സ്ത്രീകൾ എപ്പോഴും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാതി പറയുന്നവരാണെന്ന് സ്വന്തം കുടുംബത്തിലെ പുരുഷന്മാർ പോലും പരിഹസിക്കുന്നത് പതിവാണ്. അതിനാൽ പലപ്പോഴും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയാൻ സ്ത്രീകൾ മടിക്കാറുമുണ്ട്. എന്നാൽ സ്ത്രീകളുടെ വേദനകളെ നിസ്സാരവൽക്കരിക്കുന്നവർക്ക് ചൂണ്ടിക്കാട്ടാൻ ഒരു പഠനറിപ്പോർട്ടുണ്ട്. ജീവിതത്തിലുടനീളം പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. സ്ത്രീകളുടെ വേദനകൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും പഠനം ഉയർത്തുന്നു. വേദന അനുഭവപ്പെടുമ്പോൾ ആവശ്യത്തിന് വേദനസംഹാരികൾ ലഭിക്കാനുള്ള സാധ്യത സ്ത്രീകൾക്ക് കുറവാണെന്നും പലപ്പോഴും അവരുടെ അസ്വസ്ഥതകൾ അവഗണിക്കപ്പെടാറുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

'നേച്ചർ മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 118 രാജ്യങ്ങളിലായി 61 ലക്ഷത്തിലധികം ആളുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് വിശകലനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ശാരീരിക വേദനയുടെ ആഗോള ചിത്രം തയ്യാറാക്കി. ഔദ്യോഗിക വൈദ്യപരിശോധനാ റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കാതെ, അഞ്ചു വയസ്സുമുതൽ നൂറു വയസ്സിനു മുകളിൽ പ്രായമുള്ളവർവരെ സ്വന്തം ശരീരവേദനയെക്കുറിച്ച് നൽകിയ വിവരങ്ങളും ഗവേഷകർ പരിശോധിച്ചു.

തല, മുഖം, കഴുത്ത്, പുറം, വയർ, ഇടുപ്പ്, കാൽമുട്ട് തുടങ്ങി പഠനവിധേയമാക്കിയ 11 ശരീരഭാഗങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ വേദന അനുഭവിക്കുന്നതായി സ്ത്രീകൾ റിപ്പോർട്ട് ചെയ്തു. തലവേദന, മുഖത്തെ വേദന, വയറുവേദന എന്നിവയിലാണ് ലിംഗഭേദമനുസരിച്ചുള്ള വ്യത്യാസം കൂടുതൽ പ്രകടമായത്. പുരുഷന്മാരേക്കാൾ 83 ശതമാനം അധികം സ്ത്രീകൾ മുഖത്തെ വേദനയും 74 ശതമാനം അധികം പേർ തലവേദനയും 60 ശതമാനം അധികം പേർ വയറുവേദനയും റിപ്പോർട്ട് ചെയ്തു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ

പഠനത്തിനായി  പരിശോധിച്ച 11 ശരീരഭാഗങ്ങളിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ ഉയർന്ന തോതിലുള്ള വേദനയാണ് റിപ്പോർട്ട് ചെയ്തത്. മുഖത്തെ വേദന, തലവേദന, വയറുവേദന എന്നിവയിലാണ് ഈ വ്യത്യാസം ഏറ്റവും പ്രകടമായത്. 

വേദന ഏറ്റവും കൂടുന്നത് മധ്യവയസ്സിൽ

വാർധക്യത്തിൽ വേദന സ്വാഭാവികമായും വർധിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഭൂരിഭാഗം ശരീരഭാഗങ്ങളിലെയും വേദന 55 വയസ്സിനു മുൻപ് അതിവേഗം വർധിക്കുകയും മധ്യവയസ്സിലും അതിനോടടുത്ത പ്രായത്തിലും ഉച്ചസ്ഥായിയിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുന്നതായി പഠനം കണ്ടെത്തി. എന്നാൽ ശരീരഭാഗങ്ങൾക്കനുസരിച്ച് ഇതിൽ വ്യത്യാസങ്ങളുണ്ട്.

