human-sperm-ai-image

കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്നത് പുരുഷന്മാരില്‍ പ്രത്യുൽപാദന ശേഷിയും ബീജത്തിന്റെ ഗുണനിലവാരവും വർദ്ധിപ്പിക്കുമെന്ന് പഠനം. ശരീരത്തിനുള്ളിൽ ബീജം ദീർഘനേരം സംഭരിക്കപ്പെടുന്നത് അവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും എന്നാല്‍ ഇടയ്ക്കിടെയുള്ള സ്ഖലനം ബീജത്തിന്റെ ഗുണനിലവാരവും പുരുഷന്‍മാരുടെ പ്രത്യുൽപാദന ശേഷിയും വര്‍ധിപ്പിക്കുമെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. ലൈംഗിക– പ്രത്യുല്‍പാദന വിഷയങ്ങളില്‍ ബീജത്തിന്റെ അളവിനേക്കാൾ ഗുണനിലവാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകര്‍ പറയുന്നു.

പ്രായഭേദമന്യേ എല്ലാ പുരുഷന്മാരിലും ദീർഘനേരം ബീജം ശരീരത്തിന്‍റെ ഉള്ളിൽ തന്നെ ഇരിക്കുന്നത് ബീജത്തിന്‍ഖെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ദീർഘനാൾ സ്ഖലനം നടക്കാതിരിക്കുന്നത് ബീജത്തിലെ ഡി.എൻ.എ നാശത്തിന് കാരണമാകുന്നു. മാത്രമല്ല ബീജത്തിന്‍റെ ചലനശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും. 453 ദമ്പതികളിൽ നടത്തിയ ഒരു പരീക്ഷണത്തിൽ, രണ്ട് ദിവസത്തിൽ താഴെ മാത്രം ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനിന്ന പുരുഷന്മാരുടെ പങ്കാളികളിൽ ഗർഭധാരണ നിരക്ക് 46 ശതമാനമായിരുന്നു. അതേസമയം, കൂടുതല്‍ ദിവസം ലൈംഗിക ബന്ധത്തില്‍ നിന്നു വിട്ടുനിന്ന പുരുഷന്‍മാരുടെ പങ്കാളികളിൽ ഇത് 36 ശതമാനം മാത്രമായിരുന്നു.

ALSO READ: വീണ്ടും ‘ബീജങ്ങളുടെ ഓട്ടമല്‍സരം’; 128 രാജ്യങ്ങളിൽ നിന്ന് ‘അത്‌ലറ്റുകള്‍’; സമ്മാനത്തുക ഒരു കോടി! ...

നിലവിൽ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത് വന്ധ്യതാ പരിശോധനകൾക്കോ ഐ.വി.എഫ് ചികിത്സയ്ക്കോ മുൻപായി രണ്ട് മുതൽ ഏഴ് ദിവസം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ്. എന്നാൽ മികച്ച ഗുണനിലവാരമുള്ള ബീജത്തിന് പകരം ബീജത്തിന്റെ എണ്ണത്തിന് മുന്‍ഗണന നല്‍കിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പഠനം പറയുന്നു. ലൈംഗിക ബന്ധത്തില്‍ നിന്നുള്ള ഈ വിട്ടുനിൽക്കൽ ബീജത്തിന്റെ ചലനശേഷി കുറയ്ക്കാനും 'ഓക്സിഡേറ്റീവ് സ്ട്രെസ്' വർദ്ധിപ്പിക്കാനും കാരണമാകുന്നുണ്ട്. കൂടുതൽ ബീജം ലഭിക്കുന്നതിനേക്കാൾ, ആരോഗ്യമുള്ളതും ചലനശേഷിയുള്ളതുമായ ബീജം ലഭിക്കുന്നതാണ് ഐ.വി.എഫ് പോലുള്ള ചികിത്സകളിൽ നിർണ്ണായകമെന്നും ഗവേഷകര്‍ പറയുന്നു.

ഐ.വി.എഫിനോ സ്വാഭാവിക ഗര്‍ഭധാരണത്തിനോ ശ്രമിക്കുന്നവര്‍ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ നിന്നും ദീർഘകാലം വിട്ടുനിൽക്കുന്നത് നല്ലതാണോ എന്ന് ക്ലിനിക്കുകളും ദമ്പതികളും പുനഃപരിശോധിക്കണമെന്ന് മാത്രമാണ് തങ്ങൾ ശുപാർശ ചെയ്യുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. ഏകദേശം 55,000 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ 115 പഠനങ്ങളും, 20 മറ്റ് ജീവിവർഗങ്ങളിലായി നടത്തിയ 56 പഠനങ്ങളും സംയോജിപ്പിച്ചായിരുന്നു ഗവേഷണം. പ്രൊസീഡിങ്സ് ഓഫ് ദി റോയൽ സൊസൈറ്റി ബി (Proceedings of the Royal Society B) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ENGLISH SUMMARY:

A comprehensive study led by Oxford researchers suggests that frequent ejaculation enhances sperm health and motility by reducing DNA damage. Analyzing data from over 55,000 men, the study challenges current WHO guidelines on sexual abstinence before IVF. It reveals that shorter abstinence periods significantly increase pregnancy rates, emphasizing sperm quality over quantity for successful conception.