സിംഗിൾ പേരന്റിങ്ങിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസ. മറ്റ് ജോലികൾക്കൊപ്പം ഒറ്റയ്ക്ക് ഒരു കുട്ടിയെ വളർത്തുക എന്നത് വെല്ലുവിളി നിറഞ്ഞ ഒരു ടാസ്‌ക്കാണ്. മകൻ ഇഷാനെ ഒറ്റയ്ക്ക് വളർത്തുന്നതിൽ ഒരുപാട് പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും സാനിയ പറഞ്ഞു.
കരൺ ജോഹറിനോട് സംസാരിക്കവെയാണ് വിവാഹ മോചനത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സാനിയ മനസ് തുറന്നത്. സിംഗിൾ പാരന്റിങ്ങിനെ 'വെല്ലുവിളി നിറഞ്ഞ ജോലി' എന്നാണ് സാനിയ വിശേഷിപ്പിച്ചത്. 'എനിക്ക്, സിംഗിൾ പാരന്റിങ് ബുദ്ധിമുട്ടാണ്, കാരണം ഞാൻ മറ്റ് ജോലികളും പല വ്യത്യസ്ത കാര്യങ്ങളും ചെയ്യുന്നുണ്ട്'- സാനിയ പറഞ്ഞു.
ജോലിക്കായി ഇന്ത്യയിലേക്ക് പോകേണ്ടിവരുമ്പോഴെല്ലാം മകനെ ദുബായിൽ തനിച്ചാക്കുന്നതും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഒരാഴ്ചത്തേക്ക് ഒക്കേ മാറി നിൽക്കേണ്ടി വരാറുണ്ട്. അതാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്നും സാനിയ പറയുന്നു. വിവാഹ മോചനത്തിന് ശേഷം അനുഭവപ്പെടുന്ന ഏകാന്തതയെ കുറിച്ചും സാനിയ പറഞ്ഞു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ താൽപ്പര്യം ഇല്ലാത്തതിനാൽ പല തവണ അത്താഴം ഒഴിവാക്കിയിട്ടുണ്ട്. അത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചു. തനിച്ചിരുന്ന് അത്താഴം കഴിക്കുന്നതിന് പകരം എന്തെങ്കിലും കണ്ട് ഉറങ്ങാറാണ് പതിവെന്നും സാനിയ പറയുന്നു.
പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള സാനിയ മിർസയുടെ വിവാഹം 2010 ലാണ് നടന്നത്. 2018 ലാണ് ഇഷാൻ മിർസ മാലിക് പിറന്നത്. 2024 ൽ 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. കുട്ടി സാനിയയ്ക്കൊപ്പം നിലവില്‍ ദുബായിലാണ് കഴിയുന്നത്.