ranjini

നാല്പതുകളിൽ നേരിടുന്ന ശാരീരിക വെല്ലുവിളികളെക്കുറിച്ചും പെരിമെനോപോസിനെക്കുറിച്ചും തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്. നാൽപ്പതുകളിലേക്ക് കടന്നപ്പോൾ ശരീരം ആർത്തവവിരാമത്തിന്‍റെ സൂചനകൾ നൽകി തുടങ്ങി. മുപ്പതുകളിൽ അനുഭവിച്ചിരുന്ന ഊർജസ്വലതയിൽ നിന്നും മാറി ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിതമായി വന്ന മാറ്റങ്ങളെ കുറിച്ച് തന്‍റെ യൂ ട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി വെളിപ്പെടുത്തിയത്.

'മുപ്പതുകളിൽ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നൽ ഉണ്ടാകുമെങ്കിലും നാൽപ്പതുകളിലേക്ക് കടക്കുമ്പോൾ ശരീരം ആർത്തവവിരാമത്തിൻ്റെ സൂചനകൾ നൽകിത്തുടങ്ങും. മുൻപ് ഇഷ്‌ടപ്പെട്ടിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ ശരീരത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ശാരീരികമായ വേദനകളും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഇപ്പോൾ എന്‍റെ പ്രധാന പ്രശ്‌നം. ഇത് വല്ലാത്തൊരു അവസ്‌ഥയാണ്, ഇനിയും ശരീരത്തിൽ മാറ്റങ്ങൾ വരാനിരിക്കുന്നതേയുള്ളു'.

'പണ്ട് എത്ര വേണമെങ്കിലും ആഘോഷങ്ങളിൽ മുഴുകാമായിരുന്നു, പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഓരോ കാര്യത്തിലും നല്ല ശ്രദ്ധ വേണം. കൃത്യമായ ഉറക്കം അനിവാര്യമായി മാറുന്നു. ശരീരത്തിൻ്റെ രീതികളൊക്കെ മാറിത്തുടങ്ങുന്നു. കഴിക്കുന്ന ഭക്ഷണത്തിൻ്റെ കാര്യത്തിൽ പോലും അതീവ ശ്രദ്ധ പുലർത്തേണ്ടി വരുന്ന ഒരു ഘട്ടം വരും. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണ്ണമായും നിലച്ചേക്കാം. എങ്കിലും ഇപ്പോൾ തന്നെ അതിൻ്റെ മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ട്'.

'ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് അതിലൊന്ന്. പണ്ട് വെയിൽ കായുന്നതും ബീച്ചിൽ പോകുന്നതുമൊക്കെ എനിക്ക് വലിയ ഇഷ്ട‌മായിരുന്നു. എന്നാൽ ഇപ്പോൾ ശരീരം മാറിക്കൊണ്ടിരിക്കുന്നതിനാൽ തണുപ്പുള്ള ഇടങ്ങളിലേക്ക് മാത്രമേ ഞാൻ യാത്ര പോകാറുള്ളൂ. ശരിക്കും ഇതൊരു വിചിത്രമായ അനുഭവമാണ്'.

'ബോഡി പെയിൻ കുടുന്നു. ജോലിയിൽ ത്രിൽ ഇല്ല. ഇതൊക്കെയായപ്പോൾ വാട്ടർ ഫാസ്‌റ്റും മറ്റും ചെയ്‌തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു. ഇപ്പോഴും പഴയത് പോലെ ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദന. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എൻ്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്'.

അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. 15 വർഷം മുമ്പ് എൻ്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. ഞാനെന്റെ  അമ്മയെ പുച്‌ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. 43 വയസ്സിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇന്ന് അനുഭവിക്കുന്നു.

'ഹോർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും പേടിച്ച് മാറി നിന്ന ആളാണ് ഞാൻ കുട്ടികളില്ല. കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല, ടെക്നിക്കലി സ്ട്രസ് ഇല്ല. ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെ ദേഷ്യവും വിഷമവും ഉണ്ട്. ഈ വേദന എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയുമെന്നറിയാം. എനിക്ക് മരുന്ന് കഴിക്കേണ്ട'.

'ഇപ്പോൾ ഷോകൾക്ക് പോകുന്നതിന് മുമ്പ് എനിക്ക് പെയിൻ കില്ലറുകൾ കഴിക്കണം. കാരണം മൈക്ക് പിടിച്ച് കുറേ നേരം നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ കാല് വേദന കാരണം നടക്കാൻ പറ്റില്ല'- രഞ്ജിനി ഹരിദാസിൻ്റെ വാക്കുകൾ. സമാനമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒട്ടേറെ സ്ത്രീകൾക്ക് വലിയൊരു ഉൾക്കാഴ്ച നൽകുന്നതാണ് രഞ്ജിനിയുടെ പെരിമെനോപ്പോസ് ഘട്ടത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ.

ENGLISH SUMMARY:

Ranjini Haridas openly discusses the physical challenges she faces in her 40s and the onset of perimenopause. She shares her experiences with hormonal changes and unexpected shifts in her body and life through her YouTube channel.