AI Generated Images
സ്ത്രീശരീരത്തില്‍ ഏറ്റവുമധികം വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗമാണ് വജൈന അഥവാ യോനി. ഏറ്റവുമധികം അണുബാധകളും അനുബന്ധരോഗങ്ങളും പിടിപെടാന്‍ സാധ്യതയുളളയും യോനീഭാഗത്താണ്. അതിനാല്‍ തന്നെ യോനി സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യോനിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വജൈനല്‍ ഫിസ്റ്റുല. ഓരോ വര്‍ഷവും 50,000 മുതല്‍ ഒരു ലക്ഷം വരെ സ്ത്രീകള്‍ക്ക് വജൈനല്‍ ഫിസ്റ്റുല ബാധിക്കപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യോനീ ഭിത്തികളില്‍ ദ്വാരം രൂപപ്പെടുകയും ഈ ദ്വാരം കുടല്‍, റെക്ടം, മൂത്രസഞ്ചി എന്നിങ്ങനെയുളള ഏതെങ്കിലും ആന്തരിക അവയവവുമായി ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വജൈനല്‍ ഫിസ്റ്റുല. യോനിയിലുണ്ടാകുന്ന ഈ ദ്വാരം ഏത് അവയവവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഏതു തരം വജൈനല്‍ ഫിസ്റ്റുലയാണ് രോഗിയെ ബാധിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്നത്. യോനിയിലുണ്ടാകുന്ന ദ്വാരം റെക്ടവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കില്‍ അതിനെ റെക്ടോവജൈനല്‍ ഫിസ്റ്റുലയായി കണക്കാക്കും. ഇനി മൂത്രസഞ്ചിയുമായിട്ടാണ് ബന്ധമെങ്കില്‍ അതിനെ വെസിക്കോവജൈനല്‍ ഫിസ്റ്റുലയെന്നും ചെറുകുടലുമായിട്ടാണെങ്കിൽ എന്‍റെറോവജൈനല്‍ ഫിസ്റ്റുലയെന്നും കണക്കാക്കുന്നു. ഇനി യോനിയിലുണ്ടാകുന്ന ഈ ദ്വാരം കോളനുമായിട്ടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ അതിനെ കോളോവജൈനല്‍ ഫിസ്റ്റുലയെന്നും മൂത്രനാളിയായിട്ടാണെങ്കിൽ യൂറെറ്റെറോവജൈനല്‍ ഫിസ്റ്റുലയെന്നും വിളിക്കുന്നു. മൂത്രദ്വാരവുമായിട്ടാണ് ഈ ദ്വാരത്തിന് ബന്ധമെങ്കില്‍ അതിനെ യൂറെത്രോവജൈനല്‍ ഫിസ്റ്റുലയായും കണക്കാക്കും.
ഏതുതരം വജൈനല്‍ ഫിസ്റ്റുലയാണ് രോഗിയെ ബാധിച്ചിരിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചികിത്സ. മലം ചോരുന്ന അവസ്ഥ, യോനിയില്‍നിന്ന് ദുര്‍ഗന്ധമുള്ള സ്രവങ്ങള്‍ വരിക, അടിവയറ്റിൽ വേദന, മൂത്രം ചോരുന്ന അവസ്ഥ, യോനിയില്‍ ചൊറിച്ചിലും അണുബാധയും, മനംമറിച്ചിലും ഛര്‍ദ്ദിയും, വൃക്കയിലും മൂത്രനാളിയിലും അണുബാധ, യോനിയില്‍ നിന്നോ റെക്ടത്തില്‍ നിന്നോ രക്തസ്രാവം, അകാരണമായ ഭാരനഷ്ടം, ലൈംഗികബന്ധത്തിനിടെ വേദന എന്നിവയാണ് വജൈനല്‍ ഫിസ്റ്റുലയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികില്‍സയരുത്. ഉടനടി ആശുപത്രിയെ സമീപിക്കുക.