TOPICS COVERED

 സെക്​സ് എജ്യുക്കേഷന്‍ സ്​കൂളില്‍ നിന്നല്ല, വീട്ടില്‍ നിന്നേ തുടങ്ങണം. അതിനായി മാതാപിതാക്കള്‍ നാണിക്കേണ്ട ആവശ്യമില്ല. അനാവശ്യമായ ഒരു സ്​പര്‍ശനം, മോശമായ അനുഭവം ഇതിനോടൊക്കെ തുടക്കത്തില്‍ തന്നെ നോ പറയാനും അത് മാതാപിതാക്കളെ അറിയിക്കാനുമുള്ള ധൈര്യം കുട്ടികള്‍ക്കുണ്ടാവണം. അതില്‍ സെക്സ് എജ്യുക്കേഷന്‍റെ പങ്ക് നിര്‍ണായകമാണ്. കുട്ടികള്‍ക്ക് എങ്ങനെയൊക്കെ സെക്സ് എജ്യുക്കേഷന്‍ കൊടുക്കാം. ഏത് പ്രായത്തില്‍ തുടങ്ങാം എന്നെല്ലാം മനോരമ ന്യൂസിനോട് വിശദീകരിക്കുകയാണ്   കണ്‍സള്‍ട്ടന്‍റ് പീഡിയാട്രീഷന്‍ ഫാത്തിമ സഹീര്‍. 

ബാലപാഠം വീട്ടില്‍

'സെക്സ് എജ്യുക്കേഷന്‍ കൊടുക്കുന്ന കാര്യത്തില്‍ നമ്മുടെ നാട് വളരെ പിറകോട്ടാണ്. കൗമാരത്തിലെത്തുമ്പോഴല്ല സെക്സ് ഏജ്യുക്കേഷന്‍ തുടങ്ങേണ്ടത്. പണ്ടൊക്കെ പെണ്‍കുട്ടികളെ മാറ്റിയിരുത്തി അധ്യാപികമാര്‍ ആര്‍ത്തവത്തെ പറ്റി സംസാരിക്കുമായിരുന്നു. ഇന്ന് അതിന് മാറ്റമുണ്ട്. എല്ലാവരേയും ഒരുമിച്ച് ഇരുത്തി സെക്സ് എജ്യുക്കേഷനെ പറ്റി സംസാരിക്കുന്നുണ്ട്. എന്നാല്‍ അത് വീട്ടില്‍ നിന്നേ തുടങ്ങണം. മാതാപിതാക്കളാണ് ഇത് കുട്ടികളിലേക്ക് എത്തിക്കേണ്ടത്. 

തുടക്കത്തില്‍ രണ്ടോ മൂന്നോ വയസായ കുട്ടികളോട് അവരുടെ അവയവങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുക്കുന്നതില്‍ നാണിക്കേണ്ട കാര്യമില്ല. പിന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും പറഞ്ഞുകൊടുക്കണം. കുറച്ചുകഴിഞ്ഞാല്‍ കുട്ടികള്‍ തന്നെ ചോദ്യം ചോദിക്കാന്‍ തുടങ്ങും. ഞാന്‍ എങ്ങനെയാണ് ഉണ്ടായത്, അനിയന്‍ എങ്ങനെയാണ് ഉണ്ടായത് എന്ന ചോദ്യങ്ങള്‍ ഉണ്ടാവും. പടിപടിയായി അവര്‍ക്ക്  കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. സ്നേഹം എന്താണെന്നും ലവ് മേക്കിങ്ങിലൂടെയാണ് കുട്ടികള്‍ ഉണ്ടാകുന്നതെന്നും പറഞ്ഞുകൊടുക്കുക. 

