മൂന്നു വയസും 10 വയസും പ്രായമുളള രണ്ടു കുട്ടികളുമായി സൈക്കിളില്‍ കേരള യാത്ര നടത്തുന്ന കുടുംബത്തെ പരിചയപ്പെടാം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ആഷിക്,വര്‍ധ നിഷാന ദമ്പതികളാണ് മക്കളുമായി സൈക്കിള്‍ യാത്ര ആരംഭിച്ചത്. സ്വന്തം വഴിച്ചെലവിവനായി കച്ചവടവും നടത്തിയാണ് യാത്ര.
പുതുവർഷത്തിൽ സ്വപ്നങ്ങളെ പിന്തുടരാൻ ധീരമായ തീരുമാനങ്ങളുമായാണ് യാത്ര. മൂന്നു വയസുകാരന്‍ ആര്യൻ അർശിനേയും പത്തു വയസുകാരന്‍ കാഹിൽ അർശിനേയും ഒപ്പം കൂട്ടി. പത്തു വയസുകാരന് സുരക്ഷിതമായൊരു സൈക്കിള്‍ സജ്ജീകരിച്ചപ്പോള്‍ മൂന്നു വയസുകാരന് അമ്മയ്ക്കു പിന്നിലൊരു സീറ്റ് ക്രമീകരിച്ചു.
മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ആഷിക് വർഷങ്ങൾക്കു മുൻപു തന്നെ സൈക്കിളിൽ നാടു ചുറ്റാറുണ്ട്. ആ സോളോ യാത്രകൾ വയനാട്ടിലും ഊട്ടിയിലും കൊടൈക്കനാലിലും വരെയെത്തിയിട്ടുണ്ട്. ഫാർമസിസ്റ്റായ ഭാര്യ വർദ നിഷാന കുറച്ചു കഴിഞ്ഞാണ് സൈക്കിളുമായി കൂട്ടുകൂടിയത്. രണ്ടു പേരും ജോലി ഉപേക്ഷിച്ചാണ് മാസങ്ങളെടുക്കുന്ന യാത്രക്കൊരുങ്ങിയത്. യാത്ര ചിലവ് കണ്ടെത്താന്‍ പെര്‍ഫ്യൂം കച്ചവടവുമുണ്ട്. കേരള പര്യടനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യവും പിന്നീട് ലോകവുമാകെ കറങ്ങാനുളള പുറപ്പാടിലാണ് ഈ കുടുംബം.