AI Image
ഒരു കുഞ്ഞു ജീവന്‍ ഭൂമിയില്‍ പിറന്നതിന്‍റെ ആഘോഷവും ആഹ്ലാദവുമെല്ലാം നിറയുന്ന കാലമാണ് പ്രസവശേഷമുള്ള ആദ്യദിനങ്ങള്‍. അമ്മയാവട്ടെ, കുഞ്ഞിന് പാലുകൊടുക്കലും ഡയപ്പര്‍മാറ്റലുമെല്ലാമായി ദിവസങ്ങള്‍ പോകുന്നത് അറിയില്ല. ഉറക്കം മറ്റൊരു വഴിക്കും പോകും. ജീവിതവും മാറിമറിയും. കൈവളരുന്നോ കാല്‍വളരുന്നോ എന്നു നോക്കി ദിവസങ്ങള്‍ തള്ളിനീക്കുന്ന , അമ്മമാര്‍ സ്വന്തം ആരോഗ്യ പരിചരണം മറന്ന് പോകുന്നുവെന്നതാണ് വാസ്തവം. ഇത് പില്‍ക്കാലത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും തുടക്കത്തിലേ അല്‍പം ശ്രദ്ധവച്ചാല്‍ പിന്നീടുള്ള ശാരീരിക–മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഗര്‍ഭകാലത്ത് മാത്രമല്ല, പ്രസവശേഷം ഒരു അള്‍ട്രാ സൗണ്ട് സ്കാന്‍ എടുക്കുന്നത് നല്ലതാകുമെന്നാണ് ഗൈനക്കോളജിസ്റ്റുകളുടെ അഭിപ്രായം. പ്രസവത്തിനോ, പ്രസവശസ്ത്രക്രിയയ്ക്കോ ശേഷം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാനും മതിയായ പരിചരണം ഉറപ്പാക്കാനും സോണോഗ്രഫി സഹായിക്കുമെന്നും മാനസികാരോഗ്യ സംരക്ഷണത്തിനും ഇത് ഗുണം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രസവസമയത്ത് പ്ലാസന്‍റല്‍ കോശങ്ങള്‍ക്ക് സംഭവിക്കുന്ന ക്ഷതം രക്തസ്രാവത്തിന് കാരണമാകും. ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട് ചെയ്യുന്നതോടെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയും. ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങല്‍ മെല്ലെയാകുന്നതും രക്തസ്രാവം നിലയ്ക്കാതിരിക്കാന്‍ കാരണമായേക്കാം. ഇത് തിരിച്ചറിഞ്ഞാല്‍ ചികില്‍സ ഉറപ്പാക്കാന്‍ കഴിയുമെന്നതിന് പുറമെ വിളര്‍ച്ചയും അണുബാധയും ഒഴിവാക്കാന്‍ കഴിയും.
ഗര്‍ഭകാലത്തെടുക്കുന്ന സ്കാനുകള്‍ പോലെ തന്നെ പ്രധാനമാണ് പ്രസവശേഷമുള്ള പരിശോധനകളും. ഇതിലൂടെ ഗര്‍ഭാശയത്തിന്‍റെ ആരോഗ്യസ്ഥിതിയും അതിനോട് അനുബന്ധിച്ചുള്ള അവയവങ്ങളുടെ ആരോഗ്യവും ഉറപ്പുവരുത്താന്‍ കഴിയും. ഇതിനെല്ലാം പുറമെ വയറിനും ഇടുപ്പിനും പ്രസവശേഷം സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അള്‍ട്രാസൗണ്ട് സഹായിക്കും.
ഗര്‍ഭകാലത്ത് ഗര്‍ഭാശയം വികസിക്കുകയും ഹോര്‍മോണ്‍ നില കൂടുകയും കുറയുകയും ചെയ്യുകയും ശരീരത്തിലെ അവയവങ്ങളുടെ സ്ഥാനം മാറുകയും ചെയ്യും. പ്രസവശേഷം സമയമെടുത്താണ് ഇവ പൂര്‍വസ്ഥിതി പ്രാപിക്കുക. അതുകൊണ്ട് തന്നെ പ്രസവശേഷം രക്തസ്രാവം നിലയ്ക്കാതിരിക്കുകയാണെങ്കിലോ, വേദന കുറയാതിരിക്കുകയാണെങ്കിലോ നിര്‍ബന്ധമായും അള്‍ട്രാസൗണ്ട് സ്കാനിങ് നടത്തണം. നാലു മുതല്‍ ആറാഴ്ചയ്ക്കിടയില്‍ ഒരു പ്രശ്നവും അനുഭവപ്പെട്ടില്ലെങ്കിലും സ്കാനിങ് നടത്തുന്നതില്‍ തെറ്റില്ല.