സ്ത്രികളിൽ ഹൃദ്രോഗത്തിന് കാരണമാകുന്ന ഹൃദയസംബന്ധമായ മാറ്റങ്ങൾ ആർത്തവവിരാമത്തിന് ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ ആരംഭിക്കാമെന്ന് പുതിയ പഠനം. ആർത്തവവിരാമമാണ് സ്ത്രീകളിലെ പ്രായവുമായി ബന്ധപ്പെട്ട ഹൃദയപ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന മുൻകാല ധാരണകളെ തിരുത്തിക്കുറിച്ചാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്.

രക്തസമ്മർദ്ദ പരിശോധനയിലെ ഉയർന്നതും താഴ്ന്നതുമായ അക്കങ്ങൾ തമ്മിലുള്ള വ്യത്യാസമായ 'പൾസ് പ്രഷർ' (Pulse Pressure) പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെ നേരത്തെ തന്നെ വർദ്ധിക്കാൻ തുടങ്ങുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. സ്ത്രീകളിൽ 30-കളുടെ അവസാനത്തോടെ പൾസ് പ്രഷർ ഉയരാൻ തുടങ്ങുന്നുണ്ട്. ഇത് പുരുഷന്മാരേക്കാൾ ഏകദേശം ഒരു പതിറ്റാണ്ട് മുമ്പാണ്. പുരുഷന്മാരിൽ ഇത് സാധാരണയായി 40-കളുടെ അവസാനത്തിലാണ് കണ്ടുവരുന്നത്. ഏകദേശം 60 വയസ്സാകുമ്പോഴേക്കും സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് പൾസ് പ്രഷർ സ്ഥിരമായി ഉയർന്നതായും കാണപ്പെടുന്നു.

ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ മഹാധമനിയുടെ കട്ടി കൂടുന്നതുമായി ഈ പൾസ് പ്രഷർ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ മഹാധമനിയുടെ ഭിത്തികൾക്ക് കടുപ്പവും ഇലാസ്തികത കുറവുള്ളതുമായി മാറുന്നു. ഇതോടെ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ കഷ്ടപ്പെടേണ്ടതായി വരുന്നു. ഉയർന്ന പൾസ് പ്രഷർ ഹൃദ്രോഗങ്ങൾ, ഡിമെൻഷ്യ (ഓർമ്മക്കുറവ് സംബന്ധമായ അസുഖങ്ങൾ), വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. രക്തക്കുഴലുകളുടെ ഭിത്തികൾ കടുപ്പമേറിയതായി മാറുമ്പോൾ ചില മരുന്നുകൾ ഫലപ്രദമാകാതെ വരികയും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയും ചെയ്യാം.

സ്ത്രീകളിൽ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തെ ബാധിക്കുന്ന മാറ്റങ്ങൾ നാം ഇതുവരെ കരുതിയതിനേക്കാൾ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നുണ്ടെന്നാണ് ഈ പഠനം ഓർമ്മിപ്പിക്കുന്നത്. ആർത്തവവിരാമം എപ്പോളാണെന്നുള്ളത് സ്ത്രീകളിലെ പൾസ് പ്രഷർ വർദ്ധനവിന്റെ രീതിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഗവേഷകർ കണ്ടെത്തി. അതിനാൽ മധ്യവയസ്സിലെത്തുന്നതിന് വളരെ മുൻപ് തന്നെ സ്ത്രീകളുടെ ഹൃദയാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, പൾസ് പ്രഷർ കൃത്യമായി നിരീക്ഷിക്കുന്നത് ഭാവിയിലെ ഹൃദ്രോഗ സാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ലോകത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള ഹൃദ്രോഗ ഗവേഷണങ്ങളിലൊന്നായ ഫ്രാംഹാം ഹൃദ്രോഗ പഠനത്തിൽ പങ്കെടുത്ത 6,500-ലധികം സ്ത്രീകളുടെയും 3,000-ത്തിലധികം പുരുഷന്മാരുടെയും ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 14 വർഷത്തെ കാലയളവിൽ മൂന്ന് ഘട്ടങ്ങളായാണ് ഇത്രയും പേരുടെ ആരോഗ്യ പരിശോധനകൾ നടത്തിയുരുന്നത്. സെപ്റ്റംബർ 14-ന് 'ഹൈപ്പർടെൻഷൻ' ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ENGLISH SUMMARY:

A recent study reveals that heart-related changes leading to cardiovascular disease in women can begin roughly two decades before menopause, challenging the long-held belief that menopause is the primary catalyst. Researchers found that pulse pressure—the difference between top and bottom blood pressure numbers—starts increasing in women by their late 30s, which is a decade earlier than in men. This early rise is directly linked to the stiffening of the aorta, significantly heightening the risk of heart disease, dementia, and kidney issues later in life. Analyzing data from over 9,500 participants in the Framingham Heart Study, experts emphasize that women need to monitor their cardiovascular health and pulse pressure much earlier in middle age.