sperm-raising-2026

Image: youtube.com/@sperm-racing

ലോകമാകെ ചര്‍ച്ച ചെയ്ത സ്പേം റേസിങ്, അഥവാ ബീജങ്ങളുടെ ഓട്ടമല്‍സരം വീണ്ടും! ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി 'സ്പേം റേസിംഗ്' എന്ന സ്റ്റാർട്ടപ്പാണ് ഈ സ്പേം റേസിങ് സംഘടിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 128 രാജ്യങ്ങളിൽ നിന്നുള്ള ‘അത്‌ലറ്റുകളാണ്’ ഉദ്ഘാടന ടൂർണമെന്റിൽ മത്സരിക്കാനിരിക്കുന്നത്.

ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ 17 വയസുകാരന്‍ എറിക് ഷുവാണ് കഴിഞ്ഞ വര്‍ഷം ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച് പരിപാടി നടത്തിയത്. ഇന്ന് അതേ മല്‍സരത്തിന്‍റെ വാതിലുകളാണ് രാജ്യാന്തര തലത്തില്‍ തുറന്നുകൊടുക്കുന്നത്. എറിക് ഷുവിനൊപ്പം നിക്ക് സ്മോൾ, ഷെയ്ൻ ഫാൻ, ഗാരറ്റ് നിക്കോണിയെങ്കോ എന്നിവർ ചേര്‍ന്നാണ് ഇത്തവണ മല്‍സരം സംഘടിപ്പിക്കുന്നത്. 128 രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരുടെ ബീജം ഒരു ചെറിയ ട്രാക്കിലൂടെ ഓടുന്നു എന്നത് തമാശയായി തോന്നാമെങ്കിലും പിന്നിലുള്ള ആശയം അതീവ ഗൗരവമുള്ളതാണെന്ന് സംഘാടകര്‍ പറയുന്നത്.

സ്പേം റേസിങ് വെറുമൊരു തമാശയല്ലെന്നും കഴിഞ്ഞ 50 വർഷത്തിനിടെ പുരുഷന്‍മാരില്‍ ശരാശരി ബീജങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നാണ് സംഘാടകര്‍ പറയുന്നു. ‘ആരും ഇതിനെക്കുറിച്ച് ശരിക്കും സംസാരിക്കുന്നില്ല. ബീജത്തിന്‍റെ ചലനശേഷി പ്രത്യുൽപാദനക്ഷമതയിൽ വലിയ ഘടകമാണ്. ഇത് അളക്കാവുന്നതും ട്രാക്ക് ചെയ്യാവുന്നതുമാണ്. പക്ഷേ ആരും അതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുമില്ല’. ആർക്കും കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ കഴിയാത്ത ഒരു ഡിസ്റ്റോപ്പിയൻ ഭാവി ഉണ്ടാകുമെന്ന ഭയത്തില്‍ നിന്ന് പ്രത്യുൽപാദന ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കാനണ് മല്‍സരമെന്ന് എറിക് ഷു പറയുന്നു.

ഫോര്‍മുല വണ്ണിനോടാണ് മല്‍സരത്തെ സംഘാടകര്‍ ഉപമിക്കുന്നത്. മല്‍സരത്തിലെ വിജയിക്കുള്ള തുകയും അത്രത്തോളം വലുതാണ്. ഒരു ലക്ഷം ഡോളര്‍, അതായത് ഏകദേശം ഒരുകോടിയോളം ഇന്ത്യന്‍ രൂപ! അതുകൊണ്ടു തന്നെ മല്‍സരിക്കാനെത്തുന്നവര്‍ക്ക് കര്‍ശനമായ മാനദണ്ഡങ്ങളുമുണ്ട്. മാത്രമല്ല, മറ്റ് കായിക ഇനങ്ങളെപ്പോലെ തന്നെ ഈ മത്സരത്തിലും യോഗ്യതാ റൗണ്ടുകൾ, ഹെഡ്-ടു-ഹെഡ് മത്സരങ്ങൾ, നോക്കൗട്ട്, എലിമിനേഷന്‍, ഫൈനല്‍ എല്ലാമുണ്ട്. എല്ലാ റൗണ്ടുകളും തത്സമയം സംപ്രേഷണം ചെയ്യുകയോ റെക്കോർഡുചെയ്യുകയോ ചെയ്യും.

