ranjini-tovi

കോഴിക്കോട് ബീച്ചിൽ ‘അതിര‌ടി’ സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട ടൊവിനോ തോമസിന്റെയും രഞ്ജിനി ഹരിദാസിന്റെയും വിഡിയോ ചർച്ചയാകുന്നു. ടൊവിനോ തോമസും ബേസിൽ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ബീച്ചിൽ വൻജനപ്രവാഹമായിരുന്നു. രഞ്ജിനിയായിരുന്നു പരിപാടിയുടെ അവതാരക. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നു. ഈ സംഭവം ഇരുവരും കൈകാര്യം ചെയ്ത രീതിയാണ് വൈറലായത്.

കുട്ടികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ ആശങ്ക അവതാരകയായ രഞ്ജിനി ഹരിദാസ് മൈക്കിലൂടെ അറിയിപ്പായി നൽകി. എന്നാൽ കാണികളിൽ ചിലർ ഈ അറിയിപ്പ് വെറും‍ പരിഹാസമാക്കി. അതിൽ നിന്നൊരാൾ മോശം കമന്റ് പറഞ്ഞതോടെ രഞ്ജിനി കടുത്ത ഭാഷയിൽ പ്രതികരിച്ചു.

‘'നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല' – എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകൾ.

പിന്നാലെ സംസാരിച്ച ടൊവിനോയും കുട്ടികളെ കാണാനില്ലെന്ന വിവരം മൈക്കിലൂടെ ആവർത്തിച്ചു. എന്നാൽ ടൊവിനോ സംസാരിച്ച് തുടങ്ങിയപ്പോൾ കാണികളിൽ ചിലർ ആവശ്യപ്പെട്ടത് ഷെയ്ക്ക് ഹാൻഡും നടനൊപ്പമുള്ള സെൽഫിയും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരുന്നു. ഇതോടെ ടൊവിനോയും രൂക്ഷ ഭാഷയിൽ മറുപടി നൽകി.

'ഷേക്ക് ഹാൻഡും തരാം, ഫോട്ടോ എടുക്കാം എല്ലാം ചെയ്യാം. നിങ്ങളുടെ വീട്ടിലെ കുട്ടിയെയാണ് കാണാതിരിക്കുന്നതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ. അതുകൊണ്ട് പറഞ്ഞോട്ടെ' എന്ന് ടൊവിനോ പറഞ്ഞെങ്കിലും വീണ്ടും കാണികളുടെ ഇടയിൽ നിന്ന് പരിഹാസമുയർന്നു. ഇതോടെ നടൻ, ' ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, പ്ലീസ് മനസിലാക്കൂ'.. കാണാതായ കുട്ടികൾ സ്റ്റേജിനടുത്തേക്ക് വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ടൊവിനയുടെയും രഞ്ജിനിയുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ടൊവിനോ ആദ്യം പ്രാധാന്യം നൽകിയത് ഈ വിഷയത്തിലാണെന്നും അത് അഭിനന്ദനം അർഹിക്കുന്നതാണെന്നും ആളുകൾ കുറിച്ചു. അവതാരകയെന്ന നിലയിൽ രഞ്ജിനിയും വിഷയത്തിൽ വേണ്ടതുപോലെ പ്രതികരിച്ചുവെന്നും കമന്റുകളുണ്ട്. ഇങ്ങനെ വേണം അവതാരകരെന്നും രഞ്ജിനി അല്ലാതെ മറ്റേതെങ്കിലും അവതാരകർ ആയിരുന്നെങ്കിൽ ഈ പ്രശ്നം കൈവിട്ടുപോകുമായിരുന്നുവെന്നും പരിപാടിയിൽ പങ്കെടുത്തവർ തന്നെ കമന്റുകളായി കുറിച്ചു. 

ENGLISH SUMMARY:

The summary focuses on the incident involving Tovino Thomas and Ranjini Haridas at the Atirady movie promotion in Kozhikode, where missing children caused a stir. Their handling of the situation, especially in the face of mockery from the crowd, has gone viral and drawn praise for prioritizing the children's safety.