ജനിച്ചുവീഴുമ്പോള്‍ തന്നെ കുട്ടികളുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ കൊടുക്കുന്നവരാണ് പല മാതാപിതാക്കളും. അതുകൊണ്ടുതന്നെ കുട്ടികളെ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കാന്‍ ശരിയായ പ്രായം ഏതാണ് ? പല മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ 12 വയസിന് മുന്‍പ് കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് വലിയ ദോഷങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പുതിയ പഠനങ്ങള്‍.
പീഡിയാട്രിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 12 വയസ്സിന് മുന്‍പായി സ്മാർട്ട്‌ഫോൺ കൈവശം വച്ചിരിക്കുന്ന കുട്ടികളിൽ വിഷാദം, പൊണ്ണത്തടി, വേണ്ടത്ര ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ഉയർന്ന അപകടസാധ്യതകളുണ്ടെന്നുള്ള കണ്ടെത്തല്‍. അഡോളസന്‍റ് ബ്രെയിൻ കോഗ്നിറ്റീവ് ഡെവലപ്മെന്‍റ് സ്റ്റഡിയിൽ പങ്കെടുത്ത 10,500-ലധികം കുട്ടികളിൽ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.12 വയസ്സിന് താഴെയുള്ള കുട്ടികൾ അവരുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ എത്ര പ്രായം കുറഞ്ഞവരായിരുന്നോ അത്രയധികം പൊണ്ണത്തടിയും ഉറക്കക്കുറവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. 12 വയസ്സിന് മുന്‍പ് ഫോൺ ലഭിക്കാത്ത കുട്ടികളുടെ ഒരു ഉപവിഭാഗത്തിലും ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വർഷത്തിന് ശേഷം, ഫോൺ ലഭിച്ചവർക്ക് അത് ലഭിക്കാത്തവരേക്കാൾ കൂടുതൽ ദോഷകരമായ മാനസികാരോഗ്യ ലക്ഷണങ്ങളും മോശമായ ഉറക്കവും ഉണ്ടെന്ന് കണ്ടെത്തി.
കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ അത് കുട്ടിയുടെ ആരോഗ്യത്തിന് പ്രാധാന്യമുള്ള ഒന്നായി നിങ്ങൾ കരുതുകയും അതിനനുസരിച്ച് പെരുമാറുകയും വേണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മനഃശാസ്ത്രജ്ഞനായ ഡോ. റാൻ ബർസിലേ പറഞ്ഞു. സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകരം സമൂഹവുമായുള്ള ഇടപെടലിനും വ്യായാമത്തിനും ഉറക്കത്തിനും പ്രാധാന്യം കൊടുക്കുക. ഇവയെല്ലാം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറക്കത്തിലോ മാനസികാരോഗ്യത്തിലോ ഉള്ള ചെറിയ മാറ്റങ്ങള്‍ പോലും കുട്ടികളില്‍ ആഴത്തിലുള്ളതും ശാശ്വതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.