എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ശരീരപ്രകൃതി മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർധിപ്പിക്കാനും വേണ്ടി കോസ്മെറ്റിക് സർജറികളിലേക്കും ട്രീറ്റ്‌മെന്റുകളിലേക്കും തിരിയുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയതും എന്നാൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ ഒന്നാണ് ‘പെനൈൽ ഫില്ലറുകൾ’ (Penis/Penile Fillers). ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ട്രെൻഡുകളും മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ സങ്കൽപങ്ങളുമാണ് യുവാക്കളെ ഇത്തരം പ്രക്രിയകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇതുമൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും.
പുരുഷന്മാർക്കിടയിൽ 'പെനൈൽ ഫില്ലറുകൾ' ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഈ രീതിയുടെ അപകടസാധ്യതകളെക്കുറിച്ച് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ലിംഗവലുപ്പം കൂട്ടാനും കിടപ്പറയിലെ ആത്മവിശ്വാസം വർധിപ്പിക്കാനും ഒട്ടേറെ പേരാണ് ഈ രീതി സ്വീകരിക്കുന്നത്. പുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചിത്രീകരണങ്ങളും ബോഡി ഇമേജിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയുമാണ് പലരെയും ഇത്തരം പരീക്ഷണങ്ങളിലേക്ക് നയിക്കുന്നത്.
ലിംഗവലുപ്പം വർദ്ധിപ്പിക്കുന്നതിനായി ശസ്ത്രക്രിയയിലൂടെയും അല്ലാതെയുമുള്ള വിവിധ മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇതിൽ ഏറ്റവും സാധാരണമായ രീതിയാണ് ഹ്യുലൂറോണിക് ആസിഡ് (Hyaluronic Acid) കുത്തിവയ്ക്കുന്നത്. ചുണ്ടുകളിലെ ഫില്ലറുകളിൽ ഉപയോഗിക്കുന്ന, ജെൽ പോലെയുള്ള ഹ്യുലൂറോണിക് ആസിഡ് കുത്തിവയ്ക്കുന്നതാണ് രീതി. ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പദാര്‍ഥമാണ് ഹ്യുലൂറോണിക് ആസിഡ്. ഇതിനുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കോസ്മെറ്റിക് വിദഗ്ധർ പറയുന്നു. ഇരുപത് മുതല്‍ എഴുപത് വയസുവരെയുള്ള പുരുഷന്‍മാര്‍ ഫില്ലറുകള്‍ക്കായി ക്ലിനിക്കില്‍ എത്തുന്നുണ്ട്. 3,500 പൗണ്ട് അതായത് ഏകദേശം നാലരലക്ഷം ഇന്ത്യന്‍ രൂപയാണ് ചെലവ്.
എന്നാല്‍ പെനൈൽ ഫില്ലറുകൾ ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യോഗ്യതയില്ലാത്ത ആളുകളില്‍ നിന്നോ ക്ലിനിക്കുകളിൽ നിന്നോ ഫില്ലറുകള്‍ വയ്ക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ആവശ്യമായ പരിശോധനകളില്ലാതെ ചെയ്യുന്ന ഇത്തരം പ്രക്രിയകൾ ലൈംഗിക ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. വൃത്തിയുള്ള, ശരിയായ സാഹചര്യത്തിലല്ലെങ്കിൽ ഗുരുതരമായ അണുബാധ ഉണ്ടാകാം. ചിലപ്പോള്‍ ഫില്ലറുകൾ കട്ടപിടിക്കുകയും ലിംഗത്തിന്‍റെ ആകൃതി വികൃതമാവുകയും ചെയ്യാം. ഇത് കടുത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും. ഉദ്ധാരണത്തിന് ആവശ്യമായ പ്രധാന ഘടനകൾക്കും രക്തക്കുഴലുകൾക്കും പരിക്കേൽക്കാനും സാധ്യതയുണ്ട്. കൂടാതെ തെറ്റായ ഫില്ലറുകൾ ഉപയോഗിക്കുന്നത് മൂലം രക്തയോട്ടം നിലച്ച് ലിംഗത്തിന് ബലക്ഷയവും സംഭവിക്കാം. ഇവ രോഗിക്ക് ശാരീരിക ആഘാതം മാത്രമല്ല, കടുത്ത മാനസിക ആഘാതവും ഉണ്ടാക്കും. മാത്രമല്ല ഫില്ലറുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും പ്രയാസകരവും സങ്കീർണ്ണവുമായ ശസ്ത്രക്രിയകൾ ആവശ്യമുള്ളതാണ്. ഫില്ലറുകൾ ഉപയോഗിക്കുന്ന എല്ലാ പ്രക്രിയകൾക്കും ഇത്തരം അപകടസാധ്യതകളുണ്ട്.
എത്ര പുരുഷന്മാർ തങ്ങളുടെ ലിംഗത്തിൽ ഫില്ലറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്നും വ്യക്തമല്ല. ഔദ്യോഗിക കണക്കുകളോ കൃത്യമായ നിയന്ത്രണങ്ങളോ ഇല്ലാത്ത ഈ മേഖലയിൽ ആർക്കുവേണമെങ്കിലും ഇത്തരം കോസ്മെറ്റിക് സേവനങ്ങള്‍ സ്വീകരിക്കാം, നല്‍കുകയും ചെയ്യാം എന്ന സ്ഥിതി ഗുരുതര അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ചിലയിടങ്ങളില്‍ ശസ്ത്രക്രിയകൾ പിഴച്ചതിനെത്തുടർന്ന് വിധേയനായ വ്യക്തിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
ഇത്തരം ഫില്ലറുകളുടെ പൂർണ്ണമായ നിരോധനം ഒരുപക്ഷേ വളരെ കടുപ്പമേറിയതായിരിക്കും എന്ന് വിദഗ്ദര്‍ പറയുന്നു, എന്നാൽ ഇവ തുടരുകയാണെങ്കിൽ വലിയ തോതിലുള്ള നിയന്ത്രണങ്ങളും ആവശ്യമാണ്. ഡേറ്റയുടെ കുറവും യോഗ്യതാ മാനദണ്ഡങ്ങളുടെ അഭാവവുമാണ് പ്രധാന വെല്ലുവിളി. ഈ രംഗത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, ഫില്ലർ പ്രക്രിയകൾ രേഖപ്പെടുത്താൻ രജിസ്ട്രി വേണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ബോഡി ഇമേജിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയുള്ളവർ ഇത്തരം വഴികൾ തേടുന്നതിന് മുൻപ് മനഃശാസ്ത്ര വിദഗ്ദരുടെ പിന്തുണയോ യോഗ്യതയുള്ള ഡോക്ടർമാരുടെ ഉപദേശമോ തേടണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു. സൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം ആരോഗ്യത്തെക്കാൾ വലുതാകരുത് എന്നും, സോഷ്യൽ മീഡിയയിൽ കാണുന്ന ട്രെൻഡുകൾ അതേപടി അനുകരിക്കുന്നത് അപകടകരമാണെന്നും റിപ്പോർട്ട് എടുത്തുപറയുന്നു.