Ai Generated Image

TOPICS COVERED

പലപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്ന ഒന്നാണ് കഴുത്തിലെ കറുപ്പ് നിറം. കഴുത്തിന്‍റെ പിന്നിലും മടക്കുകളിലുമായി കാണുപ്പെടുന്ന കറുപ്പ് നിറം ആത്മവിശ്വാസത്തെപ്പോലും സാരമായി ബാധിച്ചേക്കാം. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ കണ്ടുവരുന്നുണ്ടെങ്കിലും പ്രായമായവരിലാണ് ഇത് കൂടുതലും കാണപ്പെടുക. കഴുത്തിലെ കറുപ്പ് നിറം അകറ്റാന്‍ പലതരം ക്രീമുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉപയോഗിച്ച് മടുത്തവരും നിരവധിയാണ്. എന്നാല്‍ ഇതൊരു സൗന്ദര്യപ്രശ്നം മാത്രമായി കാണരുത്. കഴുത്തിന് പിന്നില്‍ കാണുപ്പെടുന്ന ഈ കറുപ്പ് നിറം ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് നല്‍കുന്നത്.

അകന്തോസിസ് നിഗ്രിക്കൻസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കഴുത്തില്‍ കാണുപ്പെടുന്ന കറുപ്പ് നിറം എന്ന് പറയുകയാണ് ഡോ. സയാജിറാവു ഗെയ്ക്വാദ്. വൃത്തിയില്ലായ്മ കൊണ്ടുണ്ടാകുന്ന ഒന്നല്ല ഈ കറുപ്പ് നിറമെന്നും ഇതിന് ഇന്‍സുലിനുമായി ബന്ധമുണ്ടെന്നും ഡോക്ടര്‍ എക്സില്‍ പങ്കുവച്ച പോസ്റ്റ് വ്യക്തമാക്കുന്നു. കോശങ്ങൾ ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ നമ്മുടെ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇൻസുലിൻ ഉത്പാദനം അധികമാകുന്നത് ചർമത്തിലെ കോശങ്ങളേയും പിഗ്മെന്റുകളെയും ഉത്തേജിപ്പിക്കുകയും ഇരുണ്ട നിറത്തിന് കാരണമാകുകയും ചെയ്യുന്നു. 

കഴുത്തിലെ കറുപ്പ് നിറം ഒരു സൗന്ദര്യപ്രശ്നമല്ലെന്നും മറിച്ച് പിസിഒസ്, ഫാറ്റിലിവര്‍, പ്രീഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നീ രോഗങ്ങളുടെ സൂചനകൂടിയാകാമെന്നും ഡോ. സയാജിറാവു ഗെയ്ക്വാദ് വ്യക്തമാക്കുന്നു. ഇനി ഈ പ്രശ്നം മറികടക്കാനുളള ചെറിയ പൊടിക്കൈകളും ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കഴുത്തിലെ കറുപ്പ് നിറം നന്നായി സ്ക്രബ് ചെയ്തത് കൊണ്ട് മാത്രം പോകില്ലെന്നും അത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കൂട്ടുകയെ ഉളളുവെന്നും ഡോക്ടര്‍ പറയുന്നു. കഴുത്തില്‍ മാത്രമല്ല, കൈമുട്ടുകളിലും കാല്‍മുട്ടുകളിലും കക്ഷത്തിലും ഇത്തരത്തില്‍ കറുപ്പ് നിറം പ്രത്യക്ഷപ്പെട്ടേക്കാം.

അകന്തോസിസ് നിഗ്രിക്കൻസ് അഥവാ കഴുത്തിലെ കറുപ്പ് നിറത്തിന് പരിഹാരമായി കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണശീലം പിന്തുടരുക. മുട്ട, മത്സ്യം, പനീർ, പയർവർഗങ്ങൾ എന്നിവ കഴിക്കാം. നാരുകള്‍ അടങ്ങിയ പച്ചക്കറി ധാരാളം കഴിക്കുക. കൂടുതല്‍ പ്രോട്ടീനും ആരോഗ്യകരമായ ഭക്ഷണവും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വ്യായാമം പതിവാക്കുക. ദിവസവും ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക. 

ENGLISH SUMMARY:

Neck darkening is often a sign of underlying health issues, not just a cosmetic problem. It can be related to insulin resistance, pre-diabetes, or other conditions like PCOS and fatty liver, requiring dietary and lifestyle changes.