soubhagya-venkitesh-weight-loss

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ പുത്തൻ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ച സൗഭാഗ്യ തന്റെ വെയ്റ്റ് ലോസ് ജേർണിയെ കുറിച്ച് തുറന്നു പറയുകയും ചെയ്തതോടെ ഒസെംപിക് കുത്തിവെപ്പ് വീണ്ടും ചർച്ചയാവുകയാണ് 

എന്താണ് ഒസെംപിക്?

ഒസെംപിക് എന്നത് സെമഗ്ലൂട്ടൈഡ് എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ്. GLP-1 റിസപ്റ്റർ അഗോണിസ്റ്റ് എന്നറിയപ്പെടുന്ന മരുന്ന് വിഭാഗത്തിന്റെ ഭാഗമാണിത്. ഇത് ആദ്യം വികസിപ്പിച്ചത് ടൈപ്പ്-2 പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായാണ്. എന്നാൽ വിശപ്പ് കുറയ്ക്കുകയും വിശപ്പ് വീണ്ടും തോന്നുന്നതിന്റെ വേഗം മന്ദഗതിയിലാക്കുകയും ചെയ്യുന്നതിനാൽ ശരീരഭാരം കുറയാനും ഇത് സഹായിക്കുമെന്ന് പിന്നീട് പഠനങ്ങൾ കണ്ടെത്തി.അതോടെയാണ് ഒസംപിക് വ്യാപകമായി ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കും ഉപയോഗിക്കാൻ തുടങ്ങിയത്.

ഒസെംപിക് എങ്ങനെ പ്രവർത്തിക്കുന്നു?

GLP-1 മസ്തിഷ്കത്തിലെ ഹൈപ്പോതാലമസ് ഉൾപ്പെടെയുള്ള വിശപ്പിനെ നിയന്ത്രിക്കുന്ന ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വിശപ്പ് കുറയുകയും, ചെറിയ അളവിൽ ഭക്ഷണം കഴിച്ചാലും വയർ നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഭക്ഷണത്തോടുള്ള അമിത ആഗ്രഹം കുറയാനും ഇത് സഹായിക്കും. സാധാരണ ഭക്ഷണം കഴിച്ചാൽ ആമാശയത്തിൽ നിന്ന് അത് ചെറുകുടലിലേക്ക് വേഗത്തിൽ നീങ്ങും. GLP-1 മരുന്നുകൾ ഈ പ്രക്രിയ മന്ദഗതിയിലാക്കുന്നതിനാലാണ് വിശപ്പ് കുറയുന്നത് .ഒപ്പം ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കുകയും  കരൾ ഉൽപ്പാദിപ്പിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നത് വഴി  രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനാകും.

പാർശ്വഫലങ്ങൾ എന്തെല്ലാം?

ഒസെംപിക് സുരക്ഷിതവും താരതമ്യേന പാർശ്വഫലങ്ങൾ കുറവുമാണെന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോഴും മറുവാദങ്ങളും സജീവമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഛർദ്ദി, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് പ്രധാനമായി കാണപ്പെടുന്ന പ്രശ്നങ്ങൾ. വിശപ്പില്ലായ്മയുടെ ഫലമായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതോടെ ശരീരത്തിൽ വിവിധ പോഷകങ്ങളുടെ അഭാവത്തിനും ഇത് ഇടയാക്കുന്നു. അപൂർവ്വമായി ചിലരിൽ പാൻക്രിയാറ്റൈറ്റിസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മരുന്ന് ആർക്കൊക്കെ?

അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം എന്നിവ ഉള്ളവർക്കാണ് ഇത്തരം ചികിത്സ സാധാരണയായി പരിഗണിക്കുന്നത്. വെറും സൗന്ദര്യപരമായ കാരണങ്ങൾ കൊണ്ട് മാത്രം ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നില്ല.

ഒസെംപിക് ഉപയോഗം പ്രമുഖരായ പലരും പരസ്യമാക്കിയതോടെയാണ് സാധാരണക്കാർക്കിടയിലും മരുന്നിന് പ്രചാരമേറിയത്. അമിതവണ്ണം നിയന്ത്രിക്കാൻ കഴിയുന്ന അത്ഭുതമരുന്നെന്ന രീതിയിലാണ് സോഷ്യൽ  മീഡിയ ഉൾപ്പടെ ഒസെംപികിനെ അവതരിപ്പിക്കുന്നത്. എന്നാൽ കൃത്യമായ  മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രമെ ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളു എന്നത് ഓർക്കണം.

ENGLISH SUMMARY:

Social media influencer Saubhagya Venkatesh's recent weight loss transformation has sparked widespread online discussions, leading to renewed interest in the use of the drug 'Ozempic' for weight management. While some speculate about her methods, the drug, originally developed for Type-2 diabetes, has gained notoriety for its appetite-suppressing effects. However, medical experts warn that Ozempic carries significant side effects—such as digestive issues and potential risks of pancreatitis—and should only be used under strict medical supervision for specific health conditions, not for cosmetic weight loss.