നിങ്ങള്‍ ഒരു ഫാമിലി വ്ലോഗറാണോ? കണ്ടന്റിനായി കുടുംബത്തിന്റെയും കുട്ടികളുടെയും വിഡിയോ നിരന്തരം ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദൈനംദിന കുടുംബജീവിതം ചിത്രീകരിച്ച് കണ്ടന്റായി അവതരിപ്പിക്കുന്നതിനെയാണ് ഫാമിലി വ്ലോഗിങ് എന്നു വിശേഷിപ്പിക്കുന്നത്. ആയിരം സബ്സ്ക്രൈബര്‍മാരോ ഒരു വര്‍ഷത്തിനുള്ളില്‍ 4000 മണിക്കൂര്‍ വ്യൂസോ ഉണ്ടെങ്കില്‍ വ്ലോഗിങില്‍ നിന്ന് പണം ലഭിക്കൂ. ഈ കണ്ടന്റുണ്ടാക്കാനായി രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ ഉറങ്ങുന്നതുവരെയുള്ള നിത്യജീവിത പ്രവൃത്തികളാണ് പ്രധാന കണ്ടന്റാക്കുന്നത്.
കൗതുകമുണ്ടാക്കാന്‍ എളുപ്പമായതുകൊണ്ടു തന്നെ കുട്ടികളാണ് പ്രധാന കണ്ടന്റ്. ഞങ്ങളുടെ കുഞ്ഞുങ്ങളല്ലേ, ഞങ്ങള്‍ ഷൂട്ട് ചെയ്ത് ലോകത്തെ കാണിക്കുന്നതില്‍ നിങ്ങളാരാ ചോദിക്കാന്‍ എന്നു തോന്നാമെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമല്ല. ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം ഈ ഫാമിലി വ്ലോഗിങ് കുട്ടികളുടെ വളര്‍ച്ചയെയും വികാസത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന അപായങ്ങള്‍ ഇതാ...
പ്രേക്ഷകശ്രദ്ധ ഏറ്റവും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കുട്ടികളെ കാണിക്കുമ്പോള്‍ കുട്ടികള്‍ കണ്ടന്റിനാവശ്യമുള്ള രീതിയില്‍ പെരുമാറാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത് അവരുടെ സ്വാഭാവികമാനസികവളര്‍ച്ചയെ ബാധിക്കുന്നു.
നിരന്തരമായി ക്യാമറയുടെ മുന്നില്‍ ജീവിക്കേണ്ടി വരുന്നത് കുട്ടികളില്‍ കടുത്ത ആശയക്കുഴപ്പവും സമ്മര്‍ദ്ദവുമുണ്ടാക്കുന്നു.
സ്വകാര്യഇടങ്ങളില്‍ പോലും കാഴ്ചക്കാരുണ്ടാകുന്നുവെന്നത് അവരുടെ ആത്മാഭിമാനത്തെയും മാനസികവളര്‍ച്ചയെയും ബാധിക്കുന്നു.
നിരന്തരമായി ഇത്തരത്തില്‍ പെരുമാറാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ വിഷാദവും വ്യക്തിത്വപ്രതിസന്ധിയും മോശം സ്വയം പ്രതിച്ഛായയും ഉണ്ടാക്കുന്നു.
പൊതുസമൂഹത്തിന്റെ തുടര്‍ച്ചയായ അഭിപ്രായങ്ങള്‍ കേട്ടു ജീവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളുടെ സ്വാഭാവികവികാസത്തെയും വ്യക്തിത്വത്തെയും പ്രതിസന്ധിയിലാക്കുന്നു.
കണ്ടന്റിനായി മണിക്കൂറുകള്‍ പ്രത്യേകരീതിയില്‍ പെരുമാറാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് ചൂഷണവും ധാര്‍മികവിരുദ്ധവുമാണ്.
കാഴ്ചക്കാരെ കൂട്ടാന്‍ കുട്ടികളുടെ വളരെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ വെളിപ്പെടുത്തുന്നത് അവരെ അരക്ഷിതരാക്കും. ഒരു പരിചയവുമില്ലാത്ത ലക്ഷക്കണക്കിനാളുകളുടെ വരെ പരിഹാസവും ജഡ്ജ്മെന്റും നേരിടേണ്ടിവരുന്നത് കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കും.
മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൈയടിയുമാണ് പ്രധാനം എന്ന ധാരണ കുഞ്ഞിലേ തന്നെയുണ്ടാകുന്നത് കുട്ടികളില്‍ കടുത്ത വ്യക്തിത്വവൈകല്യങ്ങളുണ്ടാക്കും.
എപ്പോഴും മറ്റുള്ളവരുടെ വിലയിരുത്തലും അഭിപ്രായങ്ങളും കണക്കാക്കി ജീവിക്കേണ്ടി വരുന്നത് ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിക്കും.
ഏറ്റവും നിഷ്കളങ്കമായ ബാല്യകാലത്തു വീടിനുള്ളില്‍ പോലും സുരക്ഷിതരല്ലെന്ന തോന്നല്‍ കുഞ്ഞുങ്ങളിലുണ്ടാക്കും. അരക്ഷിതമായ മാനസികാവസ്ഥ വളര്‍ന്നു വരും.
സ്വന്തം രൂപത്തെയും ശരീരത്തെയും കുറിച്ച് യാഥാര്‍ഥ്യബോധമില്ലാത്ത തെറ്റായ അവബോധമുണ്ടാക്കുകയും ഇത് ജീവിതത്തിലുടനീളം അവരെ സ്വാധീനിക്കുകയും ചെയ്യും.
തീരെ ചെറിയ പ്രായത്തിലേ അനാവശ്യ ലോകശ്രദ്ധയ്ക്കും ജഡ്ജ്മെന്റിനും ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്ക് വളര്‍ന്നു വരുമ്പോള്‍ ഉല്‍ക്കണ്ഠയടക്കമുള്ള വ്യക്തിത്വ പ്രശ്നങ്ങള്‍ നേരിടുന്നു.
സൈബര്‍ സുരക്ഷിതത്വം ഇന്നും മിഥ്യയായി തുടരുമ്പോള്‍ കുഞ്ഞുങ്ങളുടെ വിഡിയോ ഗുരുതരമായ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഒട്ടനവധി സംഭവങ്ങളെക്കുറിച്ചും ഈ പഠനങ്ങളില്‍ എടുത്തു പറയുന്നുണ്ട്.
ബാലവേല ലോകമെമ്പാടും നിരോധിക്കപ്പെട്ടതാണെങ്കിലും ഫാമിലി വ്ലോഗിങ് പണമുണ്ടാക്കാന്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണത തിരിച്ചുകൊണ്ടുവരികയാണെന്നാണ് എല്ലാ പഠനങ്ങളും എടുത്തു പറയുന്നത്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കുട്ടികളെ വ്ലോഗിങിനുപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടു വരുന്ന നിയമങ്ങള്‍ തയാറാവുകയാണ്. ഇലിനോയിസ് സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ നിയമം വന്നുകഴിഞ്ഞു.
പണമുണ്ടാക്കാനുള്ള വ്ലോഗിങ് അല്ലെങ്കില്‍ പോലും കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഫോട്ടോകളും അടിക്കടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത് പാരന്റിങ് അല്ല ഷെയറന്റിങ് ആണെന്നാണ് മനഃശാസ്ത്രവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കുഞ്ഞുങ്ങള്‍ നമ്മുടെ പ്രോപ്പര്‍ട്ടിയോ ഉപകരണങ്ങളോ അല്ല. നമ്മുടെ കുഞ്ഞുങ്ങളാണെങ്കിലും അവരും സ്വതന്ത്രവ്യക്തികളാണ്. ഫാമിലി വ്ലോഗിങ് എന്ന പേരില്‍ അവരുടെ കുഞ്ഞുജീവിതം ലോകത്തിനു മുന്നില്‍ തുറന്നു കൊടുക്കുന്നത് തീര്‍ത്തും അധാര്‍മികവും അനുചിതവുമാണ്. ലക്കും ലഗാനുമില്ലാത്ത ഡിജിറ്റല്‍ ലോകത്ത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും ഉത്തരവാദിത്തവും രക്ഷാകര്‍ത്താക്കള്‍ എങ്കിലും ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പഠനങ്ങള്‍ അവസാനിക്കുന്നത്.
ENGLISH SUMMARY:
New studies reveal that family vlogging can severely impact children's growth, development, and mental health. Learn about the risks and ethical concerns of using kids in content creation.