AI generated image
'ബ്യൂട്ടി പാര്‍ലറിലെത്തി പുരികം ത്രെഡ് ചെയ്തതിന് പിന്നാലെ യുവതിയുടെ കരള്‍ പ്രവര്‍ത്തരഹിതമായി'! ഇന്‍സ്റ്റഗ്രാമില്‍ അടുത്തയിെട വൈറലായ വാര്‍ത്തയാണിത്. പുരികമെടുത്താല്‍ കരള്‍ പിണങ്ങുമോ? മഞ്ഞപ്പിത്തം വരുമോ? കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുമോ? നൂറ് നൂറ് ആശങ്കകളാണ് ഇന്‍സ്റ്റഗ്രാം കുറിപ്പിന് പിന്നാല ഉയര്‍ന്നത്.
പുരികം ത്രെഡ് ചെയ്താല്‍ സത്യത്തില്‍ മഞ്ഞപ്പിത്തം പിടിക്കുമോ? പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍ അദിതിജ് ധമിജ പറയുന്നത്. മറ്റൊരാളുടെ പുരികം ത്രെഡ് ചെയ്യാന്‍ ഉപയോഗിച്ച അതേ നൂല്‍ ഉപയോഗിച്ചതോടെയാണ് 28കാരിക്ക് അണുബാധയുണ്ടായത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത് ഗുരുതര കരള്‍രോഗമായി മാറി. വൈറല്‍ ഹെപ്പറ്റൈറ്റിസാണ് യുവതിക്ക് സ്ഥിരീകരിച്ചത്. ഇത് പുനരുപയോഗിച്ച നൂലിലൂടെയാണ് വന്നതെന്നാണ് കരുതുന്നത്.
കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നാമെങ്കിലും കാര്യം അല്‍പം ഗൗരവമാണ്. പുരികം ത്രെഡ് ചെയ്താല്‍ കരളിന് ഒരു തകരാറും സംഭവിക്കുകയില്ല. പക്ഷേ ബ്യൂട്ടി പാര്‍ലറുകളില്‍ ഒന്നിലധികം പേര്‍ക്ക് ഒരേ നൂല്‍ ഉപയോഗിക്കുമ്പോഴും പാര്‍ലറിലെ ജീവനക്കാര്‍ മതിയായ ശുചിത്വം പാലിക്കാതെ വരുമ്പോഴും അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. പുരികമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ചെറു മുറിവുകള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ശരീരത്തില്‍ കടക്കാന്‍ ഇടയാക്കിയേക്കാം. വൈറസുകള്‍ ശരീരത്തില്‍ കടന്നാലും ചിലപ്പോള്‍ നിശബ്ദരായിരിക്കും. സമയമെടുത്താകും ശരീരത്തില്‍ അണുബാധയുണ്ടാവുക. ചികില്‍സിച്ചില്ലെങ്കില്‍ സിറോസിസ്, കരള്‍വീക്കം, കരളിന്‍റെ പ്രവര്‍ത്തനം പാടേ നിലയ്ക്കുക എന്നീ അവസ്ഥകളിലുമെത്താം. ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ക്ക് ശരീരത്തിന് പുറത്ത് ദീര്‍ഘകാലം സജീവമായി നിലനില്‍ക്കാന്‍ കഴിയും.
ത്രെഡിങും വാക്സിങും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പുതിയ നൂല്‍ ഉപയോഗിക്കാന്‍ പറയുക, സലൂണ്‍ ജീവനക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ത്രെഡ് ചെയ്യാതിരിക്കുക. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കുന്നുണ്ടെന്നും ഗ്ലൗസ് ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഹെപ്പറ്റൈറ്റിസ് ബി വാക്സീന്‍ എടുത്തിട്ടില്ലെങ്കില്‍ എടുക്കുക. ക്ഷീണമോ, കണ്ണുകളില്‍ മഞ്ഞപ്പോ, മൂത്രം മഞ്ഞ നിറത്തിലോ പോകുന്നത് കണ്ടാല്‍ ഡോക്ടറെ കാണുകയും പറയുന്ന പരിശോധനകള്‍ നടത്തുകയും ചെയ്യുക.