ഭക്ഷണം കഴിക്കുമ്പോള്‍ ഒരാള്‍ ചവയ്ക്കുന്നതോ വലിച്ചുവെള്ളം കുടിക്കുന്നതോ ആയ ഒച്ച കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരാറുണ്ടോ? അസ്വസ്ഥത ഉണ്ടാകുന്നവരില്‍ ഒരു വിഭാഗം അത് തുറന്ന് പറയുന്നത് നമ്മള്‍ നേരിട്ട് കേട്ടിട്ടുമുണ്ടാകും. എന്നാല്‍ മറ്റുചിലരില്‍ ഈ അസ്വസ്ഥത നിയന്ത്രിക്കാന്‍ കഴിയാതെ ശക്തമായി പ്രതികരിക്കാനുള്ള അവസ്ഥയാകും ഉണ്ടാകുക, അല്ലെങ്കില്‍ അവര്‍ ആ സ്ഥലം കാലിയാക്കും. നിങ്ങള്‍ക്ക് അങ്ങനെ തോന്നാറുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മിസോഫോണിയ ആണ്. പേടിക്കേണ്ട, ഇതൊരു രോഗമല്ല, വിചിത്ര സ്വഭാവമാണ്.
മിസോഫോണിയ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് തന്നെ ശബ്ദത്തോടുള്ള ഇഷ്ടക്കേട് എന്നതാണ്. ഇതിനെ ശബ്ദത്തോടുള്ള വിരോധം എന്നും വിളിക്കാറുണ്ട്. സാധാരണ കേൾവി സംബന്ധമായ പ്രശ്നമല്ല മിസോഫോണിയ, മറിച്ച് മസ്തിഷ്കം ആ ശബ്ദങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, പാനീയങ്ങൾ വലിച്ചു കുടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, പേന ക്ലിക്ക് ചെയ്യുന്നത്, ക്ലോക്കിന്റെ ടിക് ടിക് ശബ്ദം, വെള്ളം ഇറ്റിറ്റ് വീഴുന്നത്, വിരലുകളിലെ ഞൊട്ട ഒടിക്കുന്നതൊക്കെ ഇത്തരക്കാരെ വല്ലാതെ പ്രകോപിപ്പിച്ചേക്കാം. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നും സൗണ്ട് റെയ്ജ് എന്നും മിസോഫോണിയയെ പഠനം വിശേഷിപ്പിക്കുന്നു.
ചില ശബ്ദങ്ങള്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. വളരെ അപൂര്‍വമായി കാണപ്പെടുന്ന ഈ അവസ്ഥ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും, ചിലപ്പോള്‍ ആജീവനാന്തം. ഇതൊരു മാനസിക വെല്ലുവിളിയല്ല, എന്നാല്‍ ദേഷ്യമെന്ന വികാരത്തിന്റെ സ്വാധീനം ഇതിലുണ്ട്. അരോചകമായ ശബ്ദം കേള്‍ക്കുന്നതിന് പിന്നാലെ വൈകാരികവും ചില സന്ദര്‍ഭങ്ങളില്‍ അതിരുകടന്ന് ശാരീരിക പ്രതികരണവും ഉണ്ടാകും. ഞരമ്പുകള്‍ വഴി മസ്തിഷ്‌കത്തിലെത്തുന്ന ഉള്‍പ്രേരണകളാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. കൂടുതലും കാണപ്പെടുന്നത് പെണ്‍കുട്ടികളിലാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വായയുമായി ബന്ധപ്പെട്ട ശബ്ദമാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന എണ്‍പത് ശതമാനത്തോളം പേരെയും ബാധിക്കുന്നതെന്നാണ്. ഈ അവസ്ഥയെ കൃത്യമായ അവബോധത്തിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.