Image: @RHfactor-2025
അവതാരകയായെത്തി തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ‘ആങ്കറിങ്’ എന്ന കരിയറില്‍ പലര്‍ക്കും മാതൃക. അവതാരക എന്ന് പറഞ്ഞാല്‍ ഇന്നും രഞ്ജിനിയുടെ മുഖമാണ് മനസിലേക്ക് ഓടിവരിക. കാരണം, എന്നും പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയായിരുന്നു രഞ്ജിനിയുടെ വളര്‍ച്ച. ഇന്നിതാ, എന്റര്‍ടെയിന്‍മെന്‍റ് ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് മൂന്ന് പതിറ്റാണ്ടാകവേ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറയുകയാണ് രഞ്ജിനി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു തുറന്നുപറച്ചില്‍. തന്റെ ജീവിതത്തിലെ വിശേഷങ്ങളും ഓര്‍മകളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ തന്റെ ഓരോ ചുവടുവയ്പ്പുകളും അതിനിടയിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും രഞ്ജിനി തുറന്ന് സംസാരിക്കുന്നു. ആദ്യകാലങ്ങളില്‍ ഫോട്ടോഷൂട്ടുകള്‍ക്കായി ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ യാത്ര ചെയ്തതും തുടക്കകാലത്ത് ചെയ്ത പരിപാടികള്‍ക്ക് പണം ലഭിക്കാതെ പോയതും ഷൂട്ടിങ് സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അവസ്ഥയും രഞ്ജിനി തുറന്ന് സംസാരിച്ചു. ഒപ്പം പ്രമുഖര്‍ അടക്കമുള്ളവരില്‍നിന്ന് തനിക്ക് നേരിടേണ്ടിവന്ന സമീപനങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു തുറന്നുപറച്ചില്‍.
ഷോയ്ക്കായി ദുബായില്‍ പോയാല്‍ ഇന്നും കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ താന്‍ ഹോട്ടലില്‍ താമസിക്കില്ലെന്നും മിക്കവാറും സുഹൃത്തിന്റെ ഫ്ലാറ്റില്‍ പോകുമെന്നും രഞ്ജിനി പറഞ്ഞു. അത്തരത്തില്‍ ഒരുപാട് താരങ്ങളും കലാകാരന്‍മാരുമുള്ള ഒരു പരിപാടിക്കിടെ, ഒരു സ്പോണ്‍സര്‍ക്ക് തന്നെ കാണണമെന്നും ലഞ്ചിന് പോകണമെന്നും പറഞ്ഞതായി രഞ്ജിനി ഓര്‍ക്കുന്നു. ‘അന്ന് മറ്റൊന്നും ചിന്തിച്ചിരുന്നില്ല. ആ സ്പോണ്‍സര്‍ക്കൊപ്പം ലഞ്ചിന് പോയി. ലഞ്ച് കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, നമുക്കൊരു ഫോണ്‍ മേടിക്കാം. ഞാന്‍ പറഞ്ഞു, എനിക്ക് ഫോണ്‍ വേണ്ട. അത് ആദ്യ അനുഭവമായിരുന്നു. ഇതൊക്കെ ഇങ്ങനെയാണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. തിരിച്ചു പോകാം എന്ന് പറഞ്ഞ് അന്ന് പോന്നു’. പിന്നീട് ആ ഷോയ്ക്കിടെ തന്നെ മറ്റ് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍, രാത്രി കതകില്‍ മുട്ടുന്നതിനെക്കുറിച്ചും ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ചും തന്നോട് തുറന്ന് പറഞ്ഞിരുന്നെന്നും രഞ്ജിനി പറഞ്ഞു.
മറ്റൊരിക്കല്‍ ഷോ കഴിഞ്ഞ് ഡിന്നര്‍ എന്ന് പറഞ്ഞ് കൊണ്ടുപോയത് വേറെ എവിടെയോ ആണെന്നും രഞ്ജിനി പറഞ്ഞു. ‘ഡിന്നറിനൊപ്പം മദ്യവും വിളമ്പിയിരുന്നു. ഒന്നും മനസിലായില്ല. ഞങ്ങള്‍ കുറച്ചുപേരുണ്ടായിരുന്നു. എല്ലാവരും അണ്‍കംഫര്‍ട്ടബിളാകാന്‍ തുടങ്ങി. അതും ബോട്ടില്‍, വെള്ളത്തിന്റെ നടുക്ക്. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം ദേഷ്യപ്പെട്ട ദിവസമായിരുന്നു അത്. അന്ന് ഞാന്‍ ഭദ്രകാളിയായി. ഡിന്നര്‍ എന്ന് പറഞ്ഞ് കൊണ്ടുപോയി കുടുക്കിയതുപോലെ തോന്നി. ഞാന്‍ പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍ കോളില്‍ പൊലീസ് എത്തുമെന്ന് പറഞ്ഞു. ആ ദിവസം ഒരിക്കലും മറക്കില്ല. നമുക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. നമ്മള്‍ തന്നെ ഒച്ചയും ബഹളവും ഉണ്ടാക്കി രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത്, അന്ന് എന്നെ പുറത്തുകൊണ്ടുപോയ ആളിന്റെയും ഉദ്ദേശം വേറെയായിരിക്കാം എന്ന്’– രഞ്ജിനി പറഞ്ഞു.
