hanta-virus-explainer

എം.വി. ഹോണ്ടിയസ് എന്ന ഡച്ച് ആഡംബരക്കപ്പല്‍ ആഴ്ചകളോളം ഒരു ബയോളജിക്കല്‍ ബോംബ് പോലെയായിരുന്നു. അതിലെ യാത്രക്കാരില്‍ മാരകമായ ഹന്‍റാ വൈറസ് സ്ഥിരീകരിച്ചതോടെ ലോകം ആകെ ജാഗ്രതയിലായി. വൈറസ് ബാധിച്ച മൂന്നുപേര്‍ മരിച്ചു. എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. കപ്പലില്‍ നിന്നിറങ്ങി വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയ ചിലര്‍ക്കും രോഗബാധ സ്ഥിരികരിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുള്ള ആന്‍ഡീസ് വകഭേദമാണ് കപ്പലിലുള്ളവരെ ബാധിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യഏജന്‍സികള്‍.

എന്താണ് ഹന്‍റാ വൈറസ്, എന്തിനാണ് പേടിക്കുന്നത്?: ഹന്‍റാ വൈറസ് പല തരമുണ്ട്. അതില്‍ രണ്ടിനങ്ങളാണ് ഏറ്റവും അപകടകാരികള്‍. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനം തകരാറിലാക്കുന്ന ‘ഓള്‍ഡ് വേള്‍ഡ്’ വൈറസും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന ‘ന്യൂ വേള്‍ഡ്’ വൈറസും. ഹന്‍റാ വകഭേദങ്ങളില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്നത് ഒരേയൊരു ഇനമാണ്. ആന്‍ഡീസ് വൈറസ്. അര്‍ജന്‍റീനയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. 50 ശതമാനത്തിലേറെയാണ് മരണനിരക്ക്. വൈറസിനെ നിയന്ത്രിക്കാന്‍ കൃത്യമായ മരുന്നോ ചികില്‍സയോ കണ്ടെത്തിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം.

hanta-virus-ship

പകരുന്നതെങ്ങനെ?: എലികളാണ് ഹന്‍റാ വൈറസിന്‍റെ ഉറവിടം. എലികളുടെ കാഷ്ഠത്തിലും മൂത്രത്തിലും രോഗാണു ഉണ്ടാകും. വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളില്‍ വീഴുന്ന എലികളുടെ വിസര്‍ജ്യം ഉണങ്ങി, പൊടിയായി വായുവില്‍ കലര്‍ന്ന് അന്തരീക്ഷത്തില്‍ വരികയും അത് ശ്വസിക്കുന്നവരില്‍ രോഗബാധയുണ്ടാക്കുകയും ചെയ്യും. സാധാരണ ഹന്‍റാ വൈറസ് എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നാലും അത് നേരിട്ട് മറ്റ് മനുഷ്യരിലേക്ക് പകരാറില്ല. എന്നാല്‍ ലാറ്റിനമേരിക്കയില്‍ കണ്ടെത്തിയ ആന്‍ഡീസ് ഹന്‍റാ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും. അതാണ് എംവി ഹോണ്ടിയസിലെ പ്രതിസന്ധി ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കാന്‍ കാരണം.

hanta-virus-rat

ലക്ഷണങ്ങള്‍: പനി, പേശിവേദന, തലവേദന, നടുവേദന, തലകറക്കം, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. മറ്റുപല രോഗങ്ങള്‍ക്കും ഇതേ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രോഗകാരണം കണ്ടെത്തല്‍ അതിപ്രധാനമാണ്. 'ന്യൂ വേൾഡ്' ഹന്‍റാവൈറസ് ബാധിച്ച ഒരാൾക്ക് പ്രാരംഭ ലക്ഷണങ്ങൾ പ്രകടമായി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ശ്വാസകോശത്തിന്റെയോ ഹൃദയത്തിന്റെയോ പ്രവർത്തനം പെട്ടെന്ന് തകരാറിലാകാൻ സാധ്യതയുണ്ട്. 

hantavirus-graphics

രോഗനിര്‍ണയം: ആന്റിബോഡി രക്തപരിശോധനയിലൂടെയോ വൈറസിന്റെ ജനിതക പരിശോധനയിലൂടെയോ ആണ് രോഗനിർണ്ണയം നടത്തുന്നത്. ഇതിന്റെ ഫലം വരാൻ ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ എടുത്തേക്കാം. 'ഓൾഡ് വേൾഡ്' വകഭേദങ്ങൾ ബാധിച്ചുള്ള മരണനിരക്ക് 1 മുതൽ 15% വരെയാണെങ്കിൽ, 'ന്യൂ വേൾഡ്' വൈറസ് ബാധയ്ക്ക് ചികിത്സ നൽകിയാൽപ്പോലും പകുതിയോളം പേര്‍ മരണപ്പെട്ടേക്കാം.

