സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം കൈക്കുഞ്ഞുങ്ങളെ വിട്ട് ജോലിക്കായും പഠനത്തിനായും പോകേണ്ടി വരുന്ന സ്ത്രീകളെപ്പറ്റി വൈറല്‍ കുറിപ്പുമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുൻ അസോ. പ്രഫസർ ദീപ സെയ്റ. ഒരു വയസ്സുള്ള കുഞ്ഞിനെ വിട്ടിട്ട് പഠിക്കാൻ പോയ സമയത്തെ അനുഭവമാണ് അവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
മുലപ്പാൽ നിറഞ്ഞു വിങ്ങുന്ന വേദനയറിഞ്ഞിട്ടുണ്ടോ? ഒരു വയസ്സുള്ള കുഞ്ഞിനെ വിട്ടിട്ട് പഠിക്കാൻ പോയപ്പോൾ ഞാനറിഞ്ഞിട്ടുണ്ട്...അവധി ദിവസം വീട്ടിൽ വന്നിട്ട് തിരികെ ഹോസ്റ്റലിലേക്ക് പോകുന്നതിന് തലേന്ന് രാത്രി ഉറക്കം വരാതെ അവനെ ചേർത്ത് പിടിച്ചെടുത്ത ചിത്രമാണിത്....വല്ലാത്ത വേദനയാണത്.
അതറിഞ്ഞുകൊണ്ട് തന്നെ അവനവനു വേണ്ടി, സ്വന്തം നിലനിൽപ്പിനും,കരിയറിനും അസ്തിത്വത്തിനും വേണ്ടി വീട്ടുകാരോട് വാദിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? സ്നേഹമാണ് അവരോടെനിക്ക്. പക്ഷെ പലപ്പോഴും അവർ തോറ്റു പോകാറുണ്ട്...അങ്ങനെയൊരുവളുടെ കഥയാണ്
"കൊച്ചിന് ഈ പിഴിഞ്ഞ് വച്ച പാല് കൊടുത്തിട്ട് എന്താ കാര്യം.. ഒരു കൊല്ലം ജോലിക്ക് പോകാതിരുന്നാൽ എന്ത് സംഭവിക്കാനാണ്!!"
അവൾ : "ബ്രേക്ക് കഴിഞ്ഞ് ജോലി കിട്ടാൻ എളുപ്പമല്ല..ഈ ജോലിയിൽ തുടർന്നാൽ എനിക്കുടനെ പ്രൊമോഷൻ കിട്ടും.. പുതിയ സ്ഥലത്ത് ചെന്നാൽ വീണ്ടും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യണം"
"ചെയ്യണം! കുഞ്ഞിനെ നോക്കിയിട്ടല്ലേ ബാക്കി!!"
അവൾ :"ഞാൻ രാവിലെ 9 മണിക്ക് പോയാൽ വൈകിട്ട് 6 ന് എത്തുമല്ലോ.. പാല് പിഴിഞ്ഞ് വയ്ക്കുന്നുണ്ട്.. പിന്നെ കുറുക്കും, ഇടയ്ക്ക് ഒരു തവണ Nan powder ഉം കലക്കി കൊടുത്തോളാൻ ഡോക്ടർ പറഞ്ഞല്ലോ? പിഴിഞ്ഞ് ഫ്രിഡ്ജിൽ വച്ച മുലപ്പാൽ കൊടുക്കാനും പറഞ്ഞിട്ടുണ്ട്... കുഞ്ഞിനെ നോക്കുന്ന ചേച്ചിയും ഉണ്ടല്ലോ ഇപ്പോൾ ... രാവിലെയും വൈകിട്ടും, രാത്രിയും ഞാൻ പാല് കൊടുക്കുന്നുണ്ട്...ഞാനീ ജോലി കളഞ്ഞ് ഒരു കൊല്ലം മുഴുവൻ വെറുതെയിരുന്നു മുരടിച്ചു വീണ്ടും ജോലിയില്ലാതായാൽ ഈ കണ്ട കാലം മുഴുവൻ ഞാൻ പഠിച്ചത് വെറുതെയാവും..കുറച്ചു മാസങ്ങൾ ഒരല്പം എല്ലാവരും അഡ്ജസ്റ്റ് ചെയ്‌താൽ നല്ലൊരു ജോലി പോവാതെ, എന്റെ ആത്മവിശ്വാസം പോകാതെ, സാമ്പത്തികമായി നഷ്ടം വരാതെ മുന്നോട്ട് പോകാം...പിന്നെ കൊച്ച് എന്റെ മാത്രമല്ലല്ലോ... അദ്ദേഹത്തിന്റെ ജോലിക്ക് ഇതൊന്നും ബാധകമല്ലേ?!"
