melinda-gates

5000 കോടിയിലധികം രൂപ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ എങ്ങനെയാകും അത് ചെലവഴിക്കുക....! അമേരിക്കന്‍ ജീവകാരുണ്യ പ്രവര്‍ത്തകയും സംരംഭകയുമായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ് ആ തുകകൊണ്ട് ലോകത്തിന് തന്നെ മാതൃകയാകുകയാണ്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായി 600 ദശലക്ഷത്തിലധികം ഡോളര്‍ (5,000 കോടിയിലധികം രൂപ) സംഭാവനം നല്‍കികൊണ്ട് ലോകത്തിലെ ശതകോടീശ്വരന്മാര്‍ക്ക് വലിയ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. 

മാറ്റങ്ങള്‍ ഉണ്ടാക്കാനാകുന്ന, പിന്തുണ അര്‍ഹിക്കുന്ന മേഖലയാണിത്. ഒരു സ്ത്രീ ആരോഗ്യവതിയാകുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ യാഥാര്‍ഥ മാറ്റം സാധ്യമാകൂവെന്നും മെലിന്‍ഡ പറയുന്നു. വെറുമൊരു 5000 കോടിയില്‍ ഒതുങ്ങുന്നതല്ല മെലിന്‍ഡയുടെ പ്രവര്‍ത്തികള്‍. അമേരിക്കയിലെ അലബാമയിലുള്ള വിമന്‍സ് ആന്‍ഡ് വെല്‍നസ് ക്ലിനിക്ക് (WAWC) അതിന് മികച്ച ഉദാഹരണമാണ്. പ്രതിസന്ധികള്‍ കാരണം അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ കേന്ദ്രം മെലിന്‍ഡ നല്‍കിയ അഞ്ച് ദശലക്ഷം ഡോളറിന്‍റെ സഹായത്തോടെയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് പ്രസവാനന്തര വിശാദരോഗവും മറ്റ് മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് ക്ലീനിക്ക് ആശ്വാസകേന്ദ്രമായത്. 

ലൈംഗിക–പ്രത്യുല്‍പാദന സംരക്ഷണം, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, പ്രസവാനന്തര വിഷാദരോഗം എന്നിവയൊന്നും പലപ്പോഴും വന്‍കിട ജീവകാരുണ്യ ഫണ്ടുകളുടെ മുന്‍ഗണനാ പട്ടികയില്‍ വരാറില്ല. സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കണമെങ്കില്‍ അവര്‍ ആദ്യം ആരോഗ്യവതികളായിരിക്കണം. സ്ത്രീകള്‍ ശക്തരാകുമ്പോള്‍ കുടുംബവും സമൂഹവും രാജ്യവും മാറിമറിയുമെന്നും മെലിന്‍ഡ വ്യക്തമാക്കി.

സമ്പത്ത് എന്നത് കേവലം അക്കങ്ങളുടെ കളി മാത്രമല്ലെന്നും, അത് ലോകത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ആയുധമാണെന്നും മെലി‍ന്‍ഡ ഫ്രഞ്ച് ഗേറ്റ്സ് വീണ്ടും തെളിയിക്കുന്നു. സ്ത്രീകളുടെ ആരോഗ്യം ഒരു സമൂഹത്തിന്‍റെ തന്നെ ആരോഗ്യമാണെന്ന തിരിച്ചറിവിലേക്ക്  ലോകത്തെ നയിക്കാന്‍ ഈ നീക്കം കാരണമാകുമെന്ന് തീര്‍ച്ച......

ENGLISH SUMMARY:

Melinda French Gates is making a significant impact on global health by donating over $600 million (more than 5,000 crore rupees) towards women's healthcare, a move that sends a strong message to billionaires worldwide. Her initiatives, such as supporting the Women's and Wellness Clinic in Alabama, highlight her commitment to empowering women through improved health.