ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പെട്ടെന്ന് വല്ലാത്തൊരു വിഷമമോ കാരണമില്ലാത്ത ഉത്കണ്ഠയോ തോന്നാറില്ലേ? രാത്രി വൈകി മധുരം കഴിക്കാൻ കടുത്ത കൊതി തോന്നുക, എത്ര ഉറങ്ങാൻ നോക്കിയിട്ടും ഉറക്കം വരാതിരിക്കുക എന്നിവയൊക്കെ പലര്‍ക്കും അനുഭവമുണ്ടാകും അല്ലേ..? എന്നാലിതൊന്നും നിങ്ങളുടെ ആത്മനിയന്ത്രണമില്ലായ്മ കൊണ്ടോ വെറുതെയോ സംഭവിക്കുന്നതല്ല. ഇതിനൊക്കെ പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ട്.
എന്താണ് ഈ മാറ്റങ്ങൾക്ക് കാരണം?
ആർത്തവചക്രത്തിന്‍റെ അവസാന ഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഹോർമോൺ വ്യതിയാനങ്ങൾ തലച്ചോറിലെ സന്തോഷം നൽകുന്ന രാസവസ്തുവായ സെറോടോണിന്റെ അളവ് കുറയ്ക്കുന്നു. ഇതാണ് പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾക്കും ഉത്കണ്ഠയ്ക്കും വിഷാദത്തിനും വഴിയൊരുക്കുന്നത്.
മധുരത്തോടുള്ള കൊതി
സെറോടോണിന്‍റെ അളവ് കൂട്ടുവാൻ ശരീരം സ്വാഭാവികമായി ആഗ്രഹിക്കുന്നത് കാർബോഹൈഡ്രേറ്റുകളും മധുരവുമാണ്. അതുകൊണ്ടാണ് രാത്രിയിൽ മധുരം കഴിക്കാൻ തോന്നുന്നത്. പ്രൊജസ്ട്രോൺ ഹോർമോണിലെ മാറ്റങ്ങൾ ശരീര താപനില ഉയർത്തുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, മലബന്ധം, വയറെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങളും ഈ സമയത്ത് സാധാരണമാണ്.
ആ ദിവസങ്ങളെ എങ്ങനെ ലളിതമായി നേരിടാം?
1. മാനസികമായി തയ്യാറെടുക്കുക
ആർത്തവത്തിന് മുൻപ് ഉണ്ടാകുന്ന അസ്വസ്ഥതകൾ താൽക്കാലികം മാത്രമാണെന്ന് സ്വയം ഓർമ്മിപ്പിക്കുക. ‘ഇത് എന്റെ കുഴപ്പമല്ല, എന്റെ ശരീരത്തിൽ നടക്കുന്ന സ്വാഭാവിക മാറ്റങ്ങളാണ്’ എന്ന തിരിച്ചറിവ് തന്നെ പകുതി ഉത്കണ്ഠ കുറയ്ക്കും.
2. ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
കാൽസ്യവും മഗ്നീഷ്യവും ഉറപ്പുവരുത്തണം. പച്ചക്കറികൾ, നട്സുകൾ, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
3. സമീകൃതാഹാരം കഴിക്കുക
വിശപ്പ് കൂടുതലോ കുറവോ ആകാം. പെട്ടെന്ന് മധുര പലഹാരങ്ങൾ കഴിക്കുന്നതിന് പകരം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുക
4. ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ക്ഷീണം കുറയ്ക്കും. ചെറിയ അളവിൽ ഉപ്പിലിട്ട സൂപ്പുകൾ കുടിക്കുന്നതും നല്ലതാണ്.
ശരീരത്തിന്‍റെ ഓരോ മാസത്തെയും മാറ്റങ്ങള്‍ തിരിച്ചറിയുകയാണ് പ്രധാനം. ഈ സമയത്ത് ശരീരത്തോട് പൊരുതുകയല്ല മറിച്ച് ആവശ്യത്തിന് വിശ്രമവും ശരിയായ പോഷകങ്ങളും നൽകി ശരീരത്തെ കരുതുകയാണ് വേണ്ടത്.