മറ്റൊരിക്കല്‍ കണ്ണൂരില്‍ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിന് പോയപ്പോള്‍ ഉണ്ടായ അനുഭവവും രഞ്ജിനി തുറന്ന് പറഞ്ഞു. ‘ഷൂട്ട് എല്ലാം കഴിഞ്ഞു, ഞാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്നോട് "നിന്നൂടെ... നിന്നൂടെ..." എന്ന് ചോദിച്ചു. എന്റെ ഡ്രൈവറും കൂടെയുണ്ടായിരുന്നു. എന്തിനാണ് നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ "അതും ഇതിന്റെ ഭാഗമാണ്" എന്ന് പറഞ്ഞു. അതായത് ഞാന്‍ അയാള്‍ക്കൊപ്പം കിടക്കണം. ഇങ്ങനെയൊരു സംഭവം, അതും ഇത്രയും ഡയറക്ടായി എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അങ്ങനെ അയാളെയും വിളിച്ച് റൂമിന് പുറത്തിറങ്ങി കോ-ഓര്‍ഡിനേറ്ററുടെ അടുത്ത് പോയി ചോദിച്ചു. "താനാണോ ഞാന്‍ ഇയാളുടെ കൂടെ കിടക്കും എന്ന് പറഞ്ഞത്?" അവിടെ അവര്‍ രണ്ടുപേരും പരുങ്ങിയത് ഞാന്‍ മറക്കില്ല.’
‘തുടര്‍ന്ന് എന്റെ വണ്ടിയില്‍ അയാളുടെ വീട്ടില്‍ പോയി. വഴിനീളെ ഞാന്‍ ഉപദേശിച്ചു. ഞാന്‍ ചോദിച്ചു, നിങ്ങളുടെ ഉദ്ദേശം എന്താണ്? ഞങ്ങളുടെ പണി ഇതാണോ എന്ന്. ഭയങ്കര മാപ്പുപറച്ചിലായിരുന്നു. എനിക്ക് ഒരാളുമായി കിടക്ക പങ്കിടണമെങ്കില്‍, പരസ്പരം രണ്ടുകൂട്ടര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ അത് ചെയ്യും. അതിന് എന്റെ ജോലിയുമായി ഒരു ബന്ധവുമില്ല. അതെന്റെ വ്യക്തിപരമായ താല്‍പര്യമാണ്. അങ്ങനെ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അത് പണം വാങ്ങിച്ചാകില്ല. അന്ന് അയാള്‍ വേണ്ടെന്ന് കരഞ്ഞുപറഞ്ഞിട്ടും വീട്ടില്‍ കയറിച്ചെന്നു. അവിടെ പോയപ്പോള്‍ അതൊരു കൂട്ടുകുടുംബം. നല്ലവരായ മനുഷ്യര്‍. പിന്നെ ഒരു കുടുംബത്തെ ഇല്ലാതാക്കണ്ടല്ലോ എന്ന് കരുതി ഒന്നും പറഞ്ഞില്ല. അയാളാകട്ടെ ഒരു സൈഡില്‍ മാന്യന്‍. മറ്റൊരു രീതിയില്‍ നോക്കിയാല്‍ കയ്യിലിരിപ്പ് തനി പ്രാകൃതവുമാണ്. അങ്ങനെ അയാളെ ഭീഷണിപ്പെടുത്തി അവിടുന്ന് ഇറങ്ങി’– രഞ്ജിനി വ്യക്തമാക്കി.