ഓഫീസിലിരിക്കുമ്പോൾ പാല് നിറഞ്ഞു വിങ്ങുന്ന വേദനയും, രാവിലെ ഇറങ്ങാൻ നേരം കുഞ്ഞു കരയുമ്പോൾ പൊട്ടിപോകുന്ന നെഞ്ചും, ആരെയും കാണിക്കാതെയാണ് അവൾ തനിക്ക് വേണ്ടി ഒറ്റയ്ക്ക് വാദിക്കുന്നത്
അങ്ങേയറ്റം നിരാശയോടെയാണ് ഈ തർക്കം അവസാനിച്ചത്...! അവളിപ്പോഴും വീട്ടിൽ തന്നെയുണ്ട്.
"കല്യാണത്തിന് ശേഷം ജോലിക്ക് വിടാന്ന് ഉറപ്പ് തന്നിട്ടുണ്ട് ചേച്ചി" എന്നവൾ വന്നു പറഞ്ഞപ്പോഴേ ഞാൻ ചോദിച്ചതാണ്, ആരാണ് നിനക്ക് അനുവാദം തന്നത്, ആരുടെ അനുവാദമാണ് നിനക്ക് വേണ്ടത് എന്ന്... കല്യാണത്തിന് ശേഷം കഷ്ടിച്ച് മൂന്ന് മാസം ജോലിക്ക് പോയി. അപ്പോൾ തന്നെ ഗർഭിണി, പ്രസവം... ദേ ഇപ്പോൾ മുകളിൽ കാണുന്നതാണ് സീൻ!!
കരിയർ ബ്രേക്ക് എന്നത് എന്നുമൊരു പേടിസ്വപ്നമാണ്... പ്രസവവും കുഞ്ഞുമായി ഒരു വർഷമോ അതിലധികമോ വീട്ടിലിരിക്കേണ്ടി വന്നാൽ അതിനു ശേഷം ഒരു ജോലി നേടുന്നത് ബുദ്ധിമുട്ടായികൊണ്ടിരിക്കുന്നു. ഒരു വർഷമെന്ന് പറഞ്ഞു തുടങ്ങുന്ന ബ്രേക്ക്, കുഞ്ഞിന് വേണ്ടി, പിന്നീട് ഭർത്താവിന്റെ നിർബന്ധം കൊണ്ട്, നാട്ടുകാരുടെ പറച്ചിൽ കൊണ്ട് നാലും അഞ്ചും വർഷം വരെ നീളുന്നു.. ഒടുവിൽ ഒരു ജോലിക്ക് അപ്ലൈ ചെയ്യുമ്പോഴോ??! ഇത്രേം നാൾ ബ്രെക്ക് ഉള്ളത് കൊണ്ട് നമ്മൾ എലിജിബിൾ അല്ലത്രേ!! ജോലിയുടെ രീതിയും സാങ്കേതികതയും വരെ അപ്പോഴേക്കും മാറിയിട്ടുണ്ടാവുകയും ചെയ്യും..!
ആറു മാസത്തെ/മൂന്ന് മാസത്തെ matternity leave കഴിഞ്ഞാൽ എത്രയും വേഗം തിരികെ ജോലിക്ക് കയറുക. ഗർഭത്തെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ ഇതിനുള്ള വഴികൂടി കണ്ടു വെച്ചോളൂ പെണ്ണുങ്ങളെ.. അല്ലെങ്കിൽ കൊച്ചിന് അഞ്ചു വയസാവുന്ന വരെ മ്മക്ക് വീട്ടിൽ തന്നെ കൂടാം– ദീപ സെയ്റ വ്യക്തമാക്കുന്നു.