male-fertility-issue

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

കഴിഞ്ഞ 50 വർഷത്തിനിടെ പുരുഷന്മാരിലെ ശരാശരി ടെസ്റ്റോസ്റ്റിറോൺ അളവ് പകുതിയായി കുറഞ്ഞുവെന്ന് പഠനം. പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി അപകടകരമായ നിലയിലാണെന്ന മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്. ടെസ്റ്റോസ്റ്റിറോൺ അളവിലുണ്ടായ ഈ വലിയ ഇടിവ് ഗൗരവമായി കാണണമെന്നും മുൻകരുതലുകൾ ഉടൻ സ്വീകരിക്കണമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഹാഗായി ലെവിൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവം ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ബീജങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയ ‘സ്പെർമാഗെഡൺ’ (spermageddon) എന്ന പഠനത്തിന് പിന്നിലും ലെവിന്റെ സംഘമായിരുന്നു.

പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും വലിയ ഇടിവുണ്ടായതായി നേരത്തെയും പഠനങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ടെസ്റ്റോസ്റ്റിറോൺ അളവിലെ കുറവും ആശങ്കയായി മാറുന്നത്. ലണ്ടനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ റീപ്രൊഡക്ഷൻ ആൻഡ് എംബ്രിയോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 1972-നും 2019-നും ഇടയിൽ പുരുഷന്മാരിലെ മൊത്തം ടെസ്റ്റോസ്റ്റിറോൺ അളവ് 54% കുറഞ്ഞിട്ടുണ്ട്.

ജീവിതശൈലിയിലെ മാറ്റങ്ങൾ, അമിതവണ്ണം, പ്രമേഹം തുടങ്ങിയവ ഇതിന് വലിയൊരു കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമിതഭാരം ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിനെ ഈസ്ട്രജനായി മാറ്റുകയും ഹോർമോൺ സിഗ്നലുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പ്രമേഹം ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിനും ബീജത്തിന്റെ ഗുണനിലവാരം മോശമാകുന്നതിനും കാരണമാകുന്നുണ്ട്.

2045-ഓടെ ബീജങ്ങളുടെ എണ്ണം പൂജ്യത്തിലെത്തുമെന്ന് പ്രൊഫ. ഷാന സ്വാൻ പോലുള്ളവർ മുന്നറിയിപ്പ് നൽകുമ്പോൾ ഈ കണ്ടെത്തലുകളെ പൂർണ്ണമായി അംഗീകരിക്കാത്ത ശാസ്ത്രജ്ഞരുമുണ്ട്. ബീജങ്ങളുടെ എണ്ണത്തിലോ ടെസ്റ്റോസ്റ്റിറോൺ അളവിലോ വലിയ കുറവില്ലെന്നും നിലവിലെ പഠനങ്ങൾ തെരഞ്ഞെടുത്ത ആളുകളുടെ മാത്രം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫ. അലൻ പേസി പറയുന്നു. മൈക്രോപ്ലാസ്റ്റിക്സ് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ പ്രത്യുൽപാദനത്തെ ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ആയിരക്കണക്കിന് പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടെസ്റ്റോസ്റ്റിറോൺ കുറവാണെന്ന് കരുതി മരുന്നുകൾ സ്വയം ഉപയോഗിക്കുന്നത് (Testosterone replacement therapy) അപകടമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ശരീരത്തിന്റെ സ്വാഭാവിക ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ബീജോൽപാദനം പൂർണ്ണമായി നിലയ്ക്കാൻ കാരണമാവുകയും ചെയ്യും. വൈദ്യസഹായമില്ലാതെ ഇന്റർനെറ്റിൽ നിന്ന് മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്ന പ്രവണത വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധർ എക്കാലത്തും ചൂണ്ടിക്കാട്ടുന്ന ഒന്നാണ്. എങ്കിലും പരിഭ്രാന്തി വേണ്ടെന്നും കൃത്യമായ പരിശോധനകളിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും വന്ധ്യതാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുന്നു.

പ്രതീക്ഷകൾ

പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ രംഗത്ത് നിർണ്ണായക മാറ്റങ്ങൾ ഉടന്‍ സംഭവിച്ചേക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബീജങ്ങൾ പരിശോധിക്കുന്നതിനും ആരോഗ്യകരമായവയെ തെരഞ്ഞെടുക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. വരും വർഷങ്ങളിൽ ലാബിൽ ബീജങ്ങൾ വളർത്തിയെടുക്കുന്നതുൾപ്പെടെയുള്ള നൂതന ചികിത്സാ രീതികൾ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.

ടെസ്റ്റോസ്റ്റിറോണും ആരോഗ്യവും

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണും ആരോഗ്യവും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. ബീജോൽപാദനം, ലൈംഗികതയിലെ താല്പര്യം എന്നിവ നിയന്ത്രിക്കുന്നതിനും, പേശികളുടെ കരുത്ത്, എല്ലുകളുടെ സാന്ദ്രത എന്നിവ വർദ്ധിപ്പിക്കുന്നതിനും ടെസ്റ്റോസ്റ്റിറോൺ സഹായിക്കുന്നു. കൂടാതെ, മാനസികാവസ്ഥ, ഊർജ്ജസ്വലത, ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങള്‍ (metabolism) എന്നിവയിലും ഇതിന് വലിയ പങ്കുണ്ട്. അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയാൻ കാരണമാകും. ശരീരത്തിലെ അധിക കൊഴുപ്പ് ടെസ്റ്റോസ്റ്റിറോണിനെ ഈസ്ട്രജൻ ഹോർമോണായി മാറ്റുന്നതാണ് ഇതിന് കാരണം.

ENGLISH SUMMARY:

A recent study led by Prof. Hagai Levine suggests that average testosterone levels in men have halved over the past 50 years, signaling a potential crisis in male reproductive health. While experts identify lifestyle changes, obesity, and diabetes as major drivers of this decline, the findings remain a subject of debate within the scientific community; some researchers argue the data is limited and not conclusive. Health experts have issued a stern warning against the self-administration of testosterone replacement therapy, noting it can permanently disrupt natural hormone production. Looking ahead, the integration of Artificial Intelligence in fertility diagnostics and advancements in laboratory-grown sperm offer hopeful prospects for addressing male infertility.