hanta-virus-checking-new

വൈറസ് ബാധിച്ച ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ രണ്ടുമുതല്‍ നാലാഴ്ച വരെയോ ചിലപ്പോള്‍ എട്ടാഴ്ച വരെയോ എടുക്കും. എന്നാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ വൈറസ് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. ഇതാണ് കൃത്യമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന വെല്ലുവിളി.

hanta-precaution

ചികില്‍സ

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ആന്‍ഡീസ് ഹന്‍റാ വൈറസിന് പ്രത്യേകിച്ച് ചികില്‍സയില്ല. ലക്ഷണങ്ങള്‍ക്കുള്ള ചികില്‍സയാണ് നല്‍കുന്നത്. ശ്വാസകോശത്തിന്‍റെ അവസ്ഥ മോശമായാല്‍ ‘എക്മോ’ ചികില്‍സയാണ് പ്രധാന ജീവന്‍രക്ഷാ ഉപായം. എന്നാല്‍ ഇതിനുള്ള സൗകര്യം വന്‍കിട ആശുപത്രികളിലെ സ്പെഷല്‍ ഐസിയുകളില്‍ മാത്രമേ ഉണ്ടാകൂ. 

രക്തസമ്മർദ്ദം കുറയുന്നതുകാരണം ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ, രോഗിക്ക് അമിതമായി ദ്രാവകങ്ങൾ നൽകരുതെന്ന് വിദഗ്ധര്‍ പറയുന്നു. ചികില്‍സയ്ക്ക് സ്റ്റിറോയിഡുകളും ഉപയോഗിക്കാൻ പാടില്ല. വൈറസ് ബാധ നേരിടാന്‍ ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്ലമേഷന്‍റെ സന്തുലിതാവസ്ഥയെ സ്റ്റിറോയിഡുകള്‍ തകിടം മറിച്ചേക്കാം. 

hanta-virus-negative

ശരീരത്തിന് രോഗത്തെ അതിജീവിക്കാൻ ആവശ്യമായ പിന്തുണ നൽകുകയാണ് പ്രധാന ചികിത്സ. ഗുരുതരമായ കേസുകളിൽ, അത്യാധുനിക ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ ജീവൻ രക്ഷിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. വൈറസ് ബാധ നേരത്തെ തിരിച്ചറിയുകയും വൈകാതെ തന്നെ ശരിയായ പരിചരണം നൽകാൻ ആരംഭിക്കുകയും ചെയ്യുന്നത് രോഗമുക്തിക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

പ്രതിരോധം

എലികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വീടുകളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും മനുഷ്യര്‍ കൂടുതല്‍ ഇടപെടുന്ന സ്ഥലങ്ങളില്‍ നിന്നും എലികളുടെ സാന്നിധ്യം ഇല്ലാതാക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. രോഗബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ എന്‍–95 മാസ്കുകള്‍ ഉപയോഗിക്കുകയും ശാരീരിക അകലവും വ്യക്തിശുചിത്വവും ഉറപ്പാക്കുകയും ചെയ്യണം. കപ്പലിലെ രോഗബാധ നിലവില്‍ പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത കുറവാണെങ്കിലും ലോകാരോഗ്യസംഘടന അപകടസാധ്യത തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗനിര്‍ണയം വേഗത്തിലാക്കുകയും ചികില്‍സ തേടുകയും വേണം. 

hanta-virus-check

ചരിത്രം

കൊറിയയിലെ ഹന്‍റാന്‍ നദീതീരത്താണ് ഹന്‍റാ വൈറസിനെ ആദ്യം കണ്ടെത്തിയത്. ഇന്ന് ലോകമെങ്ങും വിവിധ വകഭേദങ്ങളിലുള്ള ഹന്‍റാ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 1993ലാണ് അമേരിക്കയില്‍ ഇതിനെ കണ്ടെത്തുന്നത്. വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന വകഭേദങ്ങള്‍ അമേരിക്കയുടെ പല മേഖലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 വര്‍ഷം മുന്‍പ് അര്‍ജന്‍റീനയിലെ പറ്റഗോണിയയിലാണ് ആദ്യമായി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. 2018ല്‍ അര്‍ജന്‍റീനയിലെ തന്നെ എപ്പുയെന്‍ ഗ്രാമത്തില്‍ ആന്‍ഡീസ് വൈറസ് ബാധിച്ച മുപ്പതോളം പേരില്‍ 11 പേര്‍ മരിച്ചു. അവിടെ നിന്നാണ് ഹന്‍റാ വൈറസിന്‍റെ പുതിയ ചരിത്രം തുടങ്ങിയത്. മരുന്ന് കണ്ടെത്തും വരെ ആ ചരിത്രത്തില്‍ എന്തൊക്കെ എഴുതിച്ചേര്‍ക്കപ്പെടുമെന്ന ആശങ്കയിലാണ് ഗവേഷകര്‍.

ENGLISH SUMMARY:

Reports emerge of a concerning Hantavirus outbreak aboard the luxury cruise ship MV Hondius near the North African coast. With the human-to-human transmissible 'Andes' variant identified and a high mortality rate, health agencies are on high alert. Learn about the symptoms, transmission from rodents, and why this virus is considered a major health threat.