വര്‍ക്ക്ഔട്ട് ചിത്രത്തിനൊപ്പം തന്റെ ഫിറ്റ്നസ് കാഴ്ചപ്പാടുകളും പങ്കുവച്ച് ഗായിക റിമി ടോമി. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് നിമിഷങ്ങള്‍ക്കകം വൈറലായി. ശരീരഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ നിരന്തരമായ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് താരം തന്റെ ഫിറ്റ്നസ് കാഴ്ചപ്പാടുകള്‍ പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമൊരു ലക്ഷ്യമാക്കാതെ, കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിമി കുറിച്ചു.
കഴിഞ്ഞ 8 വർഷമായി തന്റെ ശരീരഭാരത്തില്‍ വലിയ ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണെന്നും, ജീവിതത്തിലെ തിരക്കുകളും യാത്രകളും കാരണം ചെറിയ മാറ്റങ്ങള്‍ വളരെ സ്വാഭാവികമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വെയിങ് മെഷീനിലെ അക്കങ്ങൾ മാത്രം നോക്കി ഫിറ്റ്നസ് വിലയിരുത്തുന്നത് ശരിയല്ലെന്നും കുറിപ്പിൽ താരം ഓർമ്മിപ്പിക്കുന്നു.
പരുക്കുകൾ, തിരക്കേറിയ സംഗീത പരിപാടികൾ, യാത്രകൾ, വ്യായാമ മുറകളിലെ ഇടവേളകൾ എന്നിവ ശരീരഭാരത്തിൽ ചെറിയ മാറ്റങ്ങളുണ്ടാക്കാറുണ്ടെങ്കിലും, വീണ്ടും പഴയ ദിനചര്യയിലേക്ക് മടങ്ങിയെത്തി അത് പഴയതുപോലെ തന്നെ ക്രമീകരിക്കുകയാണ് പതിവെന്നും താരം പറയുന്നു. ഓരോ ദിവസം കഴിയുന്നതനുസരിച്ച് മെലിഞ്ഞു വരികയാണല്ലോ എന്നുള്ള കമന്റുകള്‍ ധാരാളം കാണാറുണ്ടെന്നും എന്നാല്‍ താന്‍ ബോധപൂര്‍വം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറില്ലെന്നും റിമി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
'സ്ട്രെങ്ത് ട്രെയിനിങ്' ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനൊപ്പം പേശീബലം വർദ്ധിക്കുമെന്നും, അതിനാൽ വെയിംഗ് മെഷീനിലെ കണക്ക് കൂടുന്നത് കൊഴുപ്പ് കൂടുന്നതായി കണക്കാക്കാനാകില്ലെന്നും റിമി വിശദീകരിക്കുന്നു. മെലിഞ്ഞിരിക്കുകയോ കുറഞ്ഞ സംഖ്യ കാണിക്കുകയോ എന്നതിലുപരി കരുത്ത് വർദ്ധിപ്പിക്കുക, പേശികളെ സംരക്ഷിക്കുക, സ്റ്റാമിന മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. പ്രത്യേകിച്ചും 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സ്വയം പരിപാലിക്കുന്നതിൽ സ്ട്രെങ്ത് ട്രെയിനിങ് വളരെ പ്രധാനമാണെന്ന് കുറിപ്പില്‍ വ്യക്തമാക്കി.
ജിമ്മിൽ പോയി ഭാരങ്ങൾ ഉയർത്തുന്നതോടൊപ്പം ഇഷ്ടമുള്ള ഏത് ശാരീരിക പ്രവർത്തനങ്ങളിലൂടെയും ശരീരം ചലനാത്മകമായി നിലനിർത്താൻ സാധിക്കുമെന്നും കുറിപ്പിൽ പറയുന്നു. പുരോഗതിയെ വെറും അക്കങ്ങൾ കൊണ്ട് മാത്രം വിലയിരുത്തുന്നത് അവസാനിപ്പിച്ച്, ശരീരത്തിന്റെ കരുത്തിലും ആരോഗ്യത്തിലും ആത്മവിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നമ്മുടെ ശരീരത്തിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തമാണെന്നും, കുറഞ്ഞ ഭാരമല്ല, വർഷങ്ങൾ കഴിയുന്തോറും കൂടുതൽ കരുത്തുള്ളവരും ആരോഗ്യവാന്മാരുമായി മാറുക എന്നതാണ് ലക്ഷ്യം. വെയിങ് മെഷീനിൽ കാണിക്കുന്ന അക്കങ്ങളുടെ പിറകെ പായരുത്, കരുത്ത് നേടൂ, ആരോഗ്യത്തെ സംരക്ഷിക്കൂ, നിങ്ങളുടെ ഈ യാത്രയെ സ്നേഹിക്കുക ആഹ്വാനം ചെയ്തുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.