ഗർഭധാരണത്തിനായി തയ്യാറെടുക്കുന്ന കാര്യം വരുമ്പോൾ ആളുകൾ പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തിന് മാത്രമാണ് മുൻഗണന നൽകുന്നത്. എന്നാൽ, എല്ലാ വന്ധ്യതാ കേസുകളിലും സ്ത്രീകളെപ്പോലെ തന്നെ ഏകദേശം 40 മുതൽ 50 ശതമാനം ഘടകങ്ങൾ പുരുഷന്മാരിൽ നിന്നും സംഭവിക്കുയന്നതാണെന്ന വിഷയം ആളുകൾ പൊതുവെ പരിഗണിക്കാറില്ല.
കുഞ്ഞ് ജനിക്കുന്നതിന് കൃത്യം 90 ദിവസങ്ങൾക്ക് മുമ്പ് തന്നെ പുരുഷന്മാർ തങ്ങളുടെ ജീവിത ശൈലിയിൽ വരുത്തേണ്ട ചില സുപ്രധാന മാറ്റങ്ങൾ ഉണ്ട്. ഒരു ആരോഗ്യവാനായ കുഞ്ഞിന്‍റെ ജനനത്തിന് അത് എത്രത്തോളം മുതൽക്കൂട്ടാകുമെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
ഒരു പുരുഷ ശരീരത്തിൽ ബീജം ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. പുതിയ ബീജങ്ങൾ രൂപപ്പെടാനും അവ പൂർണ്ണ വളർച്ചയെത്താനും ഏകദേശം 3 മാസം അഥവാ 90 ദിവസത്തെ സമയമെടുക്കുന്നുണ്ട്. അതിനാലാണ് ഈ കാലയളവിന് വലിയ പ്രാധാന്യമുണ്ട് എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ പുരുഷന്മാർ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ ബീജത്തിന്‍റെ ഗുണനിലവാരം, ചലനശേഷി, ഘടന എന്നിവയെ നേരിട്ട് സ്വാധീനിക്കുകയും, അത് വഴി ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഭാവിയിൽ കുഞ്ഞിന് ഉണ്ടായേക്കാവുന്ന ജനിതക വൈകല്യങ്ങളെ ഇല്ലാതാക്കുക പോലും ചെയ്യുന്നു.
ഇതിനായി പ്രധാനമായും അഞ്ച് കാര്യങ്ങളാണ് പുരുഷന്മാർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി സിങ്ക്, ഫോളേറ്റ്, ആന്‍റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഇലക്കറികൾ, നട്സ്, പഴങ്ങൾ, ഒമേഗ-3 അടങ്ങിയ മീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അതേസമയം തന്നെ ജങ്ക് ഫുഡുകൾ പൂർണ്ണമായും ഒഴിവാക്കുകയും വേണം. രണ്ടാമതായി ബീജത്തിന്റെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന മദ്യപാനത്തോടും പുകവലിയോടും ഈ 90 ദിവസങ്ങളിൽ പൂർണ്ണമായും നോ പറയണം.
മൂന്നാമതായി, അമിതവണ്ണം ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നതിനാൽ മിതമായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്. പക്ഷെ, കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നത് ശരീര താപനില കൂട്ടി ബീജ ഉത്പാദനത്തെ ബാധിക്കാനുമിടയുണ്ട്. നാലാമതായി വൃഷണങ്ങളുടെ ഭാഗത്ത് അമിതമായി ചൂട് ഏൽക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്നതിനാൽ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. മാത്രമല്ല, ലാപ്ടോപ്പുകൾ മടിയിൽ വെച്ച് ഉപയോഗിക്കാതിരിക്കാനും ചൂടുവെള്ളത്തിലെ കുളി നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
അവസാനമായി, വിട്ടുമാറാത്ത മാനസിക സമ്മർദം ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്‍റെ അളവ് കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ മെഡിറ്റേഷനും, കൃത്യമായ ഉറക്കവും ശീലമാക്കി മനസ്സിനെ ശാന്തമാക്കേണ്ടതും പ്രധാനമാണ്. ചുരുക്കത്തിൽ, അമ്മയുടെ ഗർഭപാത്രത്തിൽ ഒരു ജീവൻ തുടിക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ അച്ഛന്‍റെ ശരീരത്തിൽ അതിനായുള്ള തയ്യാറെടുപ്പുകൾ വരണമെന്ന തിരിച്ചറിവ് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ദമ്പതികളെ സഹായിക്കും.