കാൽവേദനയുണ്ടോ? പലരും ഈ പ്രശ്നത്തെ വളരെ നിസാരമായാണ് കാണാറുള്ളത്. കൂടുതൽ സമയം നിൽക്കുന്നതുകൊണ്ടോ യോജിക്കാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നതുകൊണ്ടോ അമിതമായ അധ്വാനം മൂലമോ ഉണ്ടാകുന്ന താൽക്കാലിക പ്രശ്നമായാണ് പലരും കാൽവേദനയെ കാണുന്നത്. വിശ്രമിക്കുമ്പോൾ ചില സാഹചര്യങ്ങളിൽ വേദന കുറയുമെങ്കിലും വിട്ടുമാറാത്ത വേദന അവഗണിക്കരുത്. ഇതിന് പല കാരണങ്ങളുണ്ടാകാം.
വൈദ്യസഹായം തേടേണ്ട മൂന്ന് തരത്തിലുള്ള കാൽ-കണങ്കാൽ വേദനകൾ
1. വേദനയുള്ള ബനിയനുകൾ (Bunions) അവഗണിക്കരുത്
വൈദ്യശാസ്ത്രപരമായി ‘ഹാലക്സ് വാൽഗസ്’ (Hallux valgus) എന്നറിയപ്പെടുന്ന അവസ്ഥയാണ് ബനിയൻ. ഇതിൽ തള്ളവിരൽ ക്രമേണ രണ്ടാമത്തെ വിരലിലേക്ക് വളയുകയും കാലിന്‍റെ വശത്തുള്ള അസ്ഥി പുറത്തേക്ക് തള്ളിനിൽക്കുകയും ചെയ്യുന്നു. പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാം. ഇടുങ്ങിയതോ ഹൈഹീൽ ഉള്ളതോ ആയ പാദരക്ഷകൾ ഉപയോഗിക്കുന്നത് ഇത് വഷളാക്കാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
തള്ളവിരലിന്‍റെ സന്ധിക്ക് ചുറ്റുമുള്ള വേദനയും തൊടുമ്പോഴുള്ള അസ്വസ്ഥതയും വീക്കവും ചുവപ്പുനിറവുcമാണ് പ്രധാന ലക്ഷണം. ആ ഭാഗത്തെ ചർമ്മം കട്ടിയാകുന്നത്, ചില തരത്തിലുള്ള ചെരിപ്പുകൾ ധരിക്കാനുള്ള ബുദ്ധിമുട്ട്, നിൽക്കാനും നടക്കാനുമുള്ള പ്രയാസം, തള്ളവിരൽ അടുത്ത വിരലിന് മുകളിലേക്ക് കയറുകയോ അതിൽ അമരുകയോ ചെയ്യുന്നതുമെല്ലാം തുടര്‍ ലക്ഷണങ്ങളായി വരാം.
വൈകല്യം കൂടുന്തോറും ശരീരഭാരം കാൽപ്പാദത്തിൽ തുല്യമായി അനുഭവപ്പെടതാത അവസ്ഥ വരും. ഇത് മറ്റ് ഭാഗങ്ങളിൽ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. ചികിത്സിക്കാതിരുന്നാൽ നടക്കാൻ ബുദ്ധിമുട്ടും മറ്റ് കാൽപ്പാദ പ്രശ്നങ്ങളും ഉണ്ടാകാം.
എന്താണ് പരിഹാരം
തുടക്കത്തിൽ മുൻഭാഗത്ത് കൂടുതൽ വ്യാപ്തമുള്ള സുഖപ്രദമായ ചെരിപ്പുകൾ ധരിക്കുക, അമിതമായ അധ്വാനം കുറയ്ക്കുക, അനുയോജ്യമായ ഇൻസോളുകൾ ഉപയോഗിക്കുക. ശസ്ത്രക്രിയയല്ലാത്ത ചികിത്സകളിലൂടെ ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ മാത്രമേ സാധാരണയായി ശസ്ത്രക്രിയ പരിഗണിക്കാറുള്ളൂ. ബനിയനുകൾക്ക് എല്ലായ്പ്പോഴും ശസ്ത്രക്രിയ ആവശ്യമില്ല. എന്നാൽ വേദനയുള്ളതോ വഷളായിക്കൊണ്ടിരിക്കുന്നതോ ആയ ബനിയനുകൾ സഹിച്ചുകൊണ്ടിരിക്കാതെ ഡോക്ടറെ കാണേണ്ടതാണ്.
