കൽപറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ ചെരുപ്പിടാറില്ല. മണ്ണിൽ ചവിട്ടി നടക്കുന്നയാളായതുകൊണ്ടുതന്നെ മനുഷ്യന്റെ മനസിലെ നനവും പൊള്ളലുമറിയാം. തന്റെ വീട്ടിലെ കാലിത്തൊഴുത്തിൽ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് ആ കണ്ണെത്താൻ അധികനേരം വേണ്ടി വന്നതുമില്ല. ബിക്രം എന്ന പതിനേഴുകാരൻ്റെ കൈപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങി ചെന്നത് മമ്മൂട്ടിയിലേക്കും അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമാണ്.

'ശശീന്ദ്രൻ ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അത്രമേൽ അർഹതയുളളവർക്ക് വേണ്ടി ആയിരിക്കും'- മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളോട് പറഞ്ഞു. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിൽസ സൗജന്യമായി നടത്തിയത്. ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞദിവസം നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ടു. 

ശശീന്ദ്രന്റെ വയനാട്ടിലെ ഫാമിൽ പിതാവ് ദല്ലോ സൗദിനൊപ്പം മൂന്ന് വർഷം മുമ്പാണ് ബിക്രവും കുടുംബവും  എത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തിൽ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് സി.കെ. ശശീന്ദ്രൻ ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയുന്നത്. വോളിബോൾ നന്നായി കളിക്കുമെങ്കിലും, കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസ്സിൽ വെച്ച് ബിക്രമിന് പഠനം നിർത്തേണ്ടി വന്നു. അവന്റെയും കുടുംബത്തിന്റെയും വേദനയറിഞ്ഞ സി.കെ ശശീന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയിൽ ബിക്രമിന് 'പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്'’ എന്ന ജന്മനാലുളള ഹൃദയവൈകല്യവും, ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദ്ദവും കണ്ടെത്തി. മരുന്നുകൾ നൽകി സ്ഥിതി നിയന്ത്രിച്ചെങ്കിലും പൂർണപരിഹാരം ആയിരുന്നില്ല. ഇതിനിടെ ശ്വാസംമുട്ടൽ രൂക്ഷമായി. പിതാവ് ദല്ലോ സഹായം അഭ്യർത്ഥിച്ച് സി.കെ ശശീന്ദ്രനെ ഫോണിൽ വിളിച്ചു.

നടൻ അബു സലിം വഴി  കെയർ ആൻഡ് ഷെയറിനെക്കുറിച്ചറിഞ്ഞ ശശീന്ദ്രൻ മമ്മൂട്ടിയുമായി സംസാരിച്ചു. തുടർന്ന് മമ്മൂട്ടി ശശീന്ദ്രനുമായി സംസാരിച്ചു. ചികിൽസ പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കാൻ കെയർ ആന്റ് ഷെയർ ഭാരവാഹികളോട് മമ്മൂട്ടി നിർദേശിച്ചു. തുടർന്നാണ് രാജഗിരി ആശുപത്രിയിൽ  ബിക്രമിന്റെ ചികിൽസയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്.

ആശുപത്രിയിൽ എത്തിയ ബിക്രവും, പിതാവും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദം ശസ്ത്രക്രിയക്ക് വെല്ലുവിളി ആയിരുന്നു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരൻ കത്തീറ്റർ കടത്തിയുളള താക്കോൽദ്വാര മാർഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. സങ്കീർണമായ ചികിത്സയിൽ പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാഥൽ, പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യോളജി കൺസൾട്ടൻ്റ് ഡോ.ബിജിന ഭരതൻ കെ എന്നിവർ പങ്കാളികളായി.

കുട്ടികളിൽ ജന്മനാ ഉണ്ടാകാനിടയുള്ള 'പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്' എന്ന ഹൃദയതകരാറാണ് ഡോക്ടർമാർ വിജയകരമായി ഭേദമാക്കിയത്. ഹൃദയത്തോട് ചേർന്നുള്ള പ്രധാന രക്തക്കുഴലിലുണ്ടാകുന്ന ഈ തകരാർ മൂലം ശുദ്ധ രക്തവും അശുദ്ധ രക്തവും തമ്മിൽ കലരുകയും ശ്വാസകോശത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഇത്.  തുടർന്ന് പഠിക്കാനും, വോളിബോളിൽ ലോകമറിയാനുമുളള സ്വപ്നം വീണ്ടും കാണുകയാണ് ബിക്രം.

ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൂട്ടാൻ സി.കെ ശശീന്ദ്രനും എത്തിയിരുന്നു. മനുഷ്യർ സൃഷ്ടിക്കുന്ന എല്ലാ അതിർത്തികൾക്കും മുകളിലാണ് മനുഷ്യത്വമെന്ന് മമ്മൂട്ടി തെളിയിച്ചതായി സി.കെ.ശശീന്ദ്രൻ പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News reports on former MLA C.K. Sasindran and actor Mammootty coming together to help a 17-year-old Nepali boy named Bikram undergo a successful, free heart surgery at Rajagiri Hospital. Through the Care and Share International Foundation, the complex congenital heart defect was treated, allowing Bikram to return to his studies and volleyball dreams.