metropolisindia
സിസേറിയൻ പ്രസവത്തിന് ശേഷം സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നൽകുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. വൈദ്യശാസ്ത്രത്തിൽ വിബാക് (വജൈനൽ ബർത്ത് ആഫ്റ്റർ സിസേറിയൻ) എന്നറിയപ്പെടുന്ന ഈ സാധ്യത ഗർഭിണികൾക്കിടയിൽ സ്വീകാര്യതയേറുന്നു.
അംബാല സ്വദേശിനിയായ സ്തുതി ജെയിനിന്റെ ആദ്യത്തെ കുഞ്ഞ് സിസേറിയനിലൂടെയാണ് ജനിച്ചത്. എന്നാൽ രണ്ടാമത്തെ പ്രസവം സാധാരണ നിലയിലായിരുന്നു. ഒരു സ്കൂൾ നടത്തുന്ന സ്തുതിയും ചാർട്ടേഡ് അക്കൗണ്ടന്റായ ഭർത്താവും ഡൽഹിയിലെ സീതാറാം ഭാരതിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിൽ വിബാക്കിനെക്കുറിച്ച് അറിഞ്ഞാണ് അവിടേക്ക് എത്തിയത്.
ഡൽഹി വസന്ത് കുഞ്ജ് സ്വദേശിനി ആകാംക്ഷ ലാലിന്‍റെ അനുഭവവും പ്രതീക്ഷയേകുന്നതാണ്. ജൂണിൽ അവർ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. 2017ൽ ശസ്ത്രക്രിയയിലൂടെയായിരുന്നു ആദ്യ പ്രസവം. എന്നാൽ തുടർന്നുള്ള രണ്ടു കുട്ടികളും സാധാരണ പ്രസവത്തിലൂടെയാണ് ജനിച്ചത്. വിബാക് എന്നതിനേക്കാൾ ശരിയായ പ്രയോഗം ടോലാക് (ട്രയൽ ഓഫ് ലേബർ ആഫ്റ്റർ സിസേറിയൻ) ആണെന്ന് ഡോക്ടർമാർ പറയുന്നു.
സീതാറാം ഭാരതിയയിലെ ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രീതി അറോറയുടെ അഭിപ്രായത്തിൽ, ടോലാക് കേസുകളിൽ 80 ശതമാനമാണ് ആശുപത്രിയിലെ വിജയനിരക്ക്. ആദ്യമായി പ്രസവിക്കുന്ന അമ്മമാരിൽ സാധാരണ പ്രസവത്തിനുള്ള സാധ്യത 87 ശതമാനമാണ്.
വിബാക് നിർദേശിക്കുന്നതിനു മുൻപ് ഡോക്ടർമാർ പല ഘടകങ്ങളും വിലയിരുത്തും. ആദ്യ സിസേറിയന്റെ കാരണം, സിസേറിയനും അടുത്ത ഗർഭധാരണവും തമ്മിലുള്ള കൃത്യമായ ഇടവേള, മുൻ ശസ്ത്രക്രിയകളുടെ വിവരങ്ങൾ, മുറിവിന്റെ വലുപ്പം, മറ്റ് സങ്കീർണതകളോ അണുബാധകളോ, കുഞ്ഞിന്റെ ഭാരം, പ്രസവസമയത്തുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വർധിച്ചുവരുന്ന ബോധവൽക്കരണവും ശരിയായ മാര്‍ഗനിര്‍ദേശലവും കൊണ്ട്, സിസേറിയനു ശേഷമുള്ള സാധാരണ പ്രസവം ഒരു സാധ്യത മാത്രമല്ല, സുരക്ഷിതമായ യാഥാർഥ്യംകൂടിയായി മാറുകയാണ്.