baby-diaper

TOPICS COVERED

ഓമനത്വമുള്ള ഒരു കുഞ്ഞിനെ കയ്യിലെടുക്കുന്നു. കുഞ്ഞിനെ കൊഞ്ചിക്കുന്നു. കുഞ്ഞ് ചിരിക്കുന്നു. പെട്ടെന്ന് ആ കുഞ്ഞ് മുഖത്ത് നിന്ന് അസ്വസ്ഥത പ്രകടമാകുന്നു. കുഞ്ഞ് എന്തോ ബുദ്ധിമുട്ടുള്ള പോലെ നമ്മുടെ മുഖത്തേക്ക് നോക്കുന്നു. നമ്മുടെ കയ്യില്‍ ഇളംചൂടുള്ള ഒരു ദ്രാവകം പടരുന്നതായി അനുഭവപ്പെടുന്നു. അദ്ഭുതപ്പെടേണ്ട. കുഞ്ഞ് നമ്മുടെ ശരീരത്തില്‍ മൂത്രമൊഴിച്ചതോ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിസര്‍ജിച്ചതോ ആവാം.... തമാശ അല്ലേ.... ഈയൊരു അവസ്ഥ നാമെല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചു കാണും. ഇതിന് നല്ലൊരു പരിഹാരമെന്ന രീതിയില്‍ വന്ന വിപ്ലവകരമായ കണ്ടെത്തലാണ് ഡയപ്പര്‍. കുഞ്ഞിനെ ഒരു ഡയപ്പര്‍ ഇടീച്ചാല്‍ മൂത്രമാണെങ്കിലും മലമാണെങ്കിലും ഡയപ്പറിലെ സോഡിയം പോളിയക്രിലേറ്റ് എന്ന ഘടകം വലിച്ചെടുത്തോളും. ഡയപ്പറിട്ടാല്‍ എല്ലാം സ്വസ്ഥം എന്നാണ് ചിലരുടെ വിചാരം. എന്നാല്‍ പൊതുവെ അപകടകാരിയല്ലാത്ത ഡയപ്പറും അപകടകാരിയായേക്കാം... 

മണിക്കൂറുകളോളം കുഞ്ഞിനെ ഒരേ ഡയപ്പര്‍ ഇടീക്കുന്നത് ആണ് പ്രധാന അപകടങ്ങളിലൊന്ന്. കുഞ്ഞുങ്ങള്‍ എല്ലായിപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ഒരു പരിധി കഴിഞ്ഞാല്‍ ഡയപ്പറിന് ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവ് നഷ്ട്ടപ്പെടും. നനയുന്ന ഡയപ്പര്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ ഉരയുകയും കുഞ്ഞിന്‍റെ മൃദുലമായ തൊലിയില്‍ മുറിവുകള്‍ ഉണ്ടാവുകയും ചെയ്തേക്കാം. ഇത് കൂടാതെ നനവ് ഫംഗസും ബാക്റ്റീരിയയും വളരുന്നതിന് കാരണമാണ് ഇത് കുഞ്ഞിന് അപകടകരമായേക്കാനുള്ള സാധ്യത ഏറെയാണ്. യീസ്റ്റ്, സ്റ്റെഫ് ബാക്ടീരിയ എന്നിവ കുതിര്‍ന്ന ഡയപ്പറുകളില്‍ സ്ഥിരമായി കാണപ്പെടുന്ന സുക്ഷ്മജീവികളാണ്. ഇവ ഈര്‍പ്പവും ചൂടും ഉള്ള പ്രതലങ്ങളിലാണ് വന്‍തോതില്‍ കാണപ്പെടാറുള്ളത്. ഇത് കൂടാതെ ചില ഭക്ഷണഘടകങ്ങള്‍ കുഞ്ഞിന്‍റെ ശരീരത്തിലെത്തി പിന്നീട് വിസര്‍ജ്യമായി ഡയപ്പറിലേക്കെത്തുമ്പോള്‍ ഇത് ഡയപ്പറിലെ രാസഘടകങ്ങളുമായി പ്രവര്‍ത്തിച്ച് കുഞ്ഞിന്‍റെ ശരീരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. 

