വന്ധ്യതാ ചികില്‍സാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് പുതിയ പരീക്ഷണം. കുട്ടിക്കാലത്ത് കീമോതെറാപ്പിക്ക് വിധേയനായി വൃഷണ കലകള്‍ നശിച്ചുപോയ യുവാവിന് കുട്ടിക്കാലത്ത് ശീതീകരിച്ച വൃഷണ കല ഉപയോഗിച്ച് ഇനി പ്രത്യുല്‍പാദനം സാധ്യമായേക്കാം. ബീജ ഉത്പാദനം പുനഃസ്ഥാപിക്കുന്നതിനായി ആദ്യമായി ക്രയോപ്രിസേർവ്ഡ് പ്രീപർട്ടൽ ടെസ്റ്റികുലാർ ടിഷ്യു (Cryopreserved Prepubertal Testicular Tissue) മാറ്റിവച്ചു. ബ്രസ്സൽസ് ഐവിഎഫുമായി സഹകരിച്ച് ബ്രസ്സൽസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലായിരുന്നു ചികില്‍സ. പ്രൊഫസർ എല്ലെൻ ഗൂസെൻസാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയത്.
27 വയസുള്ള യുവാവിലാണ് വൃഷണ കല മാറ്റിവച്ചത്. ഇദ്ദേഹത്തിന് പത്ത് വയസുള്ളപ്പോള്‍ സിക്കിള്‍സെല്‍ അനീമിയ ബാധിക്കുകയും ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയനാകുകയും ചെയ്തിരുന്നു. കുട്ടികളിലെ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികില്‍സകൾ അവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും അവരെ വന്ധ്യരാക്കുകയും ചെയ്യും. പ്രായപൂർത്തിയാവരിലാണെങ്കില്‍ ബീജം ശീതീകരിച്ച് വച്ച് പിന്നീട് ഐവിഎഫിനായി ഉപയോഗിക്കാം. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളില്‍ ഇത് ഒരു ഓപ്ഷനല്ല.
തുടര്‍ന്ന് 2008ൽ, ചികില്‍സയ്ക്ക് വിധേയമാകുന്നതിന് മുമ്പ്, അന്ന് പത്തുവയസുണ്ടായിരുന്ന യുവാവിന്‍റെ വൃഷണങ്ങളിൽ ഒന്ന് നീക്കം ചെയ്യാനും ശീതീകരിക്കാനും കുടുംബം തീരുമാനിച്ചു. ഒരു വൃഷണത്തെ ചെറിയ കഷണങ്ങളായി വിഭജിക്കുകയും ടിഷ്യു മരവിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രായപൂര്‍ത്തിയായതിന് ശേഷം അദ്ദേഹത്തിന് അസോസ്‌പെർമിയ ഉണ്ടെന്ന് കണ്ടെത്തി. പുരുഷന്റെ സ്ഖലനത്തിൽ (ശുക്ലത്തിൽ) ബീജം തീരെ ഇല്ലാത്ത അവസ്ഥയെയാണ് അസോസ്‌പെർമിയ (Azoospermia) എന്ന് പറയുന്നത്. തുടര്‍ന്ന് 2022-ൽ, ഒരു കുട്ടി വേണമെന്ന ആഗ്രഹത്തോടെ യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു.
അങ്ങിനെയാണ് കഴിഞ്ഞ വർഷം നാല് ടിഷ്യുകള്‍ ഇയാളുടെ ശേഷിക്കുന്ന വൃഷണത്തിലും വൃഷണസഞ്ചിയുടെ തൊലിക്കടിയിലും ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിച്ചത്. ഒരു വർഷത്തിനുശേഷം, ഗ്രാഫ്റ്റ് നീക്കം ചെയ്ത് ലബോറട്ടറിയിൽ വിശകലനം ചെയ്തു. വൃഷണത്തിനുള്ളിൽ നിന്നുള്ള രണ്ട് ഗ്രാഫ്റ്റുകൾ ബീജം ഉത്പാദിപ്പിച്ചതായി കണ്ടെത്തുകയും ചെയ്തു. നിലവില്‍ ഈ ബീജം ശേഖരിച്ച് വീണ്ടും ശീതീകരിച്ചിരിക്കുകയാണ്. അതേസമയം, ഈ ഗ്രാഫ്റ്റുകൾ ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കുമോ എന്ന് ഇപ്പോഴും അജ്ഞാതമാണ്.
ഈ ഗ്രാഫ്റ്റ് ചെയ്ത ടിഷ്യൂകളെ ബീജനാളവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവികമായി, ലൈംഗിക ബന്ധത്തിലൂടെയുള്ള ബീജ സങ്കലനം ഉണ്ടാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നില്ല. യുവാവിന് ഒരു കുട്ടി വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ലാബിൽ ബീജവും അണ്ഡവും സംയോജിപ്പിക്കേണ്ടി വരും. അതേസമയം, ഒരു ആരോഗ്യമുള്ള അണ്ഡവുമായി ബീജസങ്കലനം നടത്താന്‍ ഈ ഉത്പാദിപ്പിച്ച ബീജത്തിന് കഴിവുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല, ഈ ബീജങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ കഴിയുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.
കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷന് വിധേയരാകുന്ന മുതിർന്നവർക്ക് ബീജം ശീതികരിക്കാന്‍ സാധാരണയായി നിർദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ പ്രായപൂർത്തിയാകാത്തവര്‍ക്ക് ഇത് സാധ്യമല്ല. എന്നിരുന്നാലും, കുട്ടികളിലെ വൃഷണങ്ങളിൽ സ്‌പെർമാറ്റോഗോണിയൽ സ്റ്റെം സെല്ലുകൾ (എസ്‌എസ്‌സി) എന്നറിയപ്പെടുന്ന പ്രധാന ഘടകങ്ങൾ ഉണ്ടാകും. അവയ്ക്ക് പിന്നീട് ബീജമായി മാറാനുള്ള കഴിവുണ്ട്. അതിനാലാണ് കുട്ടികളില്‍ വൃഷണ കലകള്‍ മരവിപ്പിക്കുന്നത്. 2002-ൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്രസ്സൽസ് ആണ് ഈ രീതി ആദ്യമായി അവതരിപ്പിക്കുന്നത്. അതിനുശേഷം, മറ്റ് ആശുപത്രികളും ഇത് പിന്തുടരുകയായിരുന്നു. പല രോഗികൾക്കും, പ്രത്യുൽപാദനശേഷി വീണ്ടെടുക്കുന്നതിനുള്ള ഒരേയൊരു ഓപ്ഷൻ ഇതാണ്. ഭാവിയില്‍ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിക്കുന്ന കുട്ടികളുടെ പ്രത്യുൽപാദനക്ഷമത സംരക്ഷിക്കുന്നതിനുള്ള ഗവേഷണത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്.