ചെറിയ മഞ്ഞിലും തണുപ്പിലും കടന്നുപോകേണ്ട ഒക്ടോബർ മാസത്തിലാണ് വേനൽക്കാലത്തേക്കാൾ കഷ്ടമായി പൊള്ളുന്ന ചൂട് നമുക്ക് അനുഭവപ്പെടുന്നത്. കേരളത്തിൽ മാത്രമല്ല, ലോകം മുഴുവനും ഈ പ്രതിഭാസത്തിലൂടെയാണ് കടന്നുപോകുന്നത്. കാരണം എൽനിനോ തന്നെ. കടുത്ത ചൂടിൽ വൈദ്യുതിക്ഷാമവും കുടിവെള്ളക്ഷാമവും മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്ന് നമുക്കറിയാം. പക്ഷേ ഏറ്റവും പുതിയതായി പുറത്തുവന്ന ഒരു പഠന റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ചില കണ്ടെത്തലുകളുള്ളത്.
കാലാവസ്ഥാ വ്യതിയാനം മൂലം വർധിച്ചുവരുന്ന കടുത്ത ചൂട് ഗർഭിണികൾക്കും നവജാതശിശുക്കൾക്കും അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നതായി രാജ്യാന്തര ചാരിറ്റബിൾ ഫൗണ്ടേഷനായ ‘വെൽക്കം’ (Wellcome) പുറത്തുവിട്ട ആഗോള റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, മാനസികാരോഗ്യം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിന് ശാസ്ത്ര ഗവേഷണങ്ങളെ പിന്തുണയ്ക്കുന്ന ഫൗണ്ടേഷനാണ് വെൽക്കം. ഗർഭധാരണവും പ്രസവവും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സങ്കീർണമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്ത്യ, യുകെ, സിംബാബ്‌വെ എന്നീ അഞ്ച് രാജ്യങ്ങളിലെ ഗർഭധാരണം, പ്രസവം, നവജാതശിശു പരിപാലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 1,000 ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് വെൽക്കം ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രധാന കണ്ടെത്തലുകൾ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൂട് മൂലം ഗർഭിണികളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലും പ്രസവസംബന്ധമായ സങ്കീർണതകളിലും വലിയ വർധനയുണ്ടായെന്നാണ് സർവേയിൽ പങ്കെടുത്ത 73 ശതമാനം ആരോഗ്യപ്രവർത്തകരും പറയുന്നത്. 98 ശതമാനം പേരും കടുത്ത ചൂട് കാരണം ആരോഗ്യം തകരാറിലായ ഗർഭിണികളെയോ അമ്മമാരെയോ പരിചരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അമ്മമാരിൽ മാത്രമല്ല, 99 ശതമാനം പേരും നവജാതശിശുക്കളിലും ഇതിന്റെ ആഘാതം കണ്ടതായി പറയുന്നു. കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ കടുത്ത ചൂട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവന് കൂടുതൽ ഭീഷണിയാകുമെന്ന് 81 ശതമാനം ആരോഗ്യവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു.
ഗർഭിണികളിലും കുഞ്ഞുങ്ങളിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
27 ശതമാനം പേരുടെ അഭിപ്രായത്തിൽ കടുത്ത ചൂടുകാരണം ഗർഭിണികൾക്ക് ആശുപത്രിയിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു. 92 ശതമാനം ആരോഗ്യപ്രവർത്തകരും അമിതചൂടിൽ നിന്ന് ഗർഭിണികളെ സംരക്ഷിക്കാൻ ആവശ്യമായ കൂടുതൽ പരിശീലനവും മാർഗനിർദേശങ്ങളും ആവശ്യപ്പെടുന്നു. പ്രാദേശികമായി തന്നെ നടപ്പാക്കാൻ സാധിക്കുന്ന ലളിതമായ മാർഗങ്ങളിലൂടെ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ സാധിക്കുമെന്ന് വെൽക്കത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു.
കൂളിങ് കിറ്റ്: ഗർഭിണികൾക്ക് വെയിൽ തടയാനുള്ള കുട, തൊപ്പി, വിശറി, കുടിവെള്ളക്കുപ്പി എന്നിവയടങ്ങിയ കിറ്റുകൾ നൽകുക.
വീടുകളിലെ ചൂട് കുറയ്ക്കുക: വീടുകളിലെ താപനില കുറയ്ക്കുന്നതിനായി സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വെള്ള പെയിന്റ് മേൽക്കൂരയിൽ അടിക്കുക.
‘മദർ ഹീറ്റ് അലേർട്ട്’ ആപ്പ്: ഗ്രാമീണ ആരോഗ്യപ്രവർത്തകർ വഴി ഓരോ ദിവസത്തെയും ചൂടിന്റെ മുന്നറിയിപ്പുകൾ ആപ്പ് വഴിയും റേഡിയോ വഴിയും ഗർഭിണികളിലേക്ക് എത്തിക്കുക.
തണലും തണുപ്പുമുള്ള തൊഴിൽ അന്തരീക്ഷം: തണലും തണുപ്പുമുള്ള തൊഴിൽ അന്തരീക്ഷം ഒരുക്കണം. കടുത്ത വെയിലിൽ ഗർഭിണികളെ ജോലി ചെയ്യിപ്പിക്കാതെ ശ്രദ്ധിക്കണം.
കാലാവസ്ഥാ വ്യതിയാനം കടുക്കുന്ന സാഹചര്യത്തിൽ ആഗോള നേതാക്കളോടും നയരൂപീകരണ വിദഗ്ധരോടും വെൽക്കം പ്രധാനമായും ചില നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.
അമിതചൂട് എന്നത് കേവലം ഒരു കാലാവസ്ഥാ മാറ്റമല്ല; അതൊരു ഗുരുതര ആരോഗ്യ അടിയന്തരാവസ്ഥ കൂടിയാണ്. ആവശ്യമായ തെളിവുകളും ലളിതമായ പരിഹാരമാർഗങ്ങളും നമ്മുടെ കൈവശമുണ്ട്. ഇനി ആവശ്യമുള്ളത് ഭരണാധികാരികളുടെ അടിയന്തര ഇടപെടലും രാഷ്ട്രീയ ഇച്ഛാശക്തിയുമാണെന്ന് വെൽക്കം ചെയറും ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയുമായ ജൂലിയ ഗില്ലാർഡ് പറയുന്നു.