astermedicity

TOPICS COVERED

1500 കിലോമീറ്റര്‍ അകലെയിരുന്ന് ടെലി റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ വിദൂര റോബോട്ടിക് കണക‌്ഷനിലൂടെ സുരക്ഷതിമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. കേരളത്തിലെ ആദ്യ ടെലി റോബോട്ടിക് യൂറോളജി ശസ്ത്രക്രിയയാണിത്. പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയായ 'റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി'ക്കാണ് (ആർഎആർപി) രോഗിയെ വിധേയമാക്കിയത്. 

കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന കൊല്ലം സ്വദേശിയായ 70 വയസുകാരനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി യൂറോ ഓങ്കോളജി & ട്രാൻസ്പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ. കിഷോറാണ് ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. 'മെറിൽ മിസ്സോ റോബോട്ട്' ഉപയോഗിച്ചാണ് രണ്ട് മണിക്കൂർ നീണ്ട ഈ ശസ്ത്രക്രിയ നടത്തിയത്. വേഗത്തില്‍ സുഖംപ്രാപിച്ച രോഗിയെ മൂന്ന് ദിവസംകൊണ്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 

 ദീർഘദൂര ടെലിസർജറി രംഗത്തെ നിർണായക ചുവടുവയ്പാണിതെന്നാണ് വിലയിരുത്തല്‍. സ്ഥലപരിമിതി ബാധിക്കാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും അത്യാധുനിക ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുമെന്ന സാധ്യതയ്ക്കാണ് വഴിതുറന്നത്. വിദഗ്ദ്ധ സർജന്മാർക്ക് തത്സമയ സഹായവും മെന്ററിങ്ങും അടിയന്തിര ഇടപെടലുകളും ആഗോളതലത്തിൽ എവിടെയും നൽകാനാകും. 

വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത ഉൾനാടൻ പ്രദേശങ്ങൾ, ദ്വീപുകൾ, സൈനിക മേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവടങ്ങളിലേക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം എത്തിക്കാൻ ഈ സാങ്കേതിക മുന്നേറ്റത്തിന് സാധിക്കും. സർജൻ ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികൾക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയ തെളിയിക്കുന്നതായും ഡോ. ടി.എ.കിഷോർ  പറഞ്ഞു.

ENGLISH SUMMARY:

Tele robotic urology surgery was successfully completed by Kochi Aster Medicity, marking a significant advancement in remote medical procedures. This groundbreaking surgery, performed from 1500 kilometers away, highlights the potential of technology to overcome geographical barriers in healthcare.