‘ഒരിക്കല്‍ എല്ലാവര്‍ക്കും പരിചിതനായ ഒരു പ്രശസ്ത നടന്‍, എന്റെ നല്ല സുഹൃത്തായിരുന്നു. ഒരു ദിവസം അയാള്‍ ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് തിരികെ അയക്കാനും പറഞ്ഞു. എന്തിന്? എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. മറ്റൊരിക്കല്‍ മ്യൂസിക് ഫീല്‍ഡിലെ പ്രമുഖനായ ഒരാള്‍, അയാള്‍ക്കൊപ്പം ഞാന്‍ കിടക്കണം എന്ന്. പറ്റില്ലെന്ന് ഞാനും. "ഞാന്‍ എല്ലാ വാതിലും മുട്ടും, തുറക്കുന്ന വാതില്‍ തുറക്കട്ടെ" എന്നതായിരുന്നു അയാളുടെ പോളിസി. ഒരു ഷോ കോ-ഓര്‍ഡിനേറ്ററും ഇതേപോലെ ഉദ്ഘാടനത്തിന് വിളിച്ച് ചോദിക്കുന്ന പണം തരുമെന്ന് പറഞ്ഞു. പക്ഷേ അതും വര്‍ക്കാവില്ല എന്ന് ഞാന്‍ പറഞ്ഞു’– രഞ്ജിനി പറഞ്ഞു.
താന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് ‘വേശ്യ’യെന്നും ജീവിതത്തില്‍ വിജയിച്ച സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണെന്നും രഞ്ജിനി പറഞ്ഞു. ‘അവരുടെ വിചാരം ആളുകളുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്നാണ്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും എളുപ്പം. കഠിനാധ്വാനം ചെയ്യുന്നതാണ് പ്രയാസം. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. പരമ്പരാഗത രീതിയില്‍ നടക്കുന്നില്ല എന്നെല്ലാമാണ് ആളുകള്‍ക്ക് പറയാനുള്ളത്. അങ്ങനെയായാല്‍ നമ്മള്‍ ചീത്തയായല്ലോ. അല്ലാതെ നമ്മുടെ വിജയം ആഘോഷിക്കാന്‍ ഒന്നും ആരുമില്ല. ഈ ടാഗുകള്‍ എന്നും എപ്പോഴും കൂടെയുണ്ട്.’
ഒരിക്കല്‍ തന്റെ മുന്‍ കാമുകനൊപ്പമുള്ള ഫോട്ടോ പ്രചരിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. ‘എല്ലാരും പറഞ്ഞു, രഞ്ജിനി ഹരിദാസ് കള്ളുകുടിച്ചുവെന്ന്... ആണെങ്കില്‍ ഇപ്പോള്‍ എന്താ? ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. ആ ഫോട്ടോ പ്രചരിപ്പിച്ചയാളല്ലേ പ്രശ്നക്കാരന്‍. അതുപോലെ രഞ്ജിനി ഹരിദാസിന്റേതെന്ന രീതിയില്‍ ഒരു വിഡിയോ പ്രചരിച്ചിരുന്നു. അന്നും ഇന്നും എന്നും ഞാന്‍ പറഞ്ഞു, അത് ഞാനല്ല. നല്ല സൗന്ദര്യമുള്ള കുട്ടിയായിരുന്നു അതില്‍. അത് ഞാനായിരുന്നെങ്കില്‍ ഞാന്‍ എത്ര സന്തോഷവതിയായേനെ. എന്തും വിശ്വസിക്കുന്നവരാണ് ഈ ലോകത്ത്.’
‘ഇതാണ് ലോകം. ഇങ്ങനെ ഒരുപാട് പേരുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്രയും പ്രതികരിക്കുന്ന എന്റെ അവസ്ഥ ഇതാണെങ്കില്‍, പ്രതികരിക്കാന്‍ പോലുമാകാത്ത മറ്റുള്ളവരുടെ അവസ്ഥയോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്’– രഞ്ജിനി പറഞ്ഞു. അതേസമയം, ഒരു ബാഡ് എക്സ്പീരിയന്‍സും തന്നെ ഇന്നേവരെ ബാധിച്ചിട്ടില്ലെന്നും മറിച്ച് പുതിയ പല കാര്യങ്ങളും പഠിപ്പിച്ചിട്ടേയുള്ളൂ എന്നും രഞ്ജിനി പറഞ്ഞു. തനിക്കുള്ളതെല്ലാം വര്‍ഷങ്ങള്‍കൊണ്ട് കഷ്ടപ്പെട്ട് നേടിയെടുത്തതാണെന്നും അത് ഒരു സ്വകാര്യ അഹങ്കാരമാണെന്നും രഞ്ജിനി തലയുയര്‍ത്തി പറയുന്നു. തനിക്ക് മാറാന്‍ ഉദ്ദേശ്യമില്ലെന്ന് പറയുന്ന രഞ്ജിനി, ‘വണ്‍സ് എ ബാഡ് ഗേള്‍, ഓള്‍വെയ്‌സ് എ ബാഡ് ഗേള്‍’ എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.