couple

കല്ല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും ഒരുമുറിയിൽ ഉറങ്ങിയില്ലെങ്കിൽ ബന്ധം തകരുമെന്ന ധാരണയില്‍ ഒരു കഴമ്പുമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുഖമായ ഉറക്കം എങ്ങനെ വേണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അവനവൻ തന്നെയാണ്‌. 

ചിലര്‍ക്ക് ഉറങ്ങാന്‍ വിസ്തൃതമായ സ്ഥലം വേണം. പങ്കാളിക്ക്‌ സ്വസ്ഥമായി ഒന്നു തിരിഞ്ഞും മറിഞ്ഞും കിടക്കാൻപോലും സ്ഥലമുണ്ടാകില്ല. ചിലർക്ക്‌ ലൈറ്റ്‌ ഓഫാക്കിയാലേ ഉറക്കം വരൂ.. കൂടെയുള്ളയാൾക്ക്‌ ലൈറ്റിട്ട്‌ ഉറങ്ങുന്നതായിരിക്കും ഇഷ്ടം. അതുപോലെ തന്നെ ചിലർ വാതിലടച്ച് ഉറങ്ങാൻ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർക്ക് വാതിൽ തുറന്നിട്ട്‌ ഉറങ്ങാനാണിഷ്ടം... കിടക്കയിൽ ഓമനമൃഗങ്ങളെ ചേർത്തുപിടിച്ചുറങ്ങാനാണിഷ്ടമുള്ളവരുണ്ട്‌ അവരുടെ പങ്കാളിക്ക്‌ അതിഷ്ടമേ ആയിരിക്കില്ല. കൂടെക്കിടക്കുന്നവരുടെ മുകളിൽ കൈയോ, കാലോ ഉയർത്തിവച്ചാലേ ഉറക്കം കിട്ടൂ എന്നുള്ളവരുമുണ്ട്‌ ഒറ്റക്ക്‌ കിടന്നാലെ ഉറക്കംകിട്ടൂ എന്നുള്ളവരുമുണ്ട്‌.... കൂർക്കംവലിയുടെ കാര്യം പിന്നെ പറയണ്ടല്ലോ.. 

ഇതൊന്നും യഥാർത്ഥത്തിൽ പ്രശ്‌നങ്ങളല്ല, താൽപര്യങ്ങളാണ്‌. ഇത്‌ മനസിലാക്കി പരസ്പര ബഹുമാനത്തോടെ ചർച്ച ചെയ്ത്‌ രണ്ട് മുറിയിലായി ഉറങ്ങുന്ന പുതിയ കാലത്തിന്‍റെ രീതിയാണ്‌ "സ്ലീപ് ഡിവോഴ്സ്'. വിവാഹത്തിന്‍റെ തുടക്കകാലത്ത് ഒരുമിച്ച് ഉറങ്ങുന്നത് സുരക്ഷയും സാന്ത്വനവുമൊക്കെയായി അനുഭവപ്പെട്ടിരുന്നെങ്കിലും മുന്നോട്ട് പോകുമ്പോൾ ആ തോന്നലിൽ മാറ്റമുണ്ടായി വെവ്വേറെ ഉറങ്ങാൻ തീരുമാനിച്ച ദമ്പതികളുണ്ടെന്ന് 2016ൽ ക്രോണോബയോളജി ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഹിൽട്ടണിന്‍റെ 2025 ട്രെൻഡ്‌സ് റിപ്പോർട്ട് അനുസരിച്ച്‌ കൂടുതലാളുകളുകളും അഭിപ്രായപ്പെടുന്നത്‌ പരമ്പരാഗതമായി പിന്തുടരുന്ന, ഒരുമിച്ചുള്ള ഉറക്കത്തേക്കാൾ നല്ലത്‌ ഉറക്കത്തിനും പേഴ്സണൽ സ്പേസിനും അവസരം നൽകുന്ന സ്ലീപ് ഡിവോഴ്‌സാണെന്നാണ്.

 ഒരു വ്യക്തിയുടെ ഉറക്കത്തിന്‍റെ ഗുണനിലവാരത്തിന്‍റെ 30 ശതമാനത്തോളം പങ്കാളിയുടെ ഉറക്ക ശീലങ്ങളെ ബാധിക്കാമെന്നും കൂർക്കംവലി, സ്ലീപ് അപ്നിയ, വ്യത്യസ്ത ശരീര താപനിലകൾ, പൊരുത്തപ്പെടാത്ത ഉറക്ക സമയക്രമങ്ങൾ എന്നിവ വിശ്രമത്തെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും സ്ലീപ്പ് റിസർച്ച് സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. വെവ്വേറെ മുറികളിൽ അപ്രതീക്ഷിതമായി ഉറങ്ങിത്തുടങ്ങിയതോടെ മാനസികമായും നല്ല മാറ്റമുണ്ടായെന്നും ഉറക്കം ശരിയായപ്പോൾ ദേഷ്യം കുറഞ്ഞെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. അപ്രതീക്ഷിതമായി വേറെ മുറിയിൽ ഉറങ്ങിയപ്പോഴാണ് ഇത്തരം മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്നും ഇപ്പോൾ പതിവായി അങ്ങനെ ചെയ്യുന്നതുകൊണ്ട് ജീവിതത്തിൽ നല്ല മാറ്റമുണ്ടെന്നും പറഞ്ഞു കൊണ്ട് സ്ലീപ് ഡിവോഴ്സ് പരീക്ഷിക്കുന്നവരുമുണ്ട്. അമിത പ്രതീക്ഷകൾക്ക് തിരശ്ശീലയിടാനും ഉറക്കം നന്നാക്കാനും ഇത് സഹായിച്ചിട്ടുണ്ടെന്ന് പറയുന്നവരും കുറവല്ല. ദമ്പതികൾ ഒരുമിച്ചുറങ്ങിയാലും വെവ്വേറെ ഉറങ്ങിയാലും പ്രശ്നമൊന്നുമില്ലെന്നും എങ്ങനെ കിടന്നാലും ഇരുവർക്കും നല്ല ഉറക്കം കിട്ടുന്നുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ENGLISH SUMMARY:

Sleep divorce is when couples choose to sleep in separate beds or rooms to improve their individual sleep quality. Studies suggest it can lead to better rest and improved relationships by addressing differing sleep habits and personal space needs.