implanon-contraceptive

വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞ് ഉടനെ വേണ്ടെന്നു തീരുമാനിക്കുമ്പോഴും ഒരു കുഞ്ഞിനു ശേഷം അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴുമാണ് ദമ്പതികൾ ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. വിവാഹിതർ മാത്രമല്ല  ലിവ്-ഇൻ ബന്ധത്തിലുള്ളവരടക്കം ഗര്‍ഭനിരോധന മാർഗങ്ങൾ പരീക്ഷിക്കുന്നു. കാലമേതായാലും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ് ഗര്‍ഭനിരോധനമെന്നത്. 

നമ്മുടെ നാട്ടിൽ പ്രധാനമായും ഗർഭനിരോധന ഗുളികകളെയും കോപ്പർ ടി (Copper T) യെയുമാണ് പൊതുവെ സ്ത്രീകൾ ഗർഭ നിരോധനത്തിനായി ആശ്രയിക്കാറുള്ളത്. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായി വളരെ എളുപ്പത്തിൽ, ദീർഘകാലത്തേക്ക് പരീക്ഷിക്കാവുന്ന ഒരു ഗർഭ നിരോധന മാർഗമാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ട്രെൻഡ്. കയ്യില്‍ ചർമ്മത്തിനടിയിൽ നിക്ഷേപിക്കാവുന്ന തീപ്പെട്ടി കോലിന്‍റെ വലിപ്പമുള്ള ഒരു കുഞ്ഞൻ ഉപകരണമാണ് സംഗതി. 

എന്താണ് ഈ ഗർഭ നിരോധന ഇപ്ലാന്റ് 

നെക്സ്പ്ലാനോൺ (Nexplanon) അല്ലെങ്കിൽ ഇംപ്ലാനോൺ (Implanon) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ ഗർഭ നിരോധനത്തിനെതിരെ 99% ത്തിലധികം ഫലപ്രദമാണെന്നുള്ളതാണ് ഇവയെ ജനപ്രിയമാക്കുന്ന വലിയ ഘടകം. മാത്രമല്ല, ഏകദേശം 4 സെൻ്റീമീറ്റർ മാത്രം നീളമുള്ള ഈ ഉപകരണം വളരെ എളുപ്പത്തിൽ ശരീരത്തിൽ നിക്ഷേപിക്കാനും സാധിക്കും. മൂന്ന് വർഷം വരെയാണ് ഈ ഉപകരണം ഗർഭ ധാരണത്തിൽ നിന്നും സുരക്ഷ നൽകുന്നത്. 

ശരീരത്തിൽ നിക്ഷേപിക്കുന്നതെങ്ങനെ 

കൈയുടെ ഉൾഭാഗത്താണ് ഉപകരണം നിക്ഷേപിക്കുന്നത്.  ഒരു ലോക്കൽ അനസ്തീഷ്യ നൽകി മരവിപ്പിച്ച് ചർമ്മത്തിന് തൊട്ടുതാഴെയായി ഇംപ്ലാൻ്റ് നിക്ഷേപിക്കാം. ഇതിന് ഏതാനും മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂ. കൈയിലെ ചർമ്മത്തിൽ തൊട്ടുനോക്കിയാൽ അറിയാൻ സാധിക്കുമെങ്കിലും പുറമേയ്ക്ക് കാണാൻ കഴിയില്ല. വെറും 15 മിനിറ്റ് മാത്രമാണ് ഈ പ്രോസിജിയറിന് വേണ്ടിവരിക. 

implant

എങ്ങനെ പ്രവർത്തിക്കുന്നു 

ഇംപ്ലാൻ്റ് ശരീരത്തിൽ വെച്ചുകഴിഞ്ഞാൽ, അത് പ്രോജസ്റ്റിൻ (Progestin) എന്ന ഹോർമോൺ വളരെ ചെറിയ അളവിൽ തുടർച്ചയായി രക്തത്തിലേക്ക് പുറത്തുവിടുന്നു. ഇതുമൂലം ഓവറികളിൽ അണ്ഡോത്പാദനം (Ovulation) നടക്കാതിരിക്കും. മാത്രമല്ല സെർവിക്കൽ മ്യൂക്കസ് (Cervical mucus) അഥവാ യോനീസ്രവം കട്ടിയുള്ളതാക്കുന്നു, ഇതുമൂലം പുരുഷ ബീജങ്ങൾക്ക് അണ്ഡത്തിനടുത്തേക്ക് എത്തിച്ചേരാൻ സാധിക്കില്ല.

ഗുണങ്ങൾ

മറ്റുള്ള ഗർഭ നിരോധന മാർഗങ്ങളെ അപേക്ഷിച്ച് ഉയർന്ന ഫലപ്രാപ്തി തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം. ഗർഭധാരണം തടയുന്നതിൽ 99 ശതമാനത്തിലധികം വിജയശതമാനമുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണിത്. ഇത് കയ്യിൽ വെച്ചുകഴിഞ്ഞാൽ ബ്രാൻഡ് അനുസരിച്ച് 3 മുതൽ 5 വർഷം വരെ തുടർച്ചയായി സംരക്ഷണം നൽകും. എപ്പോൾ വേണമെങ്കിലും ഒരു ഡോക്ടറുടെ സഹായത്തോടെ ഇത് നീക്കം ചെയ്യാനും സാധിക്കും. മാറ്റിക്കഴിഞ്ഞാൽ പെട്ടെന്ന് തന്നെ സ്വാഭാവിക ഗർഭധാരണ ശേഷി തിരികെ ലഭിക്കും. 

