AI Generated Image
ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളിക കഴിച്ച് 18കാരി മരിച്ച സംഭവം വളരെ ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. രക്തം കട്ടപ്പിടിച്ചാണ് 18കാരി മരിച്ചത്. മൂന്ന് ദിവസം ഹോർമോൺ ഗുളികകൾ കഴിച്ചതായും പിന്നീട് തുടകളിലും കാലുകളിലും നീര് വന്നതായും ഡോ. വിവേകാനന്ദ് വെളിപ്പെടുത്തിയിരുന്നു. അപകടകരമായി രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയിൻ ത്രോംബോസിസാണ് കുട്ടിയെ ബാധിച്ചതെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നത്തെ കാലത്ത് നിരവധി സ്ത്രീകള്‍ പലകാരണങ്ങളാല്‍ ആർത്തവചക്രം നീട്ടിവെക്കാനുള്ള ഗുളികകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ ഗുളികകൾ കഴിക്കുന്നത് പലതരത്തിലുള്ള അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായാണ് വിവിധ പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്.
ആര്‍ത്തവചക്രം നീട്ടി വയ്ക്കാനുള്ള ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍.
സാധാരണയായി നോറെതിസ്റ്ററോൺ എന്ന ഹോർമോൺ അടിസ്ഥാനമാക്കിയുള്ള മരുന്നാണ് ഇത്തരം ഗുളികകളിൽ അടങ്ങിയിട്ടുള്ളത്. ആർത്തവത്തിന് കാരണമാകുന്ന ഹോർമോണുകളിലുണ്ടാകുന്ന സ്വാഭാവികമായ കുറവ് തടഞ്ഞുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഹോർമോൺ നില സ്ഥിരമായി നിലനിർത്തുന്നതിലൂടെ ഇവ ഗർഭാശയ പാളികൾ അടർന്നുപോകുന്നത് തടയുകയും ഗുളിക കഴിക്കുന്നത് നിർത്തുന്നത് വരെ ആർത്തവം വൈകിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, ഈ ഗുളികകൾക്ക് ഹോർമോൺ സന്തുലിതാവസ്ഥയെയും രക്തത്തിന്റെ രാസഘടനയെയും ബാധിക്കാൻ കഴിയും.രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഈ മരുന്നു വർധിപ്പിക്കുന്നു
ആർത്തവം വൈകിപ്പിക്കാനുള്ള ഗുളികകളുടെ ഹ്രസ്വകാല ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത് വളരെ വിരളമാണ്. എന്നാൽ, അമിതവണ്ണമുള്ളവര്‍, പുകവലി ശീലമുള്ളവർ പ്രത്യേകിച്ച് 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പാരമ്പര്യ രോഗങ്ങളുള്ളവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, മൈഗ്രേയ്ൻ പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ ഈ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനായി ആർത്തവം വൈകിപ്പിക്കാനുള്ള ഗുളികകൾ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നതാണ് ഉചിതം.