Image : Meta AI
പ്രായമാകുന്തോറം പകലുറക്കം വര്‍ധിച്ചു വരാറുണ്ട്. എന്നാല്‍ 80 വയസ് പിന്നിട്ട സ്ത്രീകളുടെ പകലുറക്കം അത്ര കൂളായി എടുക്കേണ്ടെന്ന് പഠനം. പകല്‍ ഉറങ്ങുന്ന, എണ്‍പതുപിന്നിട്ട സ്ത്രീകളില്‍ ഡിമന്‍ഷ്യ സാധ്യത ഇരട്ടിയിലേറെയാണെന്നാണ് കണ്ടെത്തല്‍. അഞ്ചുവര്‍ഷത്തെ ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ശരാശരി 83 വയസ് പ്രായമുള്ള 733 സ്ത്രീകളിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തില്‍ ഇവരിലാര്‍ക്കും നേരിയ തോതില്‍ പോലും ഡിമന്‍ഷ്യയോ ഓര്‍മ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. പഠന കാലയളവിനിടയില്‍ 164 പേര്‍ക്ക് ചിന്തിക്കുന്നതിനും കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമടക്കം നേരിയ ബുദ്ധിമുട്ടുകള്‍ തുടങ്ങി. 93 പേര്‍ക്ക് ഡിമന്‍ഷ്യയും ബാധിച്ചു.
പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ഉറക്കവും ദൈനംദിന പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനായി വാച്ചിന് സമാനമായ ഉപകരണം നല്‍കി. പഠനത്തിന്റെ പ്രാരംഭ ഘട്ടത്തിലെ മൂന്ന് ദിവസവും അവസാന ഘട്ടത്തിലെ മൂന്ന് ദിവസങ്ങളിലുമാണ് ഇതുപയോഗിച്ചത്. രാത്രിയിലെ ഉറക്കത്തിന്റെ ദൈര്‍ഘ്യം, അതിന്‍റെ നിലവാരം, പകലുറക്കം, ദിനചര്യയിലെ മാറ്റങ്ങള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. അഞ്ചുവര്‍ഷത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 56 ശതമാനം പേരുടെയും ഉറക്കത്തിന്റെ രീതികളില്‍ പ്രകടമായ മാറ്റമാണ് ഉണ്ടായത്. ഇതോടെ പഠനവിധേയരായവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. സ്ഥിരമായി നല്ല ഉറക്കം ലഭിക്കുന്നവര്‍ അല്ലെങ്കില്‍ ഉറക്കം മെച്ചപ്പെട്ടവര്‍, രാത്രിയില്‍ ഉറക്കം കുറഞ്ഞവര്‍, പകല്‍ ഉറക്കച്ചടവോടെ ഇരിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു തരംതിരിവ്.
പ്രതീകാത്മക ചിത്രം (Image Credit: ജോസുകുട്ടി പനയ്ക്കല്‍)
44 ശതമാനം പേര്‍ ആദ്യത്തെ ഗ്രൂപ്പിലും 35 ശതമാനം പേര്‍ രണ്ടാമത്തെ ഗ്രൂപ്പിലും 21 ശതമാനം മൂന്നാമത്തെ വിഭാഗത്തിലും ഇടംപിടിച്ചു. ഈ മാറ്റങ്ങള്‍ ഡിമന്‍ഷ്യയ്ക്ക് കാരമണാകുന്നുണ്ടോ എന്നായിരുന്നു പഠനം. ശാന്തമായി ഉറങ്ങുന്നവരില്‍ എട്ടുശതമാനം പേര്‍ക്ക് മാത്രമാണ് ഡിമന്‍ഷ്യ ലക്ഷണങ്ങള്‍ ഉണ്ടായത്. രാത്രി ഉറക്കം കുറഞ്ഞവരില്‍ 15 ശതമാനവും ഉറക്കക്ഷീണമേറിയവരില്‍ 19 ശതമാനവും ഡിമന്‍ഷ്യ ബാധിച്ചതായി കണ്ടെത്തി.
പ്രായം, വിദ്യാഭ്യാസം എന്നിവയും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വേര്‍തിരിച്ച് നടത്തിയ വിശകലനത്തില്‍ രാത്രിയില്‍ ആരോഗ്യകരമായ ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച് പകല്‍നേരത്ത് കൂടി ഉറങ്ങുന്നവരില്‍ ഡിമന്‍ഷ്യ സാധ്യത ഇരട്ടിയെന്ന് കണ്ടെത്തി. അതേസമയം, രാത്രിയില്‍ ഉറക്കം കുറഞ്ഞവരില്‍ ഇത് വലിയ തോതില്‍ പ്രകടമായതുമില്ല. വിഷയത്തില്‍ കൂടുതല്‍ ഗൗരവമായ പഠനങ്ങള്‍ വേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു.
പ്രതീകാത്മക ചിത്രം( Image Credit : Manorama, ഫഹദ് മുനീര്‍)
എന്താണ് ഡിമന്‍ഷ്യ?
ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ ഏകോപിപ്പിക്കാനും മതിയായ ആശയവിനിമയം നടത്താനും കഴിയാതെ വരുന്ന അവസ്ഥയാണ് ഡിമന്‍ഷ്യ. അല്‍സ്‌ഹൈമേഴ്‌സ് പോലെയുള്ള ഒരുകൂട്ടം അസുഖങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാവാറുണ്ട്. തലച്ചോറിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്ന നാഡീവ്യൂഹങ്ങള്‍ ക്ഷയിക്കുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാവുന്നത്. കൂടുതലും പ്രായമേറിയവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്.
എങ്ങനെ തിരിച്ചറിയാം?
പ്രതിരോധമെന്ത്?
ഇത്തരം ലക്ഷണങ്ങള്‍ വീട്ടിലുള്ള മുതിര്‍ന്നവരില്‍ കണ്ടാല്‍ പ്രായമാകുന്നതിന്റേതാണ് എന്ന് നിസാരമാക്കേണ്ട. ഉടന്‍ തന്നെ മെച്ചപ്പെട്ട ചികില്‍സ തേടുകയും പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കുകയും ചെയ്യുക. വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും അതിവേഗം വഴുതി വീഴാമെന്നതിനാല്‍ അനുഭാവ പൂര്‍വം പെരുമാറുക.