ശരീരത്തെ എങ്ങനെ ബാധിക്കും 

ആർത്തവചക്രത്തിലെ മാറ്റങ്ങളാണ് ഇതിൽ പ്രധാനം. ഇംപ്ലാനോൺ നിക്ഷേപിച്ചതിന് ശേഷം ചിലരിൽ പീരിഡ്സ് പൂർണമായും നിന്ന് പോകും. മറ്റു ചിലരിൽ സ്‌പോട്ടിംഗ് മാത്രമാകും അല്ലെങ്കിൽ അപൂർവമായി മാത്രം ആർത്തവം ഉണ്ടാകും. എന്നാൽ ഇതൊക്കെ ശരീരത്തിൽ ഉപകരണം ഉള്ളപ്പോൾ മാത്രമാണ്. ഉപകരണം മാറ്റിക്കഴിഞ്ഞാൽ സ്വാഭാവിക ആർത്തവ ചക്രം തിരികെ വരും. കൂടാതെ മൈഗ്രേൻ, മൂഡ് സ്വിങ്സ് പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവരിൽ ഇവ വർധിക്കാൻ സാധ്യതയുണ്ട്. 

ചെലവ് 

കോപ്പർ ടിയെ അപേക്ഷിച്ച് വളരെ ചെലവേറിയതാണ് ഈ മാർഗം. 200 രൂപയ്ക്ക് മുതൽ കോപ്പർട്ടി ലഭ്യമാണെങ്കിൽ ഏകദേശം 3000 രൂപ മുതലാണ് ഇംപ്ലാനോൺ ലഭ്യമാകുന്നത്.  

Nexplanon,Implanon NXT  എന്നീ പേരുകളിലൊക്കെ വിദേശ രാജ്യങ്ങളിൽ അറിയപ്പെടുന്ന ഈ ഗർഭനിരോധന മാർഗം വർഷങ്ങളായി അവിടെ പ്രചാരത്തിലുള്ളതാണ്. ആർത്തവം ഇല്ലാതിരിക്കും എന്ന കാരണംകൊണ്ട്  വിദേശ രാജ്യങ്ങളിൽ പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെ ഇംപ്ലാനോൺ തിരഞ്ഞെടുക്കുന്നു. ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉള്ളവർക്ക് ആ രീതിയിലും ഇതൊരു രക്ഷാ മാർഗമാണ്. 

കേരളത്തിൽ ഗ്രാമ പ്രദേശത്തെ ആശുപത്രികളെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലെ ആശുപത്രികളിലാണ് ഇംപ്ലാനോൺ സൗകര്യം കൂടുതൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ്‌ കൊച്ചി പോലെയുള്ള നഗരങ്ങളിലെ ആശുപത്രികളിൽ ഈ മാർഗം ലഭ്യമായി തുടങ്ങിയതും ആവശ്യക്കാരേറിയതും. ഗർഭ നിരോധനത്തിനായി ദിവസേന ഹോർമോൺ ഗുളിക കഴിക്കുന്നത് ഒഴിവാക്കാനും കോപ്പർട്ടി പോലുള്ള ഉപകരണങ്ങൾ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന പ്രയാസമേറിയ പ്രോസിജിയറിൽ നിന്ന് രക്ഷ നേടാനുമുള്ള എളുപ്പ മാർഗമായി ഇംപ്ലാനോനെ സ്ത്രീകൾ കാണുന്നു. 

ഒരു പെൺകുട്ടിക്ക് സ്വന്തം ശരീരത്തിന് അനുയോജ്യമായ ഗർഭനിരോധന മാർഗം തിരഞ്ഞെടുക്കാനുള്ള അവകാശവും അറിവും ഉണ്ടാവുക എന്നത് അവളുടെ ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ കൃത്യമായതും സുഗമമായതുമായ മാർഗങ്ങളെ കുറിച്ച് അറിവുള്ളവരാകേണ്ടതുണ്ട്. ആസൂത്രിതമല്ലാത്ത ഗർഭധാരണം ഒഴിവാക്കാനും, സ്വന്തം താൽപ്പര്യപ്രകാരം അമ്മയാകാനുള്ള തീരുമാനമെടുക്കാനും കൃത്യമായ ഗർഭനിരോധന മാർഗങ്ങൾ സ്ത്രീകളെ സഹായിക്കുന്നു. 

 

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സ്മിത ജോയ്, ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്സ് വിഭാഗം മേധാവി

വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ

 

ENGLISH SUMMARY:

Nexplanon and Implanon are highly effective long-term contraception options providing over 99% protection against pregnancy for up to three years. These small hormone implants are inserted under the skin of the arm, offering a convenient alternative to daily pills or IUDs.