ഗുഡ് ടച്ചും ബാഡ് ടച്ചും

അമ്മ തൊടുമ്പോള്‍ അല്ലെങ്കില്‍ അച്ഛന്‍ തൊടുമ്പോള്‍ എപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെടുന്നതെന്ന് പറയണമെന്ന വിവരം കുട്ടിയോട് നേരത്തെ പറഞ്ഞു വയ്ക്കണം. ഒരു മോശം അനുഭവം എപ്പോഴാണ് ഉണ്ടാവുന്നത്, ആരോടാണ് പറയേണ്ടത് എന്ന് കുട്ടികള്‍ക്ക് അറിയില്ല. അസ്വസ്തത തോന്നുമ്പോള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുട്ടിയോട് പറയണം. 

നന്നായി സംസാരിച്ചുകൊണ്ടിരുന്ന കുട്ടി ഒരു ദിവസം പെട്ടെന്ന് സംസാരിക്കാതാവുന്നു, ചിരിക്കുന്നില്ല, ഒറ്റക്കിരിക്കാന്‍ പേടിയാണ്, സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍ വേദനയെടുക്കുന്നു എന്നൊക്കെയുള്ള സൂചനകളാവും ദുരനുഭവം ഉണ്ടായാല്‍ കുട്ടികള്‍ തരുന്നത്. കുട്ടിക്ക് നേരത്തെ സെക്​സ് എജ്യുക്കേഷന്‍ കിട്ടാത്ത സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് ഗുഡ് ടച്ചും ബാഡ് ടച്ചും ചെറുപ്പം മുതല്‍ തന്നെ കുഞ്ഞിനെ പഠിപ്പിക്കുക. 

എങ്ങനെ തിരിച്ചറിയാം

കുട്ടികളോട് സംസാരിക്കുമ്പോള്‍ ചില സമയത്ത് മോശം അനുഭവങ്ങള്‍ റിവീലായിട്ടുണ്ട്. ചിലപ്പോള്‍ കുഞ്ഞ് ഒരു വജൈനല്‍ ഡിസ്​ചാര്‍ജ് ആയിട്ടായിരിക്കും വരിക, അല്ലെങ്കില്‍ ചൊറിച്ചില്‍ ആയിട്ടായിരിക്കാം, വേദനയാവും, ചിലപ്പോള്‍ സുഖം തോന്നുന്നു എന്നാവും പറയുക. അമ്മ പോലും സംഭവം എന്താണെന്ന് അറിയുന്നുണ്ടാവില്ല. അപ്പോള്‍ കുട്ടിയോട് ഞങ്ങള്‍ കുറേനേരം സംസാരിക്കും. ചിലപ്പോള്‍ സൈക്കോളജിസ്റ്റിന്‍റെ സഹായം വേണ്ടിവരും. കുട്ടി തുറന്നു സംസാരിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും. 

കുട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യം മാതാപിതാക്കള്‍ക്ക് മനസിലാക്കാനാവണം. അങ്ങിനെ മനസിലാക്കുമ്പോള്‍   നമ്മുടെ അടുത്തേക്ക് വരും. ആ സമയം ഞങ്ങള്‍ കുഞ്ഞിനോട് സംസാരിക്കും. ചിലപ്പോള്‍ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കും. സൈക്കോളജിസ്റ്റിനെ കൊണ്ട് സംസാരിപ്പിക്കും. അങ്ങനെയാണ് ദുരനുഭവങ്ങള്‍ തിരിച്ചറിയുന്നത്. കുട്ടി പേടിച്ചിട്ട് പറയാതിരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. നാണക്കേടും കുടുംബത്തിലെ സാഹചര്യം ഓര്‍ത്തും കുട്ടിക്കുണ്ടായ ദുരനുഭവം ഒളിച്ചുവക്കുന്ന മാതാപിതാക്കളുമുണ്ട്.

ഡോക്​ടര്‍ ഫാത്തിമ സഹീര്‍ പങ്കെടുത്ത അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും കാണാം.

ENGLISH SUMMARY:

How to give sex education to children. At what age can you start? Consultant Paediatrics Fatima Saheer speaks to Manorama News