ദരിദ്രരാജ്യങ്ങളിൽ വാർധക്യകാല വേദന കൂടുതൽ

വേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാമ്പത്തികമായി വികസിത രാജ്യങ്ങളിലാണ് കൂടുതലെന്നായിരുന്നു മുൻകാല ആഗോള കണക്കുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ പുതിയ പഠനം വ്യത്യസ്തമായ ചിത്രം മുന്നോട്ടുവയ്ക്കുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ആളുകൾ വാർധക്യത്തിന്റെ അവസാനഘട്ടത്തിൽ ഗണ്യമായ ശാരീരിക വേദന അനുഭവിക്കുന്നുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ നടുവേദനയുടെ തോത് ഏകദേശം ഇരട്ടിയാണെന്നും പഠനം വ്യക്തമാക്കുന്നു.

വേദനയുടെ കാരണങ്ങൾ ആളുകൾ ജീവിക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിൽ പുകവലി, അമിതവണ്ണം, കുറഞ്ഞ വരുമാനം തുടങ്ങിയ ഘടകങ്ങൾ വേദനയുടെ വലിയൊരു പങ്കിന്—27 ശതമാനം വരെ—കാരണമാകുന്നു. എന്നാൽ വികസ്വര രാജ്യങ്ങളിൽ കഠിനമായ ശാരീരിക അധ്വാനം, സാംക്രമിക രോഗങ്ങൾ, വൈദ്യസഹായത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ ഘടകങ്ങൾക്കാണ് വേദനയുടെ വ്യാപനത്തിൽ കൂടുതൽ പങ്കുള്ളതെന്നാണ് പഠനത്തിന്‍റെ സൂചന.

നടുവേദന വ്യാപകമായ പ്രശ്നം

ലോകമെമ്പാടും ഏറ്റവും കുറച്ചുപേരെ ബാധിക്കുന്ന വേദന മുഖത്തേതാണ്. ഏകദേശം രണ്ടു ശതമാനം ആളുകൾക്ക് മുഖത്തെ വേദന അനുഭവപ്പെടുന്നു. അതേസമയം, ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നത് നടുവേദനയാണ്. ഏകദേശം 40 ശതമാനം ആളുകൾക്ക് നടുവേദനയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങൾ പ്രായമാകുന്നത് വ്യത്യസ്ത രീതിയില്‍

വയറുവേദന ഏകദേശം 23-ാം വയസ്സിൽ ഏറ്റവും ഉയർന്ന നിലയിലെത്തുന്നു. തലവേദന ഇതിനു പിന്നാലെ, ഏകദേശം 34-ാം വയസ്സിലാണ് ഏറ്റവും കൂടുന്നത്. കഴുത്ത്, തോൾ, കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിലെ വേദന 59 മുതൽ 62 വയസ്സുവരെയുള്ള പ്രായത്തിൽ ഏറ്റവും കൂടുതലാകുകയും പിന്നീട് കുറയുകയും ചെയ്യുന്നു. എന്നാൽ ഇടുപ്പ്, കാൽമുട്ട്, പുറം തുടങ്ങിയ ശരീരഭാഗങ്ങളിലെ വേദന പ്രായം കൂടുന്നതിനനുസരിച്ച് വർധിക്കുകയും 75 വയസ്സോ അതിലധികമോ പ്രായമാകുമ്പോൾ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യുന്നു.

അമിതവണ്ണം സന്ധിവേദന വർധിപ്പിക്കുമെന്നത് പൊതുവേ അറിയാവുന്ന കാര്യമാണ്. എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ഇത് എത്രത്തോളം ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. അമിതവണ്ണം പാദങ്ങൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദനയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു. ഇടുപ്പിനെ ഇത് താരതമ്യേന കുറഞ്ഞ തോതിലാണ് ബാധിക്കുന്നത്.

ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരിലാണ് ആഗോളതലത്തിൽ വേദനയുടെ ഭാരം ഏറ്റവും വേഗത്തിൽ വർധിക്കുന്നതെന്നും ശാരീരിക വേദന നിരീക്ഷിക്കുന്നതിലും ചികിത്സിക്കുന്നതിലും ആഗോള ആരോഗ്യസംവിധാനങ്ങൾക്കുള്ള പോരായ്മകൾ പഠനം വെളിപ്പെടുത്തുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.സ്ത്രീകളുടെ വേദനകളെ നിസ്സാരവൽക്കരിക്കുന്നതിനുപകരം അവ ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

Women Experience More Physical Pain Than Men, Reveals Global Study:

Chronic pain in women is significantly higher than in men across all body parts, according to a major global study published in Nature Medicine. This comprehensive research highlights how women's physical discomfort is frequently overlooked and emphasizes the urgent need for better medical attention