അടുത്തിടെ ഒരു ഷോയിലാണ് തന്‍റെ മകള്‍ ലാറയ്ക്ക് ‘ഡെവലപ്‌മെന്റൽ ഡിസ്‌പ്ലാസിയ ഓഫ് ദ് ഹിപ് (ഡിഡിഎച്ച്) എന്ന അവസ്ഥയുണ്ടായിരുന്നുവെന്ന് നടന്‍ വരുണ്‍ ധവാന്‍ തുറന്നു പറഞ്ഞത്. ഒന്നര വയസുള്ളപ്പോളാണ് മകള്‍ക്ക് രോഗാവസ്ഥ കണ്ടെത്തിയതെന്നും നേരത്തെയുള്ള രോഗനിര്‍ണയം ചികില്‍സയില്‍ നിര്‍ണായകമായെന്നും വരുണ്‍ പറഞ്ഞിരുന്നു.
ഇടുപ്പിലെ അസ്ഥി അതിന്‍റെ സോക്കറ്റില്‍ നിന്ന് തെന്നി മാറുകയും ഇത് മൂലം നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും മുടന്തിക്കൊണ്ടാണ് കുഞ്ഞ് നടന്നിരുന്നതെന്നും വരുണ്‍ പറഞ്ഞു. കാലുകള്‍ തമ്മില്‍ നീളത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ളവരിൽ ഡിസക് സ്ലിപ്പും വാതവും വരാനുള്ള സാധ്യത കൂടുതലാണ്. മകള്‍ക്ക് രണ്ടര മാസത്തോളം സ്‌പൈക്ക കാസ്റ്റ് പരീക്ഷിച്ചുവെന്നും വരുണ്‍ പറഞ്ഞു. ഇപ്പോള്‍ ചികിത്സ അവസാനിച്ചു, മകള്‍ സുഖം പ്രാപിച്ചു വരുന്നുവെന്നും ഇതിനെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് കരുതുന്നുണ്ടെന്നും വരുണ്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് ഈ അവസ്ഥ?
ഡിസ്‌പ്ലാസിയ ഓഫ് ദ് ഹിപ്
നവജാതശിശുക്കളിലും കുട്ടികളിലും ഇടുപ്പിലെ 'ബോൾ ആൻഡ് സോക്കറ്റ്' ജോയിന്റ് ശരിയായി യോജിക്കാത്ത അവസ്ഥയാണ് ഡിഡിഎച്ച്. ഇടുപ്പുസന്ധി ഒരു ബോൾ ആൻഡ് സോക്കറ്റ് മാതൃകയിലുള്ള സന്ധിയാണ്. തുടയെല്ലിന്റെ മുകൾഭാഗത്തുള്ള ബോൾ പോലുള്ള ഭാഗം ഇടുപ്പെല്ലിന്റെ കുഴിഞ്ഞ ഭാഗത്തു പൂർണമായും കയറിയിരിക്കണം. എന്നാല്‍ ഡിഡിഎച്ച് ഉള്ള കുട്ടികളിൽ ഇത് തെന്നിമാറി കാണപ്പെടാം. ഡിഡിഎച്ച് ഉള്ള കുഞ്ഞുങ്ങളില്‍ ചില സാഹചര്യങ്ങളിൽ തുടയെല്ല് സോക്കറ്റിൽ നിന്ന് പുറത്തുവരാനും സ്ഥാനഭ്രംശം സംഭവിക്കാനും സാധ്യതയുണ്ട്.
കാരണങ്ങൾ
ഈ അവസ്ഥ ഏതെങ്കിലും ഒരു ഇടുപ്പിലോ അല്ലെങ്കില്‍ രണ്ട് ഇടുപ്പുകളിലോ ഉണ്ടാകാം. എന്നിരുന്നാലും, സാധാരണയായി ഇടത് ഇടുപ്പിലാണ് കണ്ടുവരാറുള്ളത്. മാത്രമല്ല പെൺകുട്ടികൾ, ആദ്യ പ്രസവത്തിലുണ്ടാകുന്ന കുട്ടികള്‍, കുട്ടിക്കാലത്ത് ഇടുപ്പ് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍, ബ്രീച്ച് പൊസിഷനില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ എന്നിവരിലാണ് ഡിഡിഎച്ച് കൂടുതലായി കണ്ടുവരാറുള്ളത്.
ഇടുപ്പ് സ്ഥാനഭ്രംശം സംഭവിച്ചാലും ചില കുഞ്ഞുങ്ങളിൽ ബാഹ്യ ലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല. അതേസമയം, കുഞ്ഞിന്‍റെ കാലുകളുടെ നീളത്തില്‍ ഏറ്റക്കുറച്ചിലുകള്‍, തുടയിലെ ചർമ്മത്തില്‍ അസമമായ മടക്കുകൾ, ഒരു വശത്ത് കുറഞ്ഞ ചലനശേഷി, കാല്‍വിരലില്‍ നടക്കുക, നടക്കുമ്പോള്‍ മുടന്തല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിശുരോഗ വിദഗ്ദ്ധനെ കാണണം.
രോഗനിർണയം
സാധാരണയായി ജനിച്ച് 72 മണിക്കൂറിനുള്ളിലും 6 മുതൽ 8 ആഴ്ച പ്രായമാകുമ്പോഴും ഫിസിക്കൽ സ്‌ക്രീനിങിന്‍റെ ഭാഗമായി കുഞ്ഞിന്റെ ഇടുപ്പ് പരിശോധിക്കും. കുഞ്ഞിന്റെ ഇടുപ്പ് സന്ധികൾ ചലിപ്പിച്ചായിരിക്കും പരിശോധന. ഇടുപ്പിന് പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ കുഞ്ഞിന്‍റെ ഇടുപ്പിന്റെ അൾട്രാസൗണ്ട് സ്കാൻ നടത്തണം.
മാത്രമല്ല കുടുംബത്തിൽ കുട്ടിക്കാലത്ത് ഇടുപ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നവരുള്ള കുട്ടികള്‍, ബ്രീച്ച് പൊസിഷനില്‍ ജനിച്ച കുട്ടികള്‍, ഒറ്റ പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍, അവരിൽ ഒരാൾ ബ്രീച്ച് പൊസിഷനില്‍ ജനിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും ജനിച്ച് നാലു മുതല്‍ ആറ് ആഴ്ചയ്ക്കിടയില്‍ ഇടുപ്പിന്റെ അൾട്രാസൗണ്ട് സ്കാൻ നടത്തണം. നേരത്തെ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്‍റെ ചലനത്തില്‍ പ്രശ്നങ്ങളുണ്ടാകാം. നേരത്തേയുള്ള രോഗനിർണയവും ചികിത്സയും വഴി ശസ്ത്രക്രിയയും ഒഴിവാക്കാം.
എന്നാൽ, ചുരുക്കം ചില കുട്ടികളിൽ ജനിച്ച ഉടനെ ഇതു കണ്ടുപിടിക്കപ്പെടാതെ പോകാം. അത്തരം കുട്ടികൾ നടന്നു തുടങ്ങുമ്പോഴായിരിക്കും കാലുകൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ ശ്രദ്ധയിൽ പെടുക. ഇത്തരക്കാർക്കു ശസ്ത്രക്രിയ ആവശ്യമായി വരാം. മാത്രമല്ല, ചികിത്സ കഴിഞ്ഞാലും ദീർഘകാലം കുഞ്ഞുങ്ങൾക്ക് ഒരു അസ്ഥിരോഗ വിദഗ്ധന്റെ േമൽനോട്ടം ആവശ്യമായി വരും.