Image: Meta AI
നിങ്ങളുടെ കുട്ടികൾ രാത്രി കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നുണ്ടോ? അർധരാത്രിയിലെ ഉണർന്നിരുന്നുള്ള അവരുടെ കളിചിരികൾ നിങ്ങള്‍ വിലക്കാറുണ്ടോ? ഇതിനെല്ലാം ഇല്ല എന്നാണ് മറുപടി എങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളുടെ അർദ്ധരാത്രിയിലെ ഉണർന്നിരുന്നുള്ള കളിചിരികൾ മാതാപിതാക്കൾക്ക് തലവേദനയാകുന്നതുപോലെ തന്നെ അവരുടെ വളർച്ചയ്ക്കും വിലങ്ങു തടിയാകുന്നുണ്ടെന്നാണ് ഡൽഹി എയിംസിലെ പഠനം പറയുന്നത്.
Image Credit: Meta AI
ഉറക്കക്കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ഒരുപോലെ ബാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. കൃത്യമായി ഉറങ്ങാത്ത കുട്ടികളിൽ പൊണ്ണത്തടിയും ബുദ്ധിവികാസക്കുറവും കണ്ടുവരുന്നുവെന്ന് എയിംസ് ന്യൂറോ പീഡിയാട്രിക്സ് പ്രഫസർ ഡോക്ടർ ബിശ്വരൂപിന്‍റെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.
ലെപ്റ്റിൻ, പ്രാലൈൻ തുടങ്ങിയ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളുടെ അളവ് ക്രമരഹിതമാക്കാൻ ഉറക്കക്കുറവ് കാരണമാകും. തൽഫലമായി, കുട്ടികൾ കൂടുതൽ ഭക്ഷണം കഴിക്കും. ഇത് പൊണ്ണത്തടിക്ക് വഴി വയ്ക്കുകയും ചെയ്യും. മാത്രമല്ല ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം തലച്ചോറിന്‍റെ വളർച്ചയെയും ബാധിക്കും. കുട്ടികളുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും ഇത് മോശമാക്കും.
കുട്ടികളിലെ ഉറക്ക തകരാറുകൾ തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ മെഡിക്കൽ പരിശോധനകളിലൂടെ പരിഹാരം കണ്ടെത്താം. പോളിസോംനോഗ്രാഫി ഉള്‍പ്പടെയുള്ള പരിശോധനകൾ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിന് സഹായകമാകും.