അങ്ങേയറ്റം മല്‍സരബുദ്ധിയുള്ള നിലവിലെ ജീവിത സാമൂഹ്യ സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടാന്‍ കഴിയുക ആരുടെയും സ്വപ്നമാണ്. ഈ ആത്മവിശ്വാസം വ്യക്തികള്‍ കാലക്രമേണെ ആര്‍ജിച്ചെടുക്കുന്നതാണ്. എന്നാല്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരും മുതിര്‍ന്നവരുമടങ്ങുന്ന സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്തമാണ്. വീട്ടില്‍ നിന്നാണ് ആത്മവിശ്വാസത്തിന്‍റെ വിത്ത് കുഞ്ഞുമനസില്‍ പാകാന്‍ കഴിയുക. 

ഉപാധികളില്ലാതെ കുഞ്ഞുമക്കളെ സ്നേഹിക്കുക. എന്ത് തന്നെ സംഭവിച്ചാലും നേട്ടങ്ങള്‍ക്കും വീഴ്ചകള്‍ക്കും നഷ്ടങ്ങള്‍ക്കും ഇപ്പുറം സ്നേഹിക്കുന്ന മനസും പ്രവര്‍ത്തികളുമായി കുടുംബം കാത്തിരിക്കുന്നുവെന്ന വിശ്വാസവും ഉറപ്പും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് ആദ്യപടി. ജയത്തിനും തോല്‍വിക്കും അപ്പുറമാണ് വ്യക്തിയുടെ വിലയെന്ന് കുരുന്നുകള്‍ തിരിച്ചറിയുന്നതോടെ റിസ്കെടുക്കാനും, തെറ്റു വരുത്തിയാല്‍ തിരുത്താനും ഭയം കൂടാതെ വളരാനും അവര്‍ക്ക് സാധിക്കും. വലിയ സുരക്ഷിതത്വം ബോധമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്.

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ക്യൂവില്‍ നില്‍ക്കുക, ഊഴം വരുന്നത് വരെ കാത്തിരിക്കുക, ചതിയും കളവും പാടില്ല, മറ്റുള്ളവര്‍ ഒറ്റപ്പെടുത്തിയാലും കളികളിലും പരീക്ഷകളിലും തോറ്റാലും അതിനെ നേരിടാന്‍ കഴിയണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്നത് പോലെ പറഞ്ഞുകൊടുക്കുക. ക്ഷമയും, സ്പോര്‍ട്സ്മാന്‍ഷിപ്പും പരിശീലിപ്പിക്കുകയെന്നതും പ്രധാനമാണ്. 

ഭാഷ മുതല്‍ ചെറിയ കാര്യങ്ങള്‍ വരെ പഠിക്കാനും മനസിലാക്കാനും കുട്ടികളെടുക്കുന്ന പ്രയത്നത്തെ അഭിനന്ദിക്കുകയെന്നതാണ് മറ്റൊരു കാര്യം. ഫലമെന്ത് തന്നെയായാലും അതിനപ്പുറത്തേക്ക് പരിശ്രമങ്ങള്‍ക്കാണ് വിലയുള്ളതെന്ന് അവരെ പഠിപ്പിക്കുക. ജയത്തെക്കാളും തോല്‍വിയെക്കാളും ഉപരിയായി പഠിക്കാനായി അവരെടുത്ത പരിശ്രമത്തെയും അതില്‍ അവര്‍ ചെലവഴിച്ച സമയത്തിനും അഭിനന്ദനം നല്‍കുക. ഇത് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും. 

 കുട്ടികളില്‍ നിന്ന് കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയെന്നതും ആത്മവിശ്വാസം വളര്‍ത്തുന്നതിലൊരു ഘടകമാണ്. കുട്ടികള്‍ എന്തിനെയെങ്കിലും കുറിച്ച് പറയുമ്പോള്‍ താല്‍പര്യപൂര്‍വം അതേക്കുറിച്ച് ചോദിക്കുകയും അവര്‍ക്ക് അതിലുള്ള അറിവെന്തെന്ന് മനസിലാക്കുകയും ചെയ്യുന്നതും നല്ലതാണ്. അവരെ കേള്‍ക്കുന്നുവെന്ന തോന്നല്‍ സ്വന്തം കഴിവുകളില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകാന്‍ അവരെ സഹായിക്കും.  

ദിവസവും അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും അവയെ കുറിച്ച് പറയാനും ആവശ്യപ്പെടുക. ഇത്തരത്തിലുള്ള പോസിറ്റീവ് ചിന്തകള്‍ കുട്ടികളെ സ്വാധീനിക്കുമെന്നും ചുറ്റുമുള്ള ലോകത്തില്‍ നിന്നും നല്ലത് കണ്ടെത്താന്‍ അവരുടെ തലച്ചോര്‍ പര്യാപ്തമാകുമെന്നും മനശാസ്ത്ര വിദഗ്ധരും പറയുന്നു. 

ENGLISH SUMMARY:

Confidence is a skill children learn over time. Learn how unconditional love, patience, and praising effort over results can help your child face a competitive world. Explore psychologist-backed habits to foster positive thinking and resilience in children from a young age.