വളരെ അപൂര്‍വമായി ചില കുഞ്ഞുങ്ങളുടെ ത്വക്ക് സെന്‍സിറ്റീവ് (സൂക്ഷ്മ സംവേദനക്ഷമതയുള്ളത്) ആയിരിക്കും. ഇത്തരം ത്വക്ക് ഉള്ള കുഞ്ഞുങ്ങള്‍ക്ക് ഡയപ്പറിലെ ഘടകങ്ങള്‍ പ്രശ്നമായേക്കാം. ഡയപ്പറുകളിലെ പ്രധാന ഘടകമായ സോഡിയം പോളിഅക്രിലേറ്റ് ചില കുഞ്ഞുങ്ങളുടെ ത്വക്കിന് പ്രശ്നമായേക്കാം. ചില ഡയപ്പറുകളില്‍ നിര്‍മാണഘട്ടത്തില്‍ ഉപയോഗിക്കുന്ന പോളിഅക്രിലിക് അരോമാറ്റിക്ക് ഹൈഡ്രോകാര്‍ബണ്‍സ് വളര്‍ച്ചയ്ക്ക് പ്രശ്നമായേക്കാവുന്ന ഘടകങ്ങള്‍, പ്രതിരോധശേഷി കുറയ്ക്കുന്ന ഘടകങ്ങള്‍ എന്നിവയടക്കം കാന്‍സര്‍ പോലുള്ള ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ചില ഡയപ്പറുകളില്‍ ലെഡ്, ചെമ്പ് എന്നീ ലോഹങ്ങളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട് ഇത് കൂടാതെ മനുഷ്യന് അളവില്‍ കവിഞ്ഞാല്‍ പ്രശ്നമായ ആര്‍സെനിക്കും ചില ഡയപ്പറുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ലോഹങ്ങളുടെ സാനിധ്യം കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കും എന്നതില്‍ പഠനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെല്ലാം കൂടാതെ ചില ഡയപ്പറുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തുക്കളും നിറത്തിനായി ഉപയോഗിക്കുന്ന ചായങ്ങളും കുഞ്ഞുങ്ങള്‍ക്ക് അപകടകരമായേക്കാം.

ഇവയെല്ലാം കൂടാതെ കുഞ്ഞുങ്ങളെ കൃത്യമായ വിസര്‍ജന രീതികള്‍ പഠിപ്പിക്കുന്നതില്‍ ഡയപ്പറുകള്‍ കാലതാമസമുണ്ടാക്കുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വലിച്ചെറിയുന്ന ഡയപ്പറുകള്‍ പരിസ്ഥിതിക്കും ഗുരുതര ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നുണ്ട്.

എന്താണ് പ്രതിരോധം? 

കുഞ്ഞുങ്ങള്‍ വിസര്‍ജിച്ചെന്ന് കണ്ടെത്തിയാല്‍ ഉടന്‍ ഡയപ്പര്‍ മാറ്റുക. ഡയപ്പറിന് കുറഞ്ഞ നനവേ ഉള്ളു എന്നത് ഇനിയും കുറേ നേരം ഇടാം എന്ന നിലയ്ക്കെടുക്കരുത്. കുഞ്ഞിന്‍റെ അടിഭാഗം എപ്പോഴും തുടച്ച് ഉണക്കി വൃത്തിയായി സൂക്ഷിക്കണം.  നേരിട്ട് വലിച്ചെറിയുന്നതിന് പകരം കൃത്യമായ  സംസ്കരണത്തിന് അനുയോജ്യമായ രീതിയില്‍ ഡയപ്പര്‍ ഒഴിവാക്കുക. 

ഡയപ്പര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ നോക്കി വേണം ഡയപ്പര്‍ വാങ്ങാന്‍. ഈ ബ്രാന്‍റ് കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ഡോക്ടറോട് ചോദിച്ചറിഞ്ഞ് വേണം ഡയപ്പര്‍ വാങ്ങാന്‍.

ഇക്കാലത്ത് അനുയോജ്യമല്ലെങ്കിലും ശുദ്ധമായ തുണി കുഞ്ഞുങ്ങളുടെ വിസര്‍ജ്യപ്രശ്നത്തിന് പലപ്പോഴും ഡയപ്പറുകളെക്കാള്‍ നല്ലതാണ്. അനവശ്യമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കണം. 

കുഞ്ഞുങ്ങള്‍ നിസഹായരാണ് അറിയാതെ പോലും കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാകതെ നോക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ കരുതല്‍ കൂടുതലാകുന്നത് പ്രശ്നമല്ല. 

ENGLISH SUMMARY:

The article discusses the pros and cons of using disposable diapers for babies. While diapers are a convenient solution for managing a baby's waste, prolonged use of a wet diaper can lead to skin irritation, rashes, and infections due to the growth of bacteria and fungi. Some diapers may also contain harmful chemicals, heavy metals, and fragrances that could be detrimental to a baby's health. The article emphasizes the importance of changing diapers frequently, ensuring proper hygiene, and considering eco-friendly alternatives.