TOPICS COVERED

ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്ത 21 കാരനായ ഇറാന്‍ യുവാവിന് മൂന്നു മാസത്തോളം സ്ഥിരമായ ഭാഗിക ലിംഗോദ്ധാരണം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ലൈവ് സയന്‍സ്. പുരുഷലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയായ പ്രിയാപിസമാണ് യുവാവില്‍ ഉദ്ധാരണത്തിന് കാരണമായത്. ലൈംഗികോത്തേജനമില്ലാതെ, ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥയാണിത്. 

ഹാന്‍ഡ് ഹെല്‍ഡ് സൂചി ഉപയോഗിച്ചുള്ള പരമ്പരാഗത ടാറ്റൂ ചെയ്യുന്ന രീതിയിലാണ് യുവാവ് തന്‍റെ ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്തത്. പിന്നാലെ ദിവസങ്ങളോളം രക്തസ്രാവവും വേദനയും ഉണ്ടായിരുന്നു. വേദന കുറഞ്ഞതിന് ശേഷമാണ് ഉദ്ധാരണമുണ്ടായത്. എല്ലായിപ്പോളും ഭാഗികമായോ പകുതിയ ലിംഗം ഉദ്ധരിക്കുന്ന അവസ്ഥയാണ് മൂന്ന് മാസത്തോളം യുവാവ് അനുഭവിക്കേണ്ടിവന്നത് എന്ന് ലൈവ് സയന്‍‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസാണ് കാര്യ–കാരണ സഹിതം ലൈവ് സയന്‍സ് വീണ്ടും വിശദമാക്കിയിരിക്കുന്നത്.

യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍, ബ്രെയിന്‍ സ്കാനുകളും രക്ത പരിശോധനകളും ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. ലിംഗത്തിലേക്കുള്ള രക്തയോട്ടം പരിശോധിച്ചപ്പോള്‍ ടാറ്റൂ ചെയ്ത ഭാഗത്ത് സ്യൂഡോഅനൂറിസം കണ്ടെത്തുകയും ചെയ്തു. ധമനിയുടെ ഭിത്തിയിലുണ്ടാകുന്ന ക്ഷതം മൂലം രക്തം ധമനിയുടെ പുറത്തേക്ക് ഒഴുകുകയും ചുറ്റുമുള്ള കോശങ്ങളിൽ കട്ടപിടിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. തുടര്‍ന്നുള്ള പരിശോധനയില്‍ യുവാവിന് പ്രിയാപിസത്തിന്‍റെ വിഭാഗങ്ങളില്‍ ഒന്നായ ‘നോൺ-ഇസ്കെമിക് പ്രിയാപിസം’ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലിംഗത്തിലേക്ക് രക്തം അമിതമായി പ്രവഹിക്കുന്നതുമാണ് ഇതിന് കാരണം. ഇസ്കെമിക് പ്രിയാപിസത്തിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ലിംഗത്തിലെ രക്തം കെട്ടിനിൽക്കുന്നില്ല. ലൈംഗിക ഉത്തേജനം ഇല്ലാതെ തന്നെ ലിംഗോദ്ധാരണം ദീർഘനേരം നീണ്ടുനിൽക്കുകയും ചെയ്യുന്നു. 

ടാറ്റൂ ചെയ്യാനുപയോഗിച്ച സൂചി ലിംഗത്തിൽ വളരെ ആഴത്തിൽ തുളച്ചുകയറിയിരിക്കാമെന്നാണ് കരുതുന്നത്. യുവാവ് ഇതിനുമുന്‍പും ലിംഗത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്നാണ് ലൈവ് സയന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ ടാറ്റൂ ചെയ്തെങ്കിലും ഇത്തരത്തിലുള്ള അനുഭവം ആദ്യമാണെന്നാണ് യുവാവ് പറഞ്ഞത്.

ENGLISH SUMMARY:

A rare case from Iran has resurfaced where a 21-year-old man experienced partial erection for three months after getting a tattoo on his genitals. Live Science reports that the condition was caused by non-ischemic priapism—a rare disorder leading to prolonged, non-sexual erection due to excessive blood flow. Doctors discovered a pseudoaneurysm at the tattoo site, likely caused by deep needle penetration. The man had previously tattooed his genitals without issue, making this a highly unusual medical case now receiving global attention.