കഴിച്ചുവെന്നും ശരീരത്തിലെ പേശീബലം വര്‍ധിപ്പിക്കുന്നതിനും കരുത്ത് കൂട്ടുന്നതിനുമാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യൂട്യൂബര്‍ കൂടിയായ ജോസഫ് പറയുന്നത്. ഓംലറ്റ്, എഗ് സ്മൂത്തികള്‍, പച്ചമുട്ട, മുട്ടച്ചോറ് എന്നിവ മാത്രമായിരുന്നു ജോസഫിന്‍റെ ഒരുമാസത്തെ ഭക്ഷണം. ദിവസവും 30 മുട്ടകള്‍ അകത്താക്കുന്നതിനൊപ്പം ഭാരോദ്വഹനമടക്കമുള്ള വ്യായാമം താന്‍ ചെയ്തുവെന്നും 6 കിലോ ശരീരഭാരം വര്‍ധിച്ചുവെന്നും ജോസഫ് പറയുന്നു.
മുട്ട കഴിച്ചതോടെ 20 കിലോയായി തന്‍റെ ലിഫ്റ്റിങ് കപാസിറ്റി വര്‍ധിച്ചുവെന്നും രക്ത പരിശോധനനയുടെ ഫലം ഞെട്ടിച്ചുവെന്നും യുവാവ് പറയുന്നു. കൊളസ്ട്രോള്‍ കുതിച്ചുയര്‍ന്നിട്ടുണ്ടാകുമെന്ന ആശങ്കയാണ് ജോസഫിനുണ്ടായിരുന്നത്, പക്ഷേ ചീത്ത കൊളസ്ട്രോളിന്‍റെ അളവില്‍ കാര്യമായ മാറ്റമുണ്ടായില്ല. പക്ഷേ നല്ല കൊളസ്ട്രോള്‍ വര്‍ധിച്ചുവെന്നും ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന ട്രൈഗ്ലിസറൈഡിന്‍റെ അളവ് കുറഞ്ഞുവെന്നും യൂട്യൂബര്‍ പറയുന്നു.
അതേസമയം, മുട്ട പാകം ചെയ്യാതെ പച്ചയായി കഴിച്ചപ്പോള്‍ കടുത്ത ദഹനക്കേടും ബുദ്ധിമുട്ടുകളും ഉണ്ടായെന്നും ഇതോടെ പാകം ചെയ്ത് മാത്രം കഴിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരീക്ഷണം നടത്തുന്നതിന് മുന്‍പ് താന്‍ ദിവസം പരമാവധി എട്ട് മുട്ടകള്‍ വരെ കഴിക്കുമായിരുന്നുവെന്നും കടയില്‍ നിന്ന് വാങ്ങിയ കോഴിമുട്ടകള്‍ കഴിച്ചപ്പോള്‍ താരന്‍, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍,കഫക്കെട്ട് എന്നിവ ഉണ്ടായെന്നും ജോസഫ് യൂട്യൂബ് വിഡിയോയില്‍ വിവരിക്കുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ കോഴി വളര്‍ത്തുന്നയാളിന്‍റെ കയ്യില്‍ നിന്ന് വാങ്ങിക്കഴിച്ചതോടെ ഈ ബുദ്ധിമുട്ടുകള്‍ മാറി. കോഴി കഴിക്കുന്ന ഭക്ഷണമാണ് പ്രശ്നമെന്ന് ഇതില്‍ നിന്ന് തെളിഞ്ഞുവെന്നും ജോസഫ് അവകാശപ്പെട്ടു.
അതേസമയം, ജോസഫിന്റെ ഭക്ഷണരീതി കണ്ണുമടച്ച് പിന്തുടരരുത് എന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്. പരിധിയില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യം അപകടത്തിലാക്കുമെന്നാണ് ഡയറ്റീഷ്യന്‍മാരടക്കം പറയുന്നത്. മുട്ട സ്റ്റീറോയ്ഡിന്‍റെ ഫലം ചെയ്യുമെന്നത് ജോസഫിന്‍റെ മാത്രം അനുഭവമാണെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പഠന ഗവേഷണങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.