ചിത്രം. എഐ
കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാറിനകത്ത് കുടുങ്ങിപ്പോയ രണ്ട് പെൺകുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചത് കഴിഞ്ഞ ദിവസമാണ്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ദമര്‍ഗിഡയിലാണ് സംഭവം. ഇത്തരം അപകടങ്ങളും അതിൽ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതും ആദ്യമായിട്ടല്ല. ചിലപ്പോള്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ സ്വയം കാറില്‍ കുടുങ്ങിപ്പോയേക്കാം . മറ്റുചിലപ്പോള്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അബദ്ധങ്ങളാകാം ദുരന്തകാരണം
ചിത്രം. എഐ
കാറിനുള്ളിൽ കുടുങ്ങിപ്പോകുന്നത് എങ്ങനെയാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും തുടർന്ന് മരണംവരെ സംഭവിക്കുന്ന നിലയിലേക്കും എത്തിപ്പെടുന്നത്? ചൂടുകാലത്ത് കുഞ്ഞുങ്ങള്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. അറിയാം ചില വസ്തുതകൾ.
മരണകാരണമാകുന്നത് എന്തെല്ലാം?
താപാഘാതം: കാറുകൾ പെട്ടെന്ന് ചൂടാവുകയും കുട്ടിയുടെ ശരീര താപനില വേഗത്തിൽ ഉയരുകയും ചെയ്യും. ഇത് താപാഘാതം, തലച്ചോറിന് ക്ഷതം എന്നിവയ്ക്ക് കാരണമാകാം. മരണംവരെ സംഭവിക്കാൻ കാരണമാകും.
ചിത്രം. എഐ
നിർജലീകരണം: കാറിനുള്ളിലെ ഉയർന്ന താപനിലയിൽ കുറച്ചു നേരം കഴിയുമ്പോഴേക്കും കുട്ടികൾക്ക് നിർജലീകരണം സംഭവിച്ചേക്കാം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ശ്വാസംമുട്ടൽ: ഒരു കുട്ടി കാറിൽ കുടുങ്ങിക്കിടക്കുമ്പോൾ, അവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത് ആരോഗ്യനില ഗുരുതരമാകാനും മരണത്തിനും ഇടയാക്കും.
എങ്ങനെ ഒഴിവാക്കാം ഇത്തരം സാഹചര്യങ്ങൾ?
ശ്രദ്ധ കുറയരുത്: നിങ്ങളുടെ കുട്ടിയെ സ്കൂളിലോ ഡേ കെയറിലോ ഇറക്കി എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ പോലും, കാർ ലോക്ക് ചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും പിൻസീറ്റ് പരിശോധിക്കുക.
ശീലമാക്കണം: കാറിൽ നിന്ന് ഇറങ്ങുമ്പോഴെല്ലാം പിൻസീറ്റ് പരിശോധിക്കുന്ന ഒരു ശീലം വളർത്തിയെടുക്കുക.
റിമൈൻഡറുകൾ ഉപയോഗിക്കാം: വാഹനം ഒരിക്കൽ കൂടി പരിശോധിക്കാൻ നിങ്ങളുടെ ഫോണിൽ റിമൈൻഡറുകൾ സെറ്റ് ചെയ്യാം. അല്ലെങ്കിൽ പിൻസീറ്റിൽ ഫോൺ അല്ലെങ്കിൽ പഴ്‌സ് പോലുള്ള, എപ്പോഴും നമ്മൾ കൈയിൽ എടുക്കുമെന്ന് ഉറപ്പുള്ള എന്തെങ്കിലും വയ്ക്കുക.അപ്പോൾ സ്വാഭാവികമായും നമ്മൾ പിൻസീറ്റിലേക്ക് നോക്കുമല്ലോ.
ലോക്ക് ചെയ്‌തെന്ന് ഉറപ്പാക്കുക: കുട്ടികൾക്ക് കൈയെത്താത്ത വിധത്തിൽ താക്കോലുകൾ സൂക്ഷിക്കുക. ഉപയോഗത്തിലില്ലാത്തപ്പോൾ കുട്ടികൾ കാറിനകത്ത് കടക്കുന്നത് തടയാൻ ലോക്ക് ചെയ്‌തെന്ന് ഉറപ്പാക്കുക.
ചിത്രം. എഐ
കുട്ടികളെ പഠിപ്പിക്കുക: കാറുകളിൽ കളിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ചും മുതിർന്നവര്‍ ഒപ്പമില്ലാത്തപ്പോള്‍ കാറിനകത്ത് കയറരുതെന്നും കുട്ടിയെ ബോധവൽക്കരിക്കുക. അറിയാതെ കാറിനുള്ളിൽ കുടുങ്ങിയാൽ ഹോണടിച്ച് ശ്രദ്ധയാകർഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം.
ജാഗ്രത വേണം: നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ, ഒരു കുട്ടിയെ കാറിൽ ഒറ്റയ്ക്ക് കണ്ടാൽ, ഉടൻ തന്നെ അടിയന്തര സേവനങ്ങളെ വിളിക്കുക. ചെറിയ കുട്ടികളുള്ള അയൽവാസികളുണ്ടെങ്കിൽ, അവരെയും പതിവായി ശ്രദ്ധിക്കുക.
അറിഞ്ഞിരിക്കുക: കാറുകളിൽ കുട്ടികൾ അകപ്പെട്ടാൽ ഉണ്ടാവുന്ന ഹീറ്റ് സ്ട്രോക്കിനെയും മറ്റ് അപകടസാധ്യതകളെക്കുറിച്ചും മനസ്സിലാക്കുക.
ഇത്രയും കാര്യങ്ങൾ മനസിലാക്കിയാൽ ഒരുപരിധിവരെ അപകടങ്ങൾ ഒഴിവാക്കാനാകും.