18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് മല്‍സരത്തിന് പങ്കെടുക്കാന്‍ പറ്റുക. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ഉണ്ടാകരുത്. മാത്രമല്ല മത്സരത്തിന്‍റെ ചട്ടങ്ങൾക്ക് അനുസൃതമായി സാമ്പിളുകൾ നൽകാൻ കഴിയുകയും മത്സരത്തിന്‍റെ കവറേജില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുമായിരിക്കണം. മല്‍സരത്തില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിക്കണമെങ്കിൽ നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ അവിടെ ജനിച്ചവരായിരിക്കണം. അല്ലെങ്കിൽ, നിങ്ങൾ അവിടെ താമസിക്കുന്നവരോ പൗരത്വമോ ഉണ്ടായിരിക്കണം.

യഥാർഥ റേസ് ട്രാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ച മൈക്രോസ്കോപ്പിക് ട്രാക്കുകളിലാണ് മല്‍സരം. മല്‍സരാര്‍ഥികള്‍ നല്‍കുന്ന ബീജത്തിന്‍റെ സാമ്പിളുകള്‍ ഇൻകുബേഷൻ, സ്പേം വാഷിങ്, പൈപ്പറ്റിങ്, സെൻട്രിഫ്യൂജ് തുടങ്ങിയ നൂതന ലാബ് സാങ്കേതിക വിദ്യകളിലൂടെ കടന്നുപോകും. ഈ ഘട്ടങ്ങള്‍ റേസിങിനായുള്ള മികച്ച ബീജകോശത്തെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. പിന്നീട് ട്രാക്കുകളില്‍ എത്തുന്ന ബീജങ്ങളെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് 100 തവണ വലുതാക്കി തുടര്‍ന്ന് ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കും. ഒരു 3D ആനിമേഷൻ സോഫ്റ്റ്‌വെയറിലേക്ക് കൂടി മാറ്റി വിഡിയോ പ്രക്ഷേപണം ചെയ്യും. ‌ഇതോടെ മറ്റ് കായിക വിനോദങ്ങളെപ്പോലെ തന്നെ ഇത് കാണാനും ആസ്വദിക്കാനും കഴിയുമെന്ന് സംഘാടകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ട്രിസ്റ്റൻ എന്ന വിദ്യാര്‍ഥിയുടേയും ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ആഷറിന്‍റെയും ബീജ സാമ്പിളുകളാണ് മല്‍സരത്തിന് ഉപയോഗിച്ചത്. ഓട്ടത്തിന്റെ അവസാനം ആഷർ പ്രോഗറിന്‍റെ ബീജത്തെ കടത്തിവെട്ടി ട്രിസ്റ്റന്‍റെ ബീജം വിജയിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ തവണ പരിപാടിയുടെ യൂട്യൂബ് ലൈവ് തല്‍സമയം കണ്ടത്.

അതേസമയം, സംഘാടകര്‍ പറയുന്നതുപോലെ മനുഷ്യരിലെ ബീജങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്ന വിഷയത്തില്‍ ശാസ്ത്രജ്ഞരോ ഗവേഷകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടുമില്ല. പല പഠനങ്ങളും പരസ്പരവിരുദ്ധമായ ഫലങ്ങൾ കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY:

The world's first international Sperm Racing tournament is set to feature participants from 128 countries. Founded by 17-year-old Eric Xu, the startup aims to highlight the declining sperm counts globally. Using advanced microscopic tracks and 3D animation, the race offers a $100,000 prize while promoting reproductive health awareness. Learn about eligibility criteria and the lab technology behind this unique microscopic sport.