യു.എസില്‍ കൊല്ലപ്പെട്ട രണ്ടു മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയോടെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തീവ്രശ്രമങ്ങള്‍ തുടരുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
യു.എസിലെ കാല്‍ഫോര്‍ണിയയില്‍ മില്‍ പീറ്റസിലെ ഒരേ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന രണ്ടു മലയാളി യുവതികളാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജന ഹരിയും തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. അഞ്ജനയ്ക്ക് മുപ്പത്തിയഞ്ചും ആനിന് നാല്‍പതു വയസുമായിരുന്നു.
ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയാണ് കൊലപ്പെടുത്തിയത്. അഞ്ജനയെ പാര്‍ക്കിങ് ഏരിയയില്‍ കാറിടിപ്പിച്ച് കൊന്നു. ആന്‍ മേരിയെ കുത്തിക്കൊല്ലുകയായിരുന്നു. അഞ്ജനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ആനിന്‍റെ മൃതദേഹം മറ്റന്നാള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. അതിനു ശേഷം രണ്ടു മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കും. ശനിയാഴ്ചയോ ഞായറാഴ്ചയോ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചേക്കും.
കൊലപാതകത്തിന്‍റെ കാരണം ഇനിയും അറിഞ്ഞിട്ടില്ല. യു.എസിലെ പൊലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കാരണം വ്യക്തമാകൂ. അഞ്ജന അധ്യാപികയാണ്. ഭര്‍ത്താവ് വിജീഷ് പീച്ചി വിലങ്ങന്നൂര്‍ സ്വദേശിയാണ്. ആനിന് രണ്ടു മക്കളുണ്ട്. കുടുംബസമേതം ഇരുവരും താമസിച്ചു വരികയായിരുന്നു.