Image: Dr Anoop, Manorama
നിപ ബാധിച്ച കോഴിക്കോട് ഫറോഖ് സ്വദേശിയായ 43കാരന്‍ അതിഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2018ല്‍ കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ആദ്യമായി ഭീതിയിലാഴ്ത്തിയ നിപബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത് ചെറിയൊരാശങ്കയോടെ തന്നെയാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. 2018ല്‍ നിപ സ്ഥിരീകരിച്ച ഡോ. അനൂപ് തന്നെയാണ് ഇത്തവണ കോഴിക്കോട് സ്വദേശിയില്‍ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ വൈറസിനെ നിലവില്‍ വലിയ തോതില്‍ ഭയക്കേണ്ടതില്ലെങ്കിലും ഏത് ഘട്ടത്തിലും ഒരു നിപ എക്സ് ഔട്ട്ബ്രേക്ക് വന്നേക്കാമെന്ന സൂചന നല്‍കുകയാണ് ഡോക്ടര്‍. ഡബ്ല്ല്യുഎച്ച്ഒയും നിപ ഗവേഷക സംഘവും ഈ ഒരു ഭീതിയിലാണെന്നും മുന്‍കരുതലെന്ന രീതിയില്‍ നിപ വാക്സീന്‍ തയാറായെന്നും ഡോക്ടര്‍ അനൂപ് പറയുന്നു. മനോരമന്യൂസ് ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് നാലാംതവണയാണ് ഡോക്ടര്‍ അനൂപ് നിപരോഗം കണ്ടെത്തുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലക്ഷണങ്ങളോടെയാണ് ഇത്തവണ ഫറോഖ് സ്വദേശി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ പനിപോലും ഈ 43കാരനുണ്ടായിരുന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ മാസം 30ന് ചെറിയ രീതിയില്‍ പനി തോന്നിയെങ്കിലും അന്നുതന്നെ ഭേദമായി.
Image: FILE,Manorama
പിന്നീട് കടുത്ത ക്ഷീണം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യം മറ്റൊരു ആശുപത്രിയില്‍ നിന്നും ചികിത്സ തേടി. പിന്നീട് ഓര്‍മക്കുറവ് ഉള്‍പ്പെടെ അനുഭവപ്പെട്ടതോടെയാണ് മിംസിലെത്തുന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച രോഗിയുടെ രക്തപരിശോധനകളില്‍ ഉണ്ടായ വ്യത്യാസവും എംആര്‍ഐ പരിശോധനയിലെ സവിശേഷമായ കണ്ടെത്തലുകളുമാണ് നിപയെന്ന സംശയത്തിലേക്ക് എത്തിക്കുന്നത്. പിന്നീട് കുടുംബവുമായി നിരന്തരം സംസാരിച്ച് സംശയങ്ങള്‍ ചോദിച്ചതോടെയാണ് ഗോഡൗണ്‍ വൃത്തിയാക്കിയ കാര്യവും വവ്വാലുകളുടെ സാന്നിധ്യവും സംശയിക്കാന്‍ സാഹചര്യമൊരുക്കിയത്.
എന്തുകൊണ്ട് നിപ വീണ്ടും കോഴിക്കോട്?
എന്തുകൊണ്ടാണ് കോഴിക്കോട് തന്നെ നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. എന്നാല്‍ നിപയെ നന്നായി അറിയാവുന്ന, നിപയെക്കുറിച്ച് പഠനം നടത്തുന്ന ഒരു കൂട്ടം ഡോക്ടര്‍മാരുടെ സാന്നിധ്യം മാത്രമാണ് ഇതിനു കാരണമെന്നാണ് ഡോക്ടര്‍ അനൂപ് പറയുന്നത്. ഫറോഖിലെ 43കാരന്‍ തന്നെ മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഒരുപക്ഷേ ഒരു സാധാരണ രോഗിയെപ്പോലെ തന്നെ കണക്കാക്കപ്പെട്ടേക്കാം.
Image: FILE,Manorama
കോഴിക്കോട് നിപ സംശയിക്കപ്പെടുന്നുവെന്നതും അത് പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെടുന്നു എന്നതുമാണ് ഇവിടെ സംഭവിക്കുന്നത്, മുന്‍പുണ്ടായിരുന്ന അനുഭവങ്ങളും നിപയെക്കുറിച്ച് അറിയുന്ന ഡോക്ടര്‍മാരുടെ സാന്നിധ്യവുമാണ് എളുപ്പം രോഗസ്ഥിരീകരണത്തിലേക്ക് എത്തിക്കുന്നത്. അല്ലാതെ നിപയ്ക്ക് കോഴിക്കോടുമായി പ്രത്യേക ബന്ധമോ, അവിടെ മാത്രം ഒതുങ്ങുന്നതോ അല്ലെന്നും ഡോക്ടര്‍ പറയുന്നു.
നിപയുമായി ബന്ധപ്പെട്ട രാജ്യാന്തര മീറ്റിങ്ങുകളിലെല്ലാം ഡോക്ടര്‍ പങ്കെടുക്കാറുണ്ട്. ഈ മീറ്റിങ്ങുകള്‍ക്കിടെ ബോധ്യപ്പെട്ട കാര്യങ്ങളും ഡോ അനൂപ് മനോരമ ന്യൂസുമായി പങ്കുവച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലുള്ള വിദഗ്ധരുമായി സംസാരിക്കുമ്പോള്‍ മനസിലാകുന്നത് അവരാരും നിപയെ കേരളത്തെപ്പോലെ വിശദമായി നിരീക്ഷിക്കാറില്ലെന്നതാണ്. അത്ര വിരളമായ രോഗമല്ല നിപയെന്നും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതാണെന്നും ഡോക്ടര്‍ പറയുന്നു. മറ്റു രാജ്യങ്ങളിലെല്ലാം വലിയൊരു ഔട്ട്ബ്രേക്ക് വന്നാല്‍ മാത്രമാണ് ആ രോഗത്തെക്കുറിച്ച് കൂടുതല്‍ ഗൗരവത്തോടെ ശ്രദ്ധിക്കുന്നത്. കുറേ പേര്‍ക്ക് ഒന്നിച്ച് രോഗം വന്നാല്‍ മാത്രം ശ്രദ്ധിക്കും, ഒരുകേസിലൊക്കെ ഇത്രയും വിശദമായി ഡയഗ്നോസ് നടത്തുന്നത് കേരളത്തില്‍ മാത്രമാണെന്നും ഡോക്ടര്‍ പറയുന്നു.
Image: FILE,Manorama
2018ലെ ആദ്യ അനുഭവം
2018ല്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യത്തെ നിപ കേസ് ഡോ. അനൂപ് കണ്ടെത്തുന്നത്. ഉള്ളിയേരി സ്വദേശിയായ ഡോക്ടര്‍ക്ക്, പേരാമ്പ്രയിലെ രോഗിയുടെ കുടുംബവുമായി പരിചയമുള്ളതിനാലാണ് കൂടുതല്‍ ഇടപെട്ടത്. മൂന്നു പേരെ ഒന്നിച്ച് ഒരേ ലക്ഷണങ്ങളോടെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിവന്നതും മുന്‍പൊരു കുടുംബാംഗം മരിച്ചതും അന്നുവരെ അറിയാത്ത രോഗത്തെക്കുറിച്ച് ചിന്തിക്കാന്‍ സാഹചര്യമൊരുക്കി.
അന്ന് എന്‍ഐവി(National institute of Virology)യുമായി ആക്സസ് ഒന്നുമുണ്ടായിരുന്നില്ല. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ അവിടേയ്ക്കാണ് 2018ല്‍ സാംപിള്‍ പരിശോധനയ്ക്കയച്ചത്, അതും രാത്രി 10ന് ബൈസ്റ്റാന്‍ഡറുടെ കൈവശം സാധാരണ ബസിലാണ് സാംപിള്‍ അയച്ചത്. ഇന്നാണെങ്കില്‍ മിംസ് ആശുപത്രിയില്‍ തന്നെ പ്രാഥമിക പരിശോധന നടത്താം, മെഡി.കോളജില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റീ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്താം, അതേ ദിവസം തന്നെ എയര്‍ ട്രാന്‍സ്പോര്‍ട്ട് നടത്തി ബാക്കി പരിശോധനകള്‍ക്കായി അടുത്ത മണിക്കൂറില്‍ മണിപ്പാലിലെത്തിക്കാമെന്നും ഡോക്ടര്‍ പറയുന്നു.
പിന്നീട് 2019ല്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഒരു വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചു. 2021ലും 2024ലും പിന്നീടുണ്ടായി. 2024ല്‍ കോഴിക്കോട്ട് മരിച്ച രോഗിയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെ സ്പെസിമനില്‍ സംശയം തോന്നിയ സര്‍ജനാണ് നിപബാധയുടെ സാധ്യത ഉന്നയിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും ഇത്രയും സൂക്ഷ്മമായി നിപ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല.
നിപ രോഗത്തിനു പിന്നാലെ...
2018ല്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ മിംസില്‍ ജോലി ചെയ്യുമ്പോഴുമാണ് ഡോ അനൂപ് രോഗികളില്‍ നിപ രോഗം സ്ഥിരീകരിക്കുന്നത്. അന്നുമുതല്‍ നിപ രോഗത്തിനു പിന്നാലെയുണ്ട് ഡോ.അനൂപ്. ലോകാരോഗ്യ സംഘടനയുടേയും ഇതുമായി ബന്ധപ്പെട്ട മറ്റു ഇന്റ്‍നാഷണല്‍ ഫോറമുകളിലും അംഗമാണ്. നിപയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ വാക്സീന്‍ റിസര്‍ച്ച് ഗ്രൂപില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാളാണ് ഡോ. അനൂപ്. നിപയ്ക്കെതിരായ വാക്സീന്‍ തയാറായി കഴിഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ട അവസാന വട്ട ചര്‍ച്ചകള്‍ അടുത്ത മാസം കാഠ്മണ്ഡുവില്‍ നടക്കുമെന്നും അദ്ദേഹം പറയുന്നു.
നിപ എക്സ് വരുമോ?
നിപ നിലവില്‍ രണ്ടു വകഭേദങ്ങളാണ് ഉള്ളത്. ബംഗ്ലദേശ് വകഭേദവും മലേഷ്യന്‍ വകഭേദവും. ബംഗ്ലദേശ് വകഭേദത്തിന് പരിവര്‍ത്തനം സംഭവിച്ചാണ് ഇന്ത്യന്‍ വകഭേദം ഉണ്ടായത്. മലേഷ്യന്‍ വകഭേദത്തിന് പിന്നില്‍ പന്നികളായിരുന്നു. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നത് ആയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ വകഭേദത്തിന് വ്യാപന സാധ്യത കുറവായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. അതേസമയം ഒരു നിപ എക്സിനെ ഏത് നിമിഷം വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന തോന്നലിലാണ് രാജ്യാന്തര ഗവേഷക സംഘങ്ങളെന്നും ഡോക്ടര്‍ പറയുന്നു.
എബോളയെപ്പോലെയും കോവിഡ് 19 പോലെയുമുള്ള ഒരു ഔട്ട്ബ്രേക്ക് നിപയിലുമുണ്ടായേക്കാമെന്ന നിരീക്ഷണത്തിന്‍റെ ഭാഗമായാണ് നിലവില്‍ വാക്സീന്‍ വികസനം ഉള്‍പ്പെടെ നടത്തുന്നത്. എബോളയ്ക്ക് 40ശതമാനമാണ് മരണനിരക്കെങ്കില്‍ നിപ എക്സിന് 70–80ശതമാനമായേക്കാമെന്നും ഡോക്ടര്‍ പറയുന്നു. തലച്ചോറിന് സ്ഥിരമായ നാശമുണ്ടാക്കുന്നതും മറ്റ് അവയവങ്ങളില്‍ അണുബാധയ്ക്കും ചിലപ്പോഴെങ്കിലും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുമാണ് നിപ രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്നത്. താന്‍ കണ്ട 10 രോഗികളില്‍ എട്ട് പേരും മരണത്തിന് കീഴടങ്ങിയ സാഹചര്യം തന്നെയാണ് ഈ രോഗത്തിന്റെ ഗുരുതരമായ സാഹചര്യമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.