2. കാൽപ്പാദത്തിന്‍റെ മുകളിലോ വശങ്ങളിലോ ഉണ്ടാകുന്ന വേദന
കാൽപ്പാദത്തിന്‍റെ മുകളിലോ വശങ്ങളിലോ ഉണ്ടാകുന്ന വേദനയ്ക്ക് പല കാരണങ്ങളുണ്ടാകാം. ഞരമ്പിലെ പ്രശ്നങ്ങൾ, സ്ട്രെസ് ഫ്രാക്ചറുകൾ, സന്ധിവീക്കം, ബോൺ സ്പർ, വാതം, പെട്ടെന്നുണ്ടാകുന്ന പരിക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പെട്ടെന്ന് ശാരീരിക അധ്വാനം വർധിപ്പിച്ചതിന് ശേഷമാണ് വേദന തുടങ്ങിയതെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഓട്ടം, നടത്തം, കായിക വിനോദങ്ങൾ തുടങ്ങിയവ പെട്ടെന്ന് വർധിപ്പിക്കുന്നത് അസ്ഥികളിലും പേശികളിലും അധിക സമ്മർദം ഉണ്ടാക്കാം.
എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?
നടക്കുമ്പോഴോ നിൽക്കുമ്പോഴോ വേദന കൂടുക, വീക്കമോ കറുത്ത പാടുകളോ കാണപ്പെടുക, വിശ്രമിച്ചിട്ടും വേദന തുടരുക, കാലിൽ ഭാരം കൊടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, വ്യായാമത്തിന് ശേഷം വേദന വീണ്ടും വരിക, അസ്ഥിയുടെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് തൊടുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്.
ഉദാഹരണത്തിന്, സ്ട്രെസ് ഫ്രാക്ചർ മൂലമുണ്ടാകുന്ന വേദനയും വീക്കവും നടക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ വഷളാകാം. ഇടുങ്ങിയതോ കൃത്യമായ സപ്പോർട്ട് ഇല്ലാത്തതോ ആയ ചെരിപ്പുകൾ ധരിക്കുന്നതും കാൽവേദനയ്ക്ക് കാരണമാകാം. വേദന അവഗണിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കാം. വേദന കഠിനമോ വീണ്ടും വരുന്നതോ നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആണെങ്കിൽ എക്സ്-റേ അല്ലെങ്കിൽ മറ്റ് പരിശോധനകൾ ആവശ്യമാണോ എന്ന് ഓർത്തോപീഡിക് അല്ലെങ്കിൽ ഫൂട്ട് ആൻഡ് ആങ്കിൾ സ്പെഷ്യലിസ്റ്റിന് നിർണയിക്കാനാകും.
3. രാവിലെ ആദ്യ ചുവടുകളിൽ അനുഭവപ്പെടുന്ന കഠിനമായ കാൽവേദന
രാവിലെ എഴുന്നേറ്റ് ആദ്യമായി നടക്കുമ്പോൾ ഉപ്പൂറ്റിയിലോ കാൽപ്പാദത്തിന്റെ വളവിലോ അനുഭവപ്പെടുന്ന കഠിനമായ കുത്തുന്ന വേദന സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. ഇത് പ്ലാന്റാർ ഫാസിയൈറ്റിസ് (Plantar fasciitis) അല്ലെങ്കിൽ പ്ലാന്റാർ ഹീൽ പെയ്ൻ (Plantar heel pain) എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാം. കാൽപ്പാദത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ശക്തമായ കണക്റ്റീവ് ടിഷ്യുവാണ് പ്ലാന്റാർ ഫാസിയ. ഇത് കാൽപ്പാദത്തിന്റെ വളവിനെ താങ്ങിനിർത്താനും നിൽക്കുമ്പോഴും നടക്കുമ്പോഴും ഉണ്ടാകുന്ന സമ്മർദം താങ്ങാനും സഹായിക്കുന്നു.
പ്രധാന ലക്ഷണങ്ങൾ:
ഉപ്പൂറ്റിക്ക് താഴെ ഉണ്ടാകുന്ന കഠിനമായ വേദന.കാൽപ്പാദത്തിന്റെ വളവിൽ ഉണ്ടാകുന്ന വേദന. രാവിലെ ഉറക്കമുണർന്ന് വയ്ക്കുന്ന ആദ്യ ചുവടുകളിൽ ഉണ്ടാകുന്ന കഠിനമായ വേദന. ഏറെ നേരം ഇരുന്ന ശേഷം എഴുന്നേറ്റ് നടക്കുമ്പോഴുള്ള വേദന. കുറച്ചുനടക്കുമ്പോൾ വേദന കുറയുകയും കൂടുതൽ സമയം നിൽക്കുമ്പോഴോ നടക്കുമ്പോഴോ വീണ്ടും വഷളാകുകയും ചെയ്യുക.
പെട്ടെന്ന് അധ്വാനം കൂട്ടുന്നത്, കൂടുതൽ സമയം നിൽക്കുന്നത്, സപ്പോർട്ട് ഇല്ലാത്ത ചെരിപ്പുകൾ ഉപയോഗിക്കുന്നത്, കാൽപേശികളിലെ മുറുക്കം, അമിതവണ്ണം എന്നിവ പ്ലാന്റാർ ഹീൽ പെയ്ൻ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കാം.
എപ്പോഴാണ് കാൽവേദനയ്ക്ക് ഡോക്ടറെ കാണേണ്ടത്?
എല്ലാ കാൽവേദനകൾക്കും ഉടൻ വൈദ്യസഹായം ആവശ്യമായി വരണമെന്നില്ല. എന്നാൽ വേദന കഠിനമാവുകയോ ക്രമേണ വഷളാവുകയോ ചെയ്യുക, കാലിൽ ഭാരം കൊടുക്കാനോ നടക്കാനോ കഴിയാതെ വരിക, കാര്യമായ വീക്കമോ കറുത്ത പാടുകളോ ഉണ്ടാകുക, പരുക്കിന് ശേഷം കാൽപ്പാദത്തിന് രൂപമാറ്റം സംഭവിക്കുക, പരുക്കേൽക്കുമ്പോൾ ശബ്ദം കേൾക്കുക, കാൽപ്പാദത്തിൽ തരിപ്പോ മരവിപ്പോ അനുഭവപ്പെടുക, വേദന വീണ്ടും വീണ്ടും വരിക, സ്വയം പരിചരണം നടത്തിയിട്ടും വേദന കുറയാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ഡോക്ടറെ കാണണം.പ്രമേഹമുള്ളവർക്ക് പുതിയതായി കാൽവേദന അനുഭവപ്പെട്ടാലും വൈദ്യസഹായം തേടുന്നത് ഉചിതമാണ്. പരുക്കിന് ശേഷം നടക്കാൻ കഴിയാത്തത്ര കഠിനമായ വേദന, കാൽപ്പാദത്തിന് രൂപമാറ്റം, അല്ലെങ്കിൽ പരുക്കേൽക്കുമ്പോൾ ശബ്ദം കേൾക്കൽ എന്നിവ അസ്ഥി ഒടിയുന്നതിന്റെയോ ഗുരുതരമായ പരിക്കിന്റെയോ ലക്ഷണങ്ങളാകാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടണം.
കാൽപ്പാദവും കണങ്കാലും സംരക്ഷിക്കാനുള്ള ലളിതമായ വഴികൾ
മുൻകരുതലുകൾ ദൈനംദിന ശീലങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. കൃത്യമായ അളവിലുള്ളതും കുഷ്യനിങ്ങും പാദത്തിന് ആവശ്യമായ സപ്പോർട്ടും നൽകുന്നതുമായ ചെരിപ്പുകൾ തിരഞ്ഞെടുക്കുക. വിരലുകൾ ഞെരുങ്ങുന്നതോ ആവശ്യമായ സപ്പോർട്ട് ഇല്ലാത്തതോ ആയ ചെരിപ്പുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന്‍റെ തീവ്രത പെട്ടെന്ന് കൂട്ടാതെ ക്രമേണ വർധിപ്പിക്കുക. കാലിന്റെയും ഉപ്പൂറ്റിയുടെയും പേശികൾ സ്ഥിരമായി സ്ട്രെച്ച് ചെയ്യുക. വേദനയുള്ളപ്പോൾ കൂടുതൽ സമയം നിൽക്കുന്നതും കഠിനമായ വ്യായാമങ്ങളും ഒഴിവാക്കുക. കാലുകളിൽ ഉണ്ടാകുന്ന അമിത സമ്മർദം കുറയ്ക്കാൻ ശരീരഭാരം നിയന്ത്രിക്കുക. തേയ്മാനം സംഭവിച്ച സ്പോർട്സ് ഷൂസുകൾ മാറ്റുകയും വേണം.
വിശ്രമിക്കുമ്പോൾ വേദന താൽക്കാലികമായി കുറയുന്നു എന്നതുകൊണ്ട് മാത്രം വിട്ടുമാറാത്ത വേദന അവഗണിക്കരുത്. വയസ്സാകുന്നതിന്റെയോ ശാരീരികമായി അധ്വാനിക്കുന്നതിന്റെയോ ഭാഗമാണ് കാൽവേദന എന്ന് കരുതി എല്ലായ്പ്പൊഴും തള്ളിക്കളയുകയും ചെയ്യരുത്. വേദനാജനകമായ ബനിയനുകൾ, കാൽപ്പാദത്തിന്റെ മുകളിലോ വശങ്ങളിലോ ഉള്ള വിട്ടുമാറാത്ത വേദന, രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കഠിനമായ ഉപ്പൂറ്റിവേദന എന്നിവ ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങളാണ്.
നടത്തത്തെയും വ്യായാമത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും വേദന ബാധിക്കുന്നതിന് മുമ്പുതന്നെ യഥാർഥ കാരണം കണ്ടെത്താനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും പരിശോധന സഹായിക്കും. കാൽവേദനയുടെ കാരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാം. അതിനാൽ സ്വയം ചികിത്സ നടത്തുന്നതിന് പകരം വിദഗ്ധനായ ഡോക്ടറെ കണ്ട് പരിശോധിക്കുന്നതാണ് ഉചിതം.