ആർത്തവം വയറുവേദനയ്ക്കും മൂഡ് മാറ്റങ്ങൾക്കും ക്ഷീണത്തിനും അപ്പുറം പല പ്രയാസങ്ങള്‍ക്കും കാരണമാകാറുണ്ട്. ചില സ്ത്രീകൾക്ക് ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ആർത്തവസമയത്തും മലവിസർജ്ജന ശീലങ്ങളിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകേണ്ടി വരിക, അയഞ്ഞ മലം പോവുക അല്ലെങ്കിൽ വയറിളക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മറ്റു ചിലർക്ക് മലബന്ധം, വയറു വീർക്കൽ, അല്ലെങ്കിൽ വയർ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലെന്ന തോന്നൽ എന്നിവയായിരിക്കാം പ്രശ്നം. ഇത്തരം ദഹനസംബന്ധമായ ലക്ഷണങ്ങള്‍ പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോസ്റ്റാഗ്ലാന്റിൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഗർഭാശയത്തിലെയും ദഹനവ്യവസ്ഥയിലെയും പേശികളെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.. ഈ ലക്ഷണങ്ങൾ സാധാരണയായി താൽക്കാലികമാണെങ്കിലും ഇവ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നത് ഇവയെ ശരിയായി നേരിടാനും എപ്പോഴാണ് വൈദ്യസഹായം തേടേണ്ടതെന്ന് തിരിച്ചറിയാനും സഹായിക്കും.

ആർത്തവസമയത്ത് വയറിളക്കം എന്തുകൊണ്ട്?

ആർത്തവസമയത്ത് ചില സ്ത്രീകൾക്ക് വയറിളക്കം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്രോസ്റ്റാഗ്ലാന്റിൻ ഹോർമോണിന്റെ അളവ് കൂടുന്നതാണ്. ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളാണിവ. ആർത്തവത്തിന് തൊട്ടുമുമ്പും ആർത്തവസമയത്തും ഗർഭാശയം ചുരുങ്ങാനും അതിന്റെ ആന്തരിക പാളി കൊഴിഞ്ഞുപോകാനും സഹായിക്കുന്നതിനായി ഈ രാസവസ്തുക്കളുടെ അളവ് വർദ്ധിക്കുന്നു. ഈ ചുരുങ്ങലുകളാണ് ആർത്തവവേദനയ്ക്ക് കാരണമാകുന്നത്. അതേസമയം പ്രോസ്റ്റാഗ്ലാന്റിൻ ഗർഭാശയത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒന്നല്ല. ഇത് കുടലിലെ പേശികളെയും ഉത്തേജിപ്പിക്കും. ഇത് ദഹനവ്യവസ്ഥയിലൂടെയുള്ള ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങളുടെയും ചലനവേഗത വർദ്ധിപ്പിക്കുന്നു. ഇത് ചില സ്ത്രീകൾക്ക്  ഇടയ്ക്കിടെയുള്ള മലവിസർജ്ജനം, വയറിളക്കം, അടിവയറ്റിലെ വേദന അല്ലെങ്കിൽ അസ്വസ്ഥത എന്നിവ ഉണ്ടാക്കും. ഈ കാരണങ്ങള്‍ കൊണ്ടാണ് ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ കൂടുതൽ തവണ ടോയ്‌ലെറ്റില്‍ പോകേണ്ടി വരുന്നത്.

ആർത്തവത്തിന് മുന്‍പുള്ള മലബന്ധം

മലബന്ധവും ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് ആർത്തവചക്രത്തിന്റെ മറ്റൊരു ഘട്ടത്തിലാണ് സംഭവിക്കുന്നത്. ഓവുലേഷന് ശേഷം ശരീരത്തിൽ പ്രൊജസ്ട്രോൺ ഹോർമോണിന്റെ അളവ് കൂടുന്നു. ഗർഭധാരണത്തിന് ശരീരത്തെ സജ്ജമാക്കാൻ ഈ ഹോർമോൺ സഹായിക്കുമെങ്കിലും ദഹനവ്യവസ്ഥയുടെ വേഗത കുറയ്ക്കാനും ഇത് കാരണമായേക്കാം. ഭക്ഷണവും അവശിഷ്ടങ്ങളും കുടലിലൂടെ സാവധാനത്തിൽ നീങ്ങുമ്പോൾ മലത്തിൽ നിന്ന് കൂടുതൽ വെള്ളം ആഗിരണം ചെയ്യാൻ വൻകുടലിന് കൂടുതൽ സമയം ലഭിക്കുന്നു. ഇത് മലം കഠിനമാകാനും പുറന്തള്ളാൻ പ്രയാസമാകാനും കാരണമാകുന്നു. അതുകൊണ്ട് ചിലര്‍ക്ക് ആർത്തവത്തിന് മുന്‍പുള്ള ദിവസങ്ങളിൽ മലബന്ധം അനുഭവപ്പെടുന്നത്. ഇതോടൊപ്പം വയറു വീർക്കൽ (Bloating), വയർ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലെന്ന തോന്നൽ, അടിവയറ്റിലെ അസ്വസ്ഥത എന്നിവയും അനുബവപ്പെട്ടേക്കാം. അതുകൊണ്ട് ആർത്തവത്തിന്‍റെ തുടക്കത്തിൽ വയറിളക്കമാണ് കൂടുതൽ കാണപ്പെടുന്നതെങ്കിൽ, അതിന് മുന്‍പുള്ള ദിവസങ്ങളിൽ മലബന്ധമായിരിക്കും അനുഭവപ്പെടുക.

ഹോർമോൺ വ്യതിയാനങ്ങൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. അതേസമയം, ആർത്തവസമയത്തെ വിശപ്പിലും ഭക്ഷണശീലങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളും ദഹനത്തെ സ്വാധീനിക്കാം. ഈ സമയത്ത് ചിലർ കൂടുതൽ സംസ്കരിച്ചതോ, ഉപ്പുള്ളതോ, മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിച്ചേക്കാം. മറ്റു ചിലർ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കുകയോ, ക്ഷീണവും വേദനയും കാരണം വ്യായാമവും ശരീരചലനങ്ങളും കുറയ്ക്കുകയോ ചെയ്തേക്കാം. മാനസികസമ്മർദ്ദവും കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ചേർന്ന് വയറു വീർക്കൽ, മലബന്ധം അല്ലെങ്കിൽ ക്രമമില്ലാത്ത മലവിസർജ്ജനം എന്നിവ വർദ്ധിപ്പിക്കാം.

ആർത്തവവുമായി ബന്ധപ്പെട്ട ഉദരപ്രശ്നങ്ങൾക്ക് പരിഹാരം

ഭൂരിഭാഗം ആളുകളിലും ആർത്തവവുമായി ബന്ധപ്പെട്ട ഈ കുടൽ മാറ്റങ്ങൾ താൽക്കാലികമാണ്, ഹോർമോൺ അളവ് സാധാരണനിലയിലാകുമ്പോൾ ഇവ മാറുകയും ചെയ്യും. ലളിതമായ ചില ശീലങ്ങൾ കൃത്യമായ മലവിസർജ്ജനത്തിന് സഹായിക്കും: 

ധാരാളം വെള്ളം കുടിക്കുക:    മലബന്ധമുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. വയറിളക്കമുള്ളപ്പോൾ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും തിരികെ നൽകേണ്ടത് അതിലും പ്രധാനമാണ്.

നാരുകളടങ്ങിയ ഭക്ഷണം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൃത്യമായ മലവിസർജ്ജനത്തിന് സഹായിക്കും. എന്നാൽ വയറിളക്കമുണ്ടെങ്കിൽ പെട്ടെന്ന് നാരുകളുടെ അളവ് കൂട്ടുന്നത് ഉചിതമായിരിക്കില്ല.

ശരീരത്തിന് ചെറിയ വ്യായാമം നൽകുക: നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങൾ കുടലിന്റെ ചലനങ്ങളെ സഹായിക്കുകയും ആർത്തവ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഭക്ഷണക്രമത്തിൽ ശ്രദ്ധ: ആർത്തവസമയത്ത് അമിതമായി സംസ്കരിച്ചതും ഉപ്പുള്ളതുമായ ഭക്ഷണങ്ങൾ പരിമിപ്പെടുത്തുന്നത് വയറു വീർക്കുന്നത് കുറയ്ക്കാനും നല്ല ദഹനത്തിനും സഹായിക്കും.

ലക്ഷണങ്ങൾ നിരീക്ഷിക്കുക: നിങ്ങളുടെ ആർത്തവചക്രത്തിൽ എപ്പോഴൊക്കെയാണ് വയറിളക്കമോ മലബന്ധമോ വയറു വീർക്കലോ ഉണ്ടാകുന്നതെന്ന് ശ്രദ്ധിക്കുന്നത് ഇതിന്റെ കൃത്യമായ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കും.

ഡോക്ടറെ കാണണോ?

ആർത്തവസമയത്ത് ഉണ്ടാകുന്ന എല്ലാ ദഹനപ്രശ്നങ്ങളും ആർത്തവം കൊണ്ടുതന്നെ ഉണ്ടാകുന്നതാണെന്ന് കരുതരുത്. പ്രത്യേകിച്ച് ലക്ഷണങ്ങൾ ആർത്തവദിവസങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാത്ത സാഹചര്യത്തിൽ, കഠിനമായതോ തുടർച്ചയായതോ ആയ വയറിളക്കവും മലബന്ധവും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കഠിനമായ വേദനയുള്ളവ, ആർത്തവചക്രത്തിലുടനീളം കാണപ്പെടുന്നവ, മലത്തിൽ രക്തം കാണപ്പെടല്‍, പെട്ടെന്നുള്ള ഭാരം കുറയല്‍, പനി, ഛർദ്ദി, അല്ലെങ്കിൽ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്ന ലക്ഷണങ്ങൾ എന്നിവയുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം തേടണം. ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലുള്ള രോഗാവസ്ഥകൾ ആർത്തവസമയത്ത് കൂടുതൽ വഷളാകുന്ന ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെ എന്റോമെട്രിയോസിസ് എന്ന അവസ്ഥയും ആർത്തവസമയത്ത് ദഹനവ്യവസ്ഥയിൽ ലക്ഷണങ്ങൾ കൂട്ടിയേക്കാം. ഈ ലക്ഷണങ്ങളുടെ സമയം, കാഠിന്യം, സ്വഭാവം എന്നിവ വിലയിരുത്തി ഇവ സാധാരണ ആർത്തവമാറ്റങ്ങളാണോ അതോ കൂടുതൽ പരിശോധനകൾ ആവശ്യമാണോ എന്ന് നിർണയിക്കാൻ ഒരു ഡോക്ടർക്കേ സാധിക്കൂ.

Understanding Digestive Issues During Your Period:

Menstrual cycle digestive issues are common, often linked to hormonal shifts. Understanding these changes can help manage symptoms like period